This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, എ.എസ്. (1936 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായര്‍, എ.എസ്. (1936 - 88)

Image:a.s. nair.png

കേരളീയ ചിത്രകാരന്‍. രേഖാചിത്രകാരന്‍ എന്ന രീതിയില്‍ ശ്രദ്ധേയന്‍. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള കാറല്‍മണ്ണ ഗ്രാമത്തില്‍ 1936 മേയ് മാസത്തില്‍ ജനിച്ചു. അത്തിപ്പറ്റ ശിവരാമന്‍നായര്‍ എന്നാണ് മുഴുവന്‍ പേര്. ചെറുപ്പത്തിലേ കടുത്ത ദാരിദ്യ്രത്തില്‍ മുത്തശ്ശിയുടെ സംരക്ഷണയില്‍ വളരുകയായിരുന്നു. കാറല്‍മണ്ണ യു.പി. സ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി ഹൈസ്കൂളില്‍ ചേര്‍ന്നുപഠിച്ച് എസ്.എസ്.എല്‍.സി. പാസ്സായി. കുട്ടിക്കാലത്തുതന്നെ വരയില്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ ചിത്രകലാപഠനത്തിന് അവസരമൊരുങ്ങിയത് പില്ക്കാലത്താണ്. അതിനിടെ കുറച്ചുകാലം ചെണ്ടകൊട്ടു പഠിച്ചു. പിന്നീട് മദിരാശിയില്‍ നിന്ന് ചിത്രകല പഠിച്ചുവന്ന തൃക്കിടീരി മനയിലെ വാസുദേവന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരം മദിരാശി സ്കൂള്‍ ഒഫ് ആര്‍ട്സില്‍ കെ.സി.എസ്. പണിക്കരുടെ കീഴില്‍ ചിത്രകലാഭ്യസനം നടത്തി. അവിടെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ കൃഷ്ണന്‍നായരുടെ സഹായവും കാര്യമായി ലഭിച്ചിരുന്നു.

പഠനം കഴിഞ്ഞ് മദിരാശിയില്‍നിന്നും ഇറങ്ങിയിരുന്ന പേശുംപടം എന്ന തമിഴ് സിനിമാ മാസികയില്‍ ചിത്രകാരനായി സേവനമനുഷ്ഠിച്ചു. പിന്നീട് കുറേക്കാലം ജയകേരളം മാസികയില്‍ പരസ്യജോലികള്‍ ചെയ്തുപോന്നു. 1961-ല്‍ എം.വി. ദേവന്റെ ഒഴിവില്‍ മാതൃഭൂമിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. അവിടത്തെ ചീഫ് ആര്‍ട്ടിസ്റ്റായാണ് വിരമിച്ചത്.

Image:nair.png

ജീവിതദുരന്തങ്ങള്‍ പലതിനിടയിലും കഴിയേണ്ടിവന്ന ഇദ്ദേഹം വരയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിലും വിവിധ പുസ്തകങ്ങളിലുമായി മലയാളത്തിലെയും ഇതര ഭാരതീയ ഭാഷകളിലെയും ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ദൃശ്യാവിഷ്കാരം നല്കിയ എ.എസ്., ഇന്ത്യന്‍ രേഖാചിത്രകാരന്മാരില്‍ മുന്‍നിരയില്‍ നില്ക്കുന്ന ആളാണ്. വൈവിധ്യപൂര്‍ണമായ ഒരു രേഖാപ്രപഞ്ചം സൃഷ്ടിച്ച ഇല്ലസ്ട്രേഷന്‍ രംഗത്തെ ഒരു പ്രതിഭാശാലിയായാണ് ഇദ്ദേഹത്തെ സാംസ്കാരികലോകം വിലയിരുത്തുന്നത്. കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ സ്വഭാവവുമനുസരിച്ച് ഇദ്ദേഹത്തിന്റെ രചനാശൈലി മാറിക്കൊണ്ടേയിരുന്നു.

എ.എസ്. രേഖകളുടെ കന്നിപ്പെരുമ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ ചിത്രീകരണത്തിലാണുള്ളത്. ലളിതാംബികാ അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയില്‍ നിഴലും വെളിച്ചവും ഇടകലര്‍ന്ന ഇല്ലത്തിനുള്ളിലെ മനുഷ്യരെ അവതരിപ്പിച്ചത് വാഷ് രീതിയിലായിരുന്നു. പദ്മരാജന്റെ പെരുവഴിയമ്പലത്തില്‍ പരുക്കന്‍ രൂപങ്ങള്‍ക്കിണങ്ങുന്ന കറുപ്പിന്റെ നിറഞ്ഞ സാന്നിധ്യമായിരുന്നു കാണാനായിരുന്നത്. പാരമ്പര്യ ഭാരതീയ ശില്പരീതിയും കേരളീയ ചുവര്‍ചിത്രശൈലിയും കോര്‍ത്തിണക്കിയ ഒരു ഇതിഹാസരീതിയാണ് യയാതിക്ക് സ്വീകരിച്ചത്. അത് എ.എസ്സിന്റെ മാസ്റ്റര്‍പീസ് വരകളായാണ് കണക്കാക്കപ്പെടുന്നത്.

Image:as 4.png

നിശ്ചലരേഖകള്‍ ചടുലതയോടെ താളാത്മകമായി കെട്ടുപിണഞ്ഞൊഴുകി പശ്ചാത്തലത്തില്‍ ലയിക്കുന്നത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പൊതുസ്വഭാവമാണ്. ത്രിമാനതയാണ് മറ്റൊരു പ്രത്യേകത. പശ്ചാത്തലത്തിലെ സമ്പന്നമായ ജൈവവൈവിധ്യം വിശാലമായ പ്രകൃതിയിലേക്കുള്ള ചിത്രകാരന്റെ ഉള്‍ക്കാഴ്ചകളായി വിലയിരുത്തപ്പെടുന്നു. കറുത്ത രേഖാരൂപങ്ങളില്‍ ബ്രഷ് ഉപയോഗിച്ച് ജലച്ചായ സങ്കേതത്തില്‍ വാഷ് ചെയ്തു നിഴല്‍ വരുത്തുന്ന ഒരു ശൈലി എ.എസ്. സ്വീകരിച്ചിരുന്നു. നേരിയ രേഖകളില്‍ ഗ്രേയുടെ സുതാര്യത ലയിച്ചുണ്ടാകുന്ന ലൈന്‍ കളര്‍ ഇല്ലസ്ട്രേഷനിലും ഇതേ രീതി കാണാം. കഥയ്ക്കിണങ്ങുന്ന ശൈലീമാറ്റം രചനകളില്‍ പ്രത്യക്ഷമായിരുന്നെങ്കിലും സ്ത്രീരൂപങ്ങളുടെ അനാട്ടമിയില്‍ സമാനതകള്‍ ദര്‍ശിക്കാം-പ്രത്യേകിച്ചും വിടര്‍ന്ന കണ്ണുകളുടെ ലാവണ്യത്തില്‍.

വര്‍ത്തമാനപ്രശ്നങ്ങള്‍ക്കുനേരെയുള്ള എ.എസ്സിന്റെ മുനവച്ച പരിഹാസധ്വനി വ്യത്യസ്തമാക്കിയ രണ്ടു കാര്‍ട്ടൂണ്‍ പരമ്പരകളാണ് 'അകവും പുറവും', 'വെള്ളിത്തിരയ്ക്കു വെളിയില്‍' എന്നിവ. നിരവധി ചിത്രകലാസംബന്ധിയായ ലേഖനങ്ങളും മരണം എന്ന നാടകവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

1988 ജൂണ്‍ 30-ന് ഇദ്ദേഹം അന്തരിച്ചു.

(ജെ.ആര്‍. പ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍