This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണപ്പണിക്കര്‍, കാവുങ്കല്‍ (1891 - 1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണപ്പണിക്കര്‍, കാവുങ്കല്‍ (1891 - 1921)

പ്രസിദ്ധനായ കഥകളി നടന്‍. കാവുങ്കല്‍ കുഞ്ഞികൃഷ്ണപ്പണിക്കരുടെ സഹോദരീപുത്രനാണ് നാരായണപ്പണിക്കര്‍. ശങ്കരപ്പണിക്കരുടെ കീഴില്‍ അഭ്യസിച്ചു. കളിയോഗത്തില്‍ കുട്ടിത്തരം കെട്ടിത്തുടങ്ങിയിരുന്ന നാരായണനു സ്മാര്‍ത്തവിചാര(നോ: സ്മാര്‍ത്തവിചാരം)മുണ്ടായകാലത്ത് പതിമൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. കളിയോഗം നടത്താനാളില്ലാതായപ്പോള്‍ സ്കൂള്‍ പഠിപ്പ് തുടങ്ങി. എട്ടാംതരം പാസ്സായി. തുടര്‍ന്ന് ഒരു വക്കീല്‍ ഗുമസ്തനായി ഉപജീവനം കഴിച്ചിരുന്ന കാലത്ത് ചില ബന്ധുക്കളും സ്നേഹിതന്മാരും ഒരു കളിവട്ടം നടത്തുവാന്‍ ഇദ്ദേഹത്തെ ഉത്സാഹിപ്പിച്ചു. ആ കളിവട്ടം ഏതാനും മാസം നടത്തിയപ്പോള്‍ കഥകളിരംഗത്ത് അഭികാമ്യമായ ഒരു ഭാവി തനിക്കുണ്ടെന്ന് ഇദ്ദേഹത്തിന് ബോധ്യമായി.

കൊ.വ. 1092-ല്‍ കോന്തുണ്ണിപ്പണിക്കരുടെ കീഴിലും അടുത്തകൊല്ലം അപ്പുണ്ണിപ്പൊതുവാളിന്റെ കീഴിലും പരിശീലിച്ചു. 1918-21 കാലത്ത് ഇദ്ദേഹം നടത്തിയ കളിയോഗത്തിനു തെക്കേ മലബാറിലും കൊച്ചിശീമയിലും പ്രോത്സാഹനം ലഭിച്ചു. കാവുങ്കല്‍ പണിക്കര്‍മാരുടെ പാരമ്പര്യം ഇല്ലാതാകുമെന്ന് ഖേദിച്ചിരുന്ന കളിഭ്രാന്തന്മാര്‍ക്ക് ആശ്വാസമായി.

നല്ല മുഖവും രസവാസനയും പണിക്കര്‍ക്കുണ്ടായിരുന്നതുകൊണ്ട് ഇദ്ദേഹം ശങ്കരപ്പണിക്കരുടെ തുല്യനാവുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കീചകന്‍, ദുര്യോധനവധത്തില്‍ ദുര്യോധനന്‍, ശിശുപാലന്‍ മുതലായ കത്തിവേഷങ്ങള്‍ മെച്ചപ്പെട്ടവയായിരുന്നു. എന്നാല്‍ വിഖ്യാതനായപ്പോഴേക്കും കാവുങ്കല്‍ നാരായണപ്പണിക്കര്‍ മരണപ്പെട്ടു. 1096 മേടത്തില്‍ (1921) മുപ്പത് വയസ്സ് തികയുന്നതിനുമുമ്പായിരുന്നു അന്ത്യം. നോ: ശങ്കരപ്പണിക്കര്‍ കാവുങ്കല്‍, കഥകളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍