This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍പോറ്റി, ചെങ്ങാരപ്പള്ളി (1916 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണന്‍പോറ്റി, ചെങ്ങാരപ്പള്ളി (1916 - 93)

Image:Chengarapalli Narayananpotti.png

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. 1916 ഡി. 25-ന് ഹരിപ്പാടിനടുത്ത് കരുവാറ്റയില്‍ ജനിച്ചു. കരുവാറ്റ എന്‍.എസ്.എസ്. ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി.യും ചങ്ങനാശ്ശേരി എസ്.ഡി. കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്ന് ബി.എ. ഓണേഴ്സും എറണാകുളം ലാ കോളജില്‍ നിന്ന് നിയമബിരുദവും നേടി. ആര്‍ട്സ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും മണ്ണാറശ്ശാല ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ചു. ആര്‍.എസ്.പി. കേരള ഘടകത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു ചെങ്ങാരപ്പള്ളി. രണ്ടു തവണ തിരു-കൊച്ചി നിയമസഭയില്‍ ആര്‍.എസ്.പി. അംഗമായിരുന്നിട്ടുണ്ട്. ദേശബന്ധു, കേരളഭൂഷണം, മലയാളി എന്നിവയുടെ പത്രാധിപരായും വിശ്വവിജ്ഞാനകോശം, സര്‍വവിജ്ഞാനകോശം എന്നിവയില്‍ അസിസ്റ്റന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. കഥകളിയുടെ എല്ലാ വശങ്ങളെക്കുറിച്ചും തികഞ്ഞ പാണ്ഡിത്യമുണ്ട്. സാഹിത്യത്തിന്റെ വിവിധ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. മലയാളസാഹിത്യ സര്‍വസ്വം, ഉപസ്തരണം, കരുണ (ആട്ടക്കഥ), മൊറാര്‍ജിയുടെ കത്തുകള്‍, ഊര്‍മിള, മാര്‍ക്സിന്റെ മൂലധനം, ലെനിന്‍ കൃതികള്‍ (വിവര്‍ത്തനം), മാനവചരിത്രം, ഫെഡറല്‍ രാഷ്ട്രതന്ത്രം, ഭദ്രാസനപ്പള്ളിയിലെ കൊലപാതകം, ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകള്‍ എന്നിവയാണു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതികള്‍.

മലയാളസാഹിത്യസര്‍വസ്വം എന്ന വിഷയാധിഷ്ഠിത വിജ്ഞാനകോശത്തില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും സഹായകമായിട്ടുള്ള ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ പ്രധാനപ്പെട്ട കൃതികള്‍, പ്രധാന കഥാപാത്രങ്ങള്‍, സ്ഥാപനങ്ങള്‍, സാഹിത്യപ്രസ്ഥാനങ്ങള്‍, സാഹിത്യസ്വാധീനങ്ങള്‍ ഇങ്ങനെ ഒട്ടനവധി വിഷയങ്ങള്‍ക്ക് അകാരാദി ക്രമത്തില്‍ വിശദീകരണം നല്കിയിരിക്കുന്നു. ഡയറിക്കുറിപ്പുകളില്‍നിന്നും കേരളത്തിലെ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയരംഗങ്ങള്‍ 1940-കളിലും 50-കളിലും എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാം.

മേല്പറഞ്ഞവയ്ക്കു പുറമേ വിശ്വവിജ്ഞാനകോശത്തിലും സര്‍വവിജ്ഞാനകോശത്തിലുമായി അനേകം ലേഖനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അനായാസം കവിത എഴുതുകയും ചെയ്യുമായിരുന്നു ഇദ്ദേഹം. കഥകളി സംബന്ധമായി അനേകം പഠനങ്ങളും രചിച്ചിട്ടുണ്ട്. ഉദാത്തമായ ഭാഷാശൈലി ഉത്കൃഷ്ടമായ ആഖ്യാനരീതി, പ്രതിഭ, ക്രാന്തദര്‍ശിത്വം എന്നിവ ചെങ്ങാരപ്പള്ളിയുടെ കൃതികളില്‍ കാണാന്‍ കഴിയും.

1993 മേയ് 17-ന് ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍