This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍, എം.ജി.എസ്. (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണന്‍, എം.ജി.എസ്. (1932 - )

ചരിത്രകാരനും അധ്യാപകനും. ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്രകാരനായ നാരായണന്‍, പ്രഭാഷകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. 2001-03 കാലയളവില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനായിരുന്നു. 1932 ആഗ. 20-ന് പൊന്നാനിയിലായിരുന്നു ജനനം. മുട്ടായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന ഇദ്ദേഹം എം.ജി.എസ്. എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. 1953-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും ചരിത്രപഠനത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തരബിരുദവും 1973-ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഗവേഷണബിരുദവും നേടി. 1965-ല്‍ കേരള സര്‍വകലാശാല പി.ജി. സെന്ററില്‍ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1968-ല്‍ കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിതമായതോടെ അവിടെ ലക്ചററായി ചേര്‍ന്ന ഇദ്ദേഹം വിരമിക്കുന്നതുവരെ ചരിത്രവിഭാഗം റീഡര്‍, പ്രൊഫസര്‍, വകുപ്പ് മേധാവി, ഡീന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

Image:M.g.s.Narayanan.png

മധ്യകാല കേരളസമൂഹത്തെക്കുറിച്ചുള്ള എം.ജി.എസ്. നാരായണന്റെ ചരിത്രപഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഇളംകുളം കുഞ്ഞന്‍പിള്ള തുടങ്ങിവച്ച ചരിത്രപഠനസമ്പ്രദായത്തെ കൂടുതല്‍ രീതിശാസ്ത്രനിബദ്ധമാക്കുന്നതില്‍ ഇദ്ദേഹം ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. മധ്യകാല കേരളത്തിലെ രാഷ്ട്രീയാധികാരത്തെ നിര്‍ണയിക്കുന്നതില്‍ സാമൂഹ്യ-സാമ്പത്തിക ഘടകങ്ങള്‍ പ്രമുഖ പങ്കുവഹിക്കുന്നുവെന്ന് എം.ജി.എസ്. സമര്‍ഥിക്കുന്നു. 9-ാം ശ. മുതല്‍ 12-ാം ശ. വരെ മഹോദയപുരം ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തെക്കുറിച്ചുള്ള പഠനം പ്രധാനകൃതിയാണ്. ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രജഥ ലിപികള്‍ വായിക്കുന്നതിലും ഇദ്ദേഹം വിദഗ്ധനാണ്. തന്റെ ചരിത്രഗവേഷണത്തിന്റെ ഭാഗമായി അനേകം പുരാലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചി(ഐ.സി.എച്ച്.ആര്‍.)ന്റെ പ്രഥമ മെമ്പര്‍ സെക്രട്ടറി (1992-94)യുമായിരുന്നു. ഇന്ത്യന്‍ ഹിസ്റ്ററി കള്‍ച്ചറല്‍ സൊസൈറ്റി, ദക്ഷിണേന്ത്യന്‍ ചരിത്രകോണ്‍ഗ്രസ്, എപ്പിഗ്രാഫിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യ, പ്ളെയ്സ് നെയിം സൊസൈറ്റി ഒഫ് ഇന്ത്യ എന്നിവയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജേര്‍ണല്‍ ഒഫ് ഇന്ത്യന്‍ ഹിസ്റ്ററി, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ എന്നിവയുടെ പത്രാധിപസമിതിയില്‍ അംഗമായ നാരായണന്‍ നിരവധി അന്താരാഷ്ട്ര ജേര്‍ണലുകളിലും സ്ഥിരമായി എഴുതുന്നുണ്ട്.

ഇന്ത്യാ ചരിത്രപരിചയം (1969), സാഹിത്യ അപരാധങ്ങള്‍ (1970), കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍(1971), കോഴിക്കോടിന്റെ കഥ (2001) സെക്യൂലര്‍ ജാതിയും സെക്യുലര്‍ മതവും (2001), ജനാധിപത്യവും കമ്യൂണിസവും (2004) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മലയാളത്തിലുള്ള കൃതികള്‍. മികച്ച ഗവേഷകനും അധ്യാപകനുമായിരുന്ന ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ കള്‍ച്ചറല്‍ സിംബയോസിസ് ഇന്‍ കേരള (1972), ആസ്പെക്ട്സ് ഒഫ് ആര്യനൈസേഷന്‍ ഇന്‍ കേരള (1973), റീ ഇന്റര്‍പ്രട്ടേഷന്‍സ് ഇന്‍ സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി (1977), ഫൌണ്ടേഷന്‍സ് ഒഫ് സൌത്ത് ഇന്ത്യന്‍ സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍ (1994), പെരുമാള്‍സ് ഒഫ് കേരള (1996) എന്നീ കൃതികളില്‍ സമാഹരിച്ചിട്ടുണ്ട്. ഓക്സ്ഫഡും കേംബ്രിഡ്ജും അടക്കം വിദേശത്തും ഇന്ത്യയിലുമുള്ള നിരവധി പ്രമുഖ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറാണ് എം.ജി.എസ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍