This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍ നായര്‍, പാലാ (1911 - 2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണന്‍ നായര്‍, പാലാ (1911 - 2008)

മലയാള കവി. 1911 ഡി. 11-ന് ജനിച്ചു. അച്ഛന്‍: മീനച്ചില്‍ താലൂക്കിലെ പാലായില്‍ കീഴ്പ്പള്ളില്‍ ശങ്കരന്‍നായര്‍. അമ്മ: പുലിയന്നൂര്‍ പുത്തന്‍വീട്ടില്‍ പാര്‍വതിയമ്മ. സംസ്കാര സുരഭിലവും സാഹിത്യസുന്ദരവുമായ കവിതകളാല്‍ എഴുപതുകൊല്ലത്തോളം മലയാള സാഹിത്യലോകത്തു നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റേത്.

Image:Pala Narayanan Nair.png

പാലാ വി.എം. സ്കൂളില്‍ നിന്ന് മലയാളം ഏഴാം ക്ളാസ്സ് ജയിച്ചശേഷം പ്രൈവറ്റായി മലയാളം ഹയര്‍ (ഒന്‍പതാം ക്ലാസ്) പരീക്ഷ പാസായി. 1940-ല്‍ മലയാളം വിദ്വാന്‍ പരീക്ഷയും. 1952-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്റര്‍മീഡിയറ്റും 1954-ല്‍ തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റിയുടെ ബി.എ.യും 1956-ല്‍ എം.എ.യും പാസ്സായി. എം.എ.യ്ക്ക് ഫസ്റ്റ്ക്ലാസും റാങ്കും ഉണ്ടായിരുന്നു. 1964-ല്‍ ഇദ്ദേഹം ലിങ്ഗ്വിസ്റ്റിക്സില്‍ ഡിപ്ലോമയും എടുത്തു.

പിതാവു മരിച്ചതിനാല്‍ കുടുംബഭാരം മൂത്തപുത്രനായ നാരായണന്‍     നായര്‍ക്ക് ഏല്ക്കേണ്ടിവന്നു.    സാമ്പത്തിക ഞെരുക്കം മൂലം ബാങ്കില്‍ കണക്കെഴുത്തും ട്യൂഷന്‍     എടുക്കലും കൊണ്ടാണ് ഒരുവിധം നിത്യവൃത്തി കഴിച്ചുവന്നത്. 1937-ല്‍ പൂഞ്ഞാര്‍ എം.വി. ഹൈസ്കൂളില്‍ അധ്യാപകനായി. ജീവിതഭാരം കൂടിയതിനാല്‍ 1943-ല്‍ രണ്ടാംലോകമഹായുദ്ധകാലത്ത് അധ്യാപകവൃത്തി ഉപേക്ഷിച്ച് പട്ടാളത്തില്‍ ചേര്‍ന്നു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും മ്യാന്‍മറിലും നാലുകൊല്ലത്തോളം യുദ്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. അന്ന് ഇദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകളാണ് പില്ക്കാലത്ത് 1985-ല്‍ സമരമുഖത്ത് എന്ന പേരില്‍ ലേഖനരൂപത്തില്‍ ആത്മകഥയായി പ്രകാശിപ്പിച്ചത്. സൈനികസേവനത്തില്‍ നിന്നു വിരമിച്ച് പാലാ 1947-ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണവിഭാഗത്തിലെ ഉദ്യോഗസ്ഥനായി ചേര്‍ന്നു. ഇവിടെ പടിപ്പടിയായി ഉയര്‍ന്ന് 1965-ല്‍ അതിന്റെ തലവനായി 1967 ഒ. 31-ന് സര്‍വീസില്‍ നിന്നു വിരമിച്ചു. പിന്നീട് അദ്ദേഹം പാലാ അല്‍ഫോന്‍സാ വിമന്‍സ് കോളജ്, കൊട്ടിയം എന്‍.എസ്.എസ്. കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

1935-ലാണ് ആദ്യകവിതാസമാഹാരം-പൂക്കള്‍ പുറത്തുവന്നത്. കവിതാസമാഹാരങ്ങള്‍, ബാലസാഹിത്യകൃതികള്‍, അഭിനയഗാനങ്ങള്‍, കഥകള്‍, ആത്മകഥ എന്നിങ്ങനെ വിവിധ സാഹിതീശാഖകളില്‍ നാല്പത്തിമൂന്നോളം കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിര്‍ധനന്‍, അടിമ, പടക്കളം, നിര്‍വഹണമേഖല, ജീവിതകാഹളം, ബാഷ്പരംഗം, അന്ത്യപൂജ, ഓളങ്ങള്‍, കൈരളീ മുരളി, രാഗാലാപം, മനുഷ്യര്‍, മലനാട്, തുടങ്ങിയ കവിതകള്‍ ഭാരതസ്വാതന്ത്ര്യലബ്ധിക്കു മുമ്പ് എഴുതിയവയാണ്. കേരളം വളരുന്നു (10 ഭാഗങ്ങള്‍), പാലാഴി, പൗര്‍ണമി, മേഘസഞ്ചാരം, വിളക്കുകൊളുത്തൂ, പുലരി, സുന്ദരകാണ്ഡം, അമരജ്യോതി, സൂര്യഗായത്രി, അനന്തപുരി, അമൃതകല, ശ്രാവണഗീതം, അമൃതവര്‍ഷിണി മുതലായവ സ്വാതന്ത്യ്ര ലബ്ധിക്കുശേഷം എഴുതിയവയുമാണ്. ഗാന്ധിജിയുടെ ആത്മകഥയെ അവലംബമാക്കി ഗാന്ധിഭാരതം എന്ന ഖണ്ഡകാവ്യവും രചിച്ചു.

പാലായുടെ പ്രധാനപ്പെട്ട 112 കവിതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൌര്‍ണമി എന്ന കവിതാസമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്. ഉന്നതമായ സാംസ്കാരിക നിലവാരം, ദേശാഭിമാനം, കേരളത്തോടുള്ള കൂറ്, ആധ്യാത്മികതയില്‍ അടിയുറച്ച വിശ്വാസം, പ്രകൃതി പ്രേമം, സൌന്ദര്യാവിഷ്കരണം, ആകര്‍ഷകമായ ശൈലി, ശബ്ദഭംഗി, പദലാളിത്യം, ഗാനാത്മകത, പ്രസന്നത, ഉദ്ബോധനക്ഷമത, ശാസ്ത്രബോധം, ഔചിത്യബോധം, സംസ്കൃത വൃത്തത്തിലും ദ്രാവിഡവൃത്തത്തിലും തുല്യവൈദഗ്ധ്യത്തോടെ കവിതയെഴുതാനുള്ള കഴിവ് മുതലായ ഗുണവിശേഷങ്ങള്‍ പാലാ കവിതകളുടെ മാറ്റ് വര്‍ധിപ്പിക്കുന്നു.

കേരള സംസ്കാരത്തോടും കേരളത്തിന്റെ ഭൂപ്രകൃതിയോടും, ചരിത്രത്തോടും, കലകളോടും, കേരളജനതയോടും കവിക്കുള്ള അദമ്യമായ പ്രതിപത്തിയാണ് കേരളം വളരുന്നു എന്ന കവിതാ സമാഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഭാരതീയ സംസ്കാരത്തിന്റെയും സ്വന്തം നാടിന്റെ സംസ്കാരത്തിന്റെയും ഉജ്ജ്വലവക്താവായി ഇദ്ദേഹത്തെ പല കവിതകളിലും കാണാം. സമൂഹത്തില്‍ ഇന്നു സംഭവിച്ചിരിക്കുന്ന മൂല്യച്യുതി കവിയില്‍ നിരാശയും അമര്‍ഷവും ഉളവാക്കുന്നുണ്ട്. എങ്കിലും വിഷാദാത്മകനായ കവിയല്ല, പാലാ. തികച്ചും ശുഭാപ്തി വിശ്വാസിയാണ്. ജീവിതത്തില്‍ ഇത്രമാത്രം പ്രയാസങ്ങളും പ്രതിബന്ധങ്ങളും യാതനകളും അനുഭവിച്ചിട്ടുള്ള കവികള്‍ കുറയും. അവയോരോന്നും ആത്മധൈര്യം നല്കി പൂര്‍വാധികം കര്‍മനിരതനാകാന്‍ കവിയെ പ്രേരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ മനോഭാവം ഇദ്ദേഹം നേടിയെടുത്തത് ഉപനിഷത്തുകളില്‍ നിന്നും ഭഗവദ്ഗീതയില്‍ നിന്നുമാണ്. തമസോമാ ജ്യോതിര്‍ഗമയ, അഹം ബ്രഹ്മാസ്മി, കര്‍മണ്യേവാധികാരസ്തേ, ഭഗവത്ഗീത മുതലായ കവിതകള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. അടക്കാനാവാത്ത ധാര്‍മികരോഷവും ജനങ്ങള്‍ അവശ്യം അനുഷ്ഠിക്കേണ്ട സാമൂഹിക മര്യാദകളെക്കുറിച്ചുള്ള ഉദ്ബോധനവുമാണ് പാലായുടെ മിക്ക കവിതകളിലും പ്രതിഫലിക്കുന്നത്.

നിര്‍ധനന്‍ എന്ന ഖണ്ഡകാവ്യത്തില്‍ പാവങ്ങള്‍ക്കുവേണ്ടി പടവെട്ടുന്ന കവിയായി മാറുന്നു പാലാ. പുരോഗമന സ്വഭാവവും വിപ്ലവാത്മകതയും സ്ഫുരിക്കുന്ന ഇത്തരത്തിലുള്ള ധാരാളം കവനങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇങ്ങനെ വൈവിധ്യവും വൈചിത്ര്യവും കലരുന്ന ഒട്ടനവധി കവിതകളില്‍ക്കൂടി അറിവിന്റെയും അനുഭൂതിയുടെയും ചിന്തയുടെയും ഉദ്ബോധനത്തിന്റെയും വിശാലമായ ചക്രവാളം കവി തുറന്നിടുന്നു.

സാഹിത്യത്തോട് ബന്ധപ്പെട്ട അനവധി സംഘടനകളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ സെക്രട്ടറിയായി നിയമിതനായത് പാലായാണ്. 1957-ല്‍ സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാലായ്ക്കു ലഭിച്ചിട്ടുള്ള പുരസ്കാരങ്ങള്‍ നിരവധിയാണ്. കേന്ദ്രസര്‍ക്കാര്‍ സാഹിത്യകാരന്മാര്‍ക്ക് നല്‍കുന്ന ഗ്രാന്റ് ആദ്യമായി ലഭിച്ച ഇദ്ദേഹത്തിന് 'നാഷണല്‍ പൊയറ്റ്' എന്ന പദവിയും ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1975), മുലൂര്‍ അവാര്‍ഡ് (1975), ആദ്യത്തെ പുത്തേഴന്‍ അവാര്‍ഡ് (1976), ഭോപ്പാല്‍ സാഹിത്യ സമ്മേളനത്തിന്റെ 'ഭാരതഭാഷാഭൂഷണ്‍' ബഹുമതി (1978) ആശാന്‍ അവാര്‍ഡ് (1989) ആദ്യത്തെ വള്ളത്തോള്‍ സമ്മാനം (1991) എഴുത്തച്ഛന്‍ പുരസ്കാരം (2000) ഉള്ളൂര്‍ അവാര്‍ഡ് (2001) ചെന്നൈ ആസ്ഥാനമായുള്ള ആശാന്‍പുരസ്കാര അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ എം.പി. പോള്‍ പ്രൈസ്, ആള്‍ ഇന്ത്യാ റൈറ്റേഴ്സ് ഫാറത്തിന്റെ താമ്രപത്രം, സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമിയുടെ സാഹിത്യ പുരസ്കാരം എന്നിവയ്ക്കും പാലാ അര്‍ഹനായി.

2008 ജൂണില്‍ പാലാ നാരായണന്‍നായര്‍ അന്തരിച്ചു.

(പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍