This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, എം.ആര്‍.ജി.കെ. (1922 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായര്‍, എം.ആര്‍.ജി.കെ. (1922 - 99)

എന്റമോളജിസ്റ്റ്. പൂര്‍ണനാമം: എം.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍. 1922 ഫെ. 21-ന് കോട്ടയം ജില്ലയിലെ മുട്ടമ്പലത്ത് ജനിച്ചു. കോട്ടയത്തായിരുന്നു പ്രാരംഭ വിദ്യാഭ്യാസം. തുടര്‍ന്നു ലക്നൗ സര്‍വകലാശാലയില്‍നിന്നും ജന്തുശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. അതിനുശേഷം ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഡോക്ടറേറ്റ് ബിരുദവും അസോഷ്യേറ്റ് സ്ഥാനവും കൈവരിച്ചു.

1945-ല്‍ കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായി. 1946-ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ എന്റമോളജി റിസര്‍ച്ച് ഒഫീസറായി ജോലിയില്‍ പ്രവേശിച്ചു. 1955-ല്‍ വെള്ളായണിയില്‍ ആരംഭിച്ച കാര്‍ഷികകോളജില്‍ എന്റമോളജി(കീടവിജ്ഞാനശാഖ)യില്‍ അധ്യാപകനായി ചേര്‍ന്നു; 1963-ല്‍ പ്രൊഫസര്‍ ആയി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ എന്റമോളജി വിഭാഗത്തെ പ്രശസ്തമാക്കിയത് ഇദ്ദേഹമാണ്. പരിസ്ഥിതി ശാസ്ത്രം, ടോക്സികോളജി, പാത്തോളജി, കീടനിയന്ത്രണം തുടങ്ങി നിരവധി ഗവേഷണശാഖകള്‍ ഇദ്ദേഹം ആരംഭിച്ചു. 1972 മുതല്‍ '75 വരെ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ ഡയറക്ടര്‍ ആയിരുന്നു. 1977-ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. പിന്നീട് രണ്ടു വര്‍ഷം എമിററ്റസ് സയന്റിസ്റ്റ് എന്ന നിലയില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ തുടര്‍ന്നു.

90 ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. ക്രോപ് പെസ്റ്റ്സ് ഒഫ് കേരള ആന്‍ഡ് ദെയര്‍ കണ്‍ട്രോള്‍, ഇന്‍സെക്റ്റ്സ് ആന്‍ഡ് മൈറ്റ്സ് ഒഫ് ക്രോപ്സ് ഒഫ് ഇന്ത്യ, കാര്‍ഷിക കീടവിജ്ഞാനം എന്നിവ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. കാര്‍ഷിക കീടവിജ്ഞാനം എന്ന ഗ്രന്ഥത്തിന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മിഷന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണ സര്‍വീസ്, കേരള കാര്‍ഷിക സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ ഭരണച്ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. എഫ്.എ.ഒ., ലോകബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ ശ്രീലങ്കയില്‍ നടത്തിയ കാര്‍ഷിക കീടനിയന്ത്രണ വര്‍ക്ക്ഷോപ്പിന്റെ പ്രധാന സൂത്രധാരനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്റമോളജി സംഘടന(അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഒഫ് എന്‍ഡമോളജി)യുടെ പ്രസിഡന്റായി എം.ആര്‍.ജി.കെ. നായര്‍ 24 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998 ഒ. 24-ന് സംഘടനയില്‍നിന്നും വിരമിച്ചു. 1999-ല്‍ ഇദ്ദേഹം അന്തരിച്ചു.

(ഡോ. ഗോപാലകൃഷ്ണ കാരണവര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍