This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്യമഞ്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:12, 1 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്യമഞ്ച്

ഡല്‍ഹി ആസ്ഥാനമായി 1973-ല്‍ രൂപീകരിച്ച ജനകീയ തെരുവ് നാടകസംഘം. ജനനാട്യമഞ്ച് എന്നും അറിയപ്പെടുന്നു. 'അരങ്ങ് ജനങ്ങളുടെ അടുത്തേക്ക്' എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസ്സോസിയേഷന്‍ (കജഠഅ) എന്ന സംഘടനയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ ഉദ്ഭവം. ചൂഷണം ചെയ്യപ്പെടുന്ന വ്യാവസായിക തൊഴിലാളികളുടെ ജീവിതചക്രം രംഗത്ത് അവതരിപ്പിക്കുന്നതായിരുന്നു ആദ്യനാടകം. ജനകീയാഭിപ്രായങ്ങളും, പ്രതികരണങ്ങളും അവതരിപ്പിക്കുക വഴി 'നാട്യമഞ്ച്' തെരുവ് നാടകങ്ങളെ ജനകീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

വിലക്കയറ്റം, വര്‍ഗീയത, സാമ്പത്തികനയങ്ങള്‍, തൊഴിലില്ലായ്മ, തൊഴിലവകാശങ്ങള്‍, സ്ത്രീകളുടെ അവകാശം, വിദ്യാഭ്യാസ അവകാശങ്ങള്‍, ആഗോളവത്കരണം തുടങ്ങിയ വിഷയങ്ങളാണ് നാടകാവിഷ്കാരങ്ങളില്‍ മുഖ്യപ്രമേയങ്ങളായത്. ഈ തെരുവരങ്ങ് തൊഴിലാളികള്‍ക്കും, സാമൂഹ്യപ്രവര്‍ത്തകര്‍ക്കും വിപ്ളവകാരികള്‍ക്കും ഒരു സുപ്രധാന മാധ്യമമായിരുന്നു. 1988 മുതല്‍ സംഘം തെരുവിലും സ്ഥിരം വേദികളിലും നാടകം അവതരിപ്പിക്കാന്‍ തുടങ്ങി. 1993-ല്‍ ദ്വിഭാഷാനാടകവേദി, 1997-ല്‍ സഞ്ചരിക്കുന്ന നാടകവേദി എന്നിവ രൂപവത്കരിച്ചു. സെമിനാറുകള്‍, ശില്പശാലകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘത്തിന്റെ ചുമതലയില്‍ സംഘടിപ്പിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും കോര്‍പ്പറേറ്റ്-സ്റ്റേറ്റ് ഫണ്ടിംങ് സ്വീകരിക്കാറില്ല. സംഘത്തിലെ അംഗങ്ങളുടെ സംഭാവന മാത്രമാണ് കൈമുതല്‍.

ക്ലാസ്സിക് നാടകങ്ങള്‍ 2001 മുതല്‍ അവതരിപ്പിക്കാന്‍ തുടങ്ങി 'ആസാദി നെ ജാബ് ദസ്തക് ദി' എന്ന ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തപ്പെട്ട 'ചിറ്റഗോംഗ്' കലാപം പ്രമേയമാക്കിയതായിരുന്നു. 2004 ജനുവരിയില്‍ അവതരിപ്പിച്ച 'ബുഷ്കാ മത്ലാബ് ജാദി' അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാട്ടുനീതിയെ ചോദ്യം ചെയ്യുന്നതായിരുന്നു. ജാതിസമ്പ്രദായം കേന്ദ്രപ്രമേയമാക്കി 2004 അവസാനം 'ശംഭുകവധം' എന്ന നാടകം അരങ്ങേറി. പൃഥ്വിതിയെറ്റര്‍ (മുംബൈ), നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമ (ന്യൂഡല്‍ഹി), സഹിത്യകലാപരിഷത്ത് (ന്യൂഡല്‍ഹി), സംഗീതനാടക അക്കാദമി (കേരള), നാട്യഅക്കാദമി (ബംഗാള്‍) എന്നീ സ്ഥാപനങ്ങള്‍ നടത്തിയ നാടകോത്സവങ്ങളില്‍ 'നാട്യമഞ്ച്' പങ്കെടുത്തിട്ടുണ്ട്. സംഘത്തിന്റെ അരങ്ങ് എപ്പോഴും വിപ്ളവകാരികള്‍ക്കും പുരോഗമനജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കും ആവേശം പകരുന്നതായിരുന്നു. ശാസ്ത്രീയവും മതനിരപേക്ഷവും ജനാധിപത്യപരവുമായ സാംസ്കാരിക മൂല്യങ്ങളെ പരിപോഷിപ്പിക്കുവാന്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. പുരോഗമന രാഷ്ട്രീയത്തോടുള്ള പക്ഷപാതിത്വം തന്നെയാണ് നാട്യമഞ്ചിന്റെ വ്യക്തിത്വവും.

നാട്യമഞ്ചിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സഫ്ദര്‍ ഹാശ്മി. നോ: ഹാശ്മി, സഫ്ദര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍