This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, ബി.കെ. ഡോ. (1927 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായര്‍, ബി.കെ. ഡോ. (1927 - )

സസ്യശാസ്ത്രകാരനും ഗ്രന്ഥകാരനും. പൂര്‍ണനാമം: ബാലകൃഷ്ണന്‍ നായര്‍. 1927 സെപ്. 19-ന് കോട്ടയത്തിനടുത്തുള്ള അയ്മനത്തു ജനിച്ചു. പിതാവ്: മാതിരിപ്പിള്ളിയില്‍ വീട്ടില്‍ കേശവപ്പണിക്കര്‍, മാതാവ്: എം.കെ. കല്യാണി അമ്മ. അയ്മനത്തുള്ള പി.ജെ.എം. ഇംഗ്ലീഷ് മീഡിയം സ്കൂളിലും കോട്ടയം സി.എം.എസ്. ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1945-ല്‍ കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. 1947-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ഒരു വര്‍ഷം ഡോ. ടി.കെ. കോശിയുടെ കീഴില്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ട്യൂബര്‍ക്രോപ്പ് റിസര്‍ച്ച് സ്റ്റേഷനിന്‍ (ഇന്നത്തെ CTCRI) 'കണ്ണന്‍ ദേവന്‍ റിസര്‍ച്ച് ഫെല്ലോ' ആയി ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. 1950-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും എം.എസ്സി. ബിരുദം നേടിയശേഷം ആലപ്പുഴ എസ്.ഡി. കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. താമസിയാതെ ഗുവാഹത്തി സര്‍വകലാശാലയില്‍ ചേര്‍ന്ന് അധ്യാപനത്തോടൊപ്പം ഗവേഷണവും നടത്തിയ ബാലകൃഷ്ണന്‍നായര്‍ 'ഫൈലോജനറ്റിക് സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ ഫേണ്‍സ്' എന്ന വിഷയത്തെക്കുറിച്ചു പഠനം നടത്തി ഡി.ഫില്‍ ബിരുദം നേടി. തുടര്‍ന്ന് ലക്നൌ നാഷണല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ സയിന്റിഫിക് ഓഫീസറായ ഇദ്ദേഹം 1966-ല്‍ ഇവിടെത്തന്നെ 'ക്രിപ്റ്റോഗാമിക് ബോട്ടണി', 'ഇക്കണോമിക് ബോട്ടണി' എന്നീ ഗവേഷണ വിഭാഗങ്ങളുടെ തലവനായി. 1970-ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സസ്യശാസ്ത്ര വിഭാഗം പ്രൊഫസറായി.

16 മോണോഗ്രാഫുകളും 160-ല്‍പ്പരം ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പന്നല്‍ വര്‍ഗ (Pteridophytes) സസ്യങ്ങളുടെ വര്‍ഗീകരണവും പരിണാമവും രൂപതന്ത്രവും ആണ് പ്രധാനമായും ഇദ്ദേഹം തന്റെ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തിക പ്രധാന്യമുള്ള സസ്യങ്ങളെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ ഇന്ത്യയില്‍ ഇക്കണോമിക് ബോട്ടണി എന്ന ശാസ്ത്രശാഖ വിപുലീകരിക്കുവാന്‍ സഹായകമായി.

അസമിലെ ഖാസി, ജയന്റിയാ എന്നീ വനപ്രദേശങ്ങളിലും ഇതര വനങ്ങളിലും സഞ്ചരിച്ചു സസ്യശേഖരണം നടത്തിയ നായര്‍ അവിടെനിന്നും ശേഖരിച്ച സസ്യജാതികളെ നട്ടുവളര്‍ത്തി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വനങ്ങളില്‍ വളരുന്ന നിരവധി പന്നല്‍വര്‍ഗച്ചെടികളെ ഇദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി.

1883-ല്‍ ഇന്ത്യന്‍ ടെറിഡോഫൈറ്റുകളെക്കുറിച്ച് കേണല്‍ ആര്‍.എച്ച്. ബെഡ്ഡോം നടത്തിയ പഠനങ്ങളെ വിലയിരുത്തിക്കൊണ്ടും ബാലകൃഷ്ണന്‍ നായരുടെ നിഗമനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടും കമ്പാനിയന്‍ ടു ബെഡോസ് ഫേണ്‍സ് ഒഫ് ബ്രിട്ടീഷ് ഇന്ത്യ എന്ന കൃതി പ്രസിദ്ധപ്പെടുത്തി. ടെറിഡോഫൈറ്റു സ്പോറങ്ങളുടെ പഠനത്തില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള നാലായിരത്തോളം സ്പീഷീസിന്റെ ഗവേഷണവും പഠനവും ഉള്‍പ്പെടുത്തി. അന്തരീക്ഷത്തിലുള്ള സ്പോറങ്ങള്‍ നിര്‍ണയം ചെയ്ത് അലര്‍ജി രോഗങ്ങളായ ആസ്ത്മ, ഹേ ഫീവര്‍, ചൊറിഞ്ഞു തടിക്കല്‍ തുടങ്ങിയ രോഗങ്ങള്‍ക്കു സ്പോറങ്ങള്‍ കാരണമാകുന്നു എന്നു കണ്ടെത്തി.

പന്നല്‍വര്‍ഗച്ചെടികളുടെ സംവഹന ഘടനയെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ കരസസ്യങ്ങളുടെ പരിണാമത്തിനു നിദാനമായ സംഗതികളെ വെളിപ്പെടുത്തി. പന്നല്‍വര്‍ഗച്ചെടികളുടെ പുതിയൊരു വര്‍ഗീകരണം ആവിഷ്കരിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

സൈലന്റ് വാലി പ്രദേശങ്ങളില്‍ ഗവേഷകവിദ്യാര്‍ഥികള്‍ക്കൊപ്പം നിരവധിതവണ സസ്യശേഖരണം നടത്തിയ ഇദ്ദേഹം നിരവധി പുതിയ സസ്യങ്ങളെ കണ്ടെത്തി വിവരിക്കുകയും നട്ടുവളര്‍ത്തുകയും ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍