This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്ടുവൈദ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:10, 1 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടുവൈദ്യം

Folk Medicine

അനുഭവജ്ഞാനത്തില്‍ അധിഷ്ഠിതമായതും നാട്ടറിവുകളും പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്നതുമായ ഒരു വൈദ്യവിജ്ഞാനീയം. നാട്ടുവൈദ്യന്മാര്‍ എന്നറിയപ്പെടുന്ന ഭിഷഗ്വരന്മാരാണ് നാട്ടുവൈദ്യത്തിന്റെ പ്രണേതാക്കള്‍. തലമുറകളില്‍നിന്നു തലമുറകളിലേക്കു വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളാണ് നാട്ടുവൈദ്യത്തിന്റെ കാതല്‍. അതുകൊണ്ടുതന്നെ ലിഖിതരൂപത്തില്‍ രേഖപ്പെടുത്തിവയ്ക്കാത്ത പല അറിവുകളും നമുക്കു നഷ്ടപ്പെട്ടിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ഒറ്റമൂലി പ്രയോഗവും മറ്റും നാട്ടുവൈദ്യത്തിന്റെ വഴികളാണ്.

അവ്യവസ്ഥാപിതപരമ്പരാഗതവൈദ്യമായ നാട്ടുവൈദ്യത്തില്‍ പ്രാദേശികഭേദങ്ങള്‍ വളരെ കൂടുതലായിരിക്കും. ഒരേ നാട്ടില്‍ത്തന്നെ രണ്ടുപേര്‍ ഉപയോഗിക്കുന്ന രീതികള്‍ രണ്ടുതരമായിരിക്കും. ഇതിന്റെ ഒരു വലിയ പ്രത്യേകത, അതാതു സ്ഥലങ്ങളില്‍ എളുപ്പത്തിലും ചെലവുകുറവായും ലഭ്യമാകുന്ന സാമഗ്രികള്‍ ആയിരിക്കും ചികിത്സാര്‍ഥം ഉപയോഗിക്കപ്പെടുക എന്നതാണ്. എല്ലാരാജ്യത്തും നാട്ടുവൈദ്യത്തില്‍, സസ്യങ്ങള്‍ക്കും സസ്യഭാഗങ്ങള്‍ക്കും ഇത്ര പ്രാധാന്യം ലഭിക്കാനിടയാകുന്നത് ഇതിനാലാണ്.

വീട്ടുമുറ്റത്തും പറമ്പിലും നാട്ടുവഴികളിലും ലഭ്യമായ പച്ചിലകള്‍ കൊണ്ടും മൂലികകള്‍കൊണ്ടും പല രോഗങ്ങളും ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന അറിവ് നമുക്ക് തന്നത് നാട്ടുവൈദ്യന്മാരാണ്. സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍, കൈമാറിവന്ന ലഘുചികിത്സകളില്‍ പലതും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ ഈ ഒറ്റമൂലി സമ്പ്രദായങ്ങള്‍ പലതും അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും കാലവും ദേശവും ദേഹസ്ഥിതിയും കണക്കിലെടുത്തായിരുന്നു ഈ ഔഷധങ്ങള്‍ പ്രയോഗിച്ചിരുന്നത്.

ഭാരതത്തില്‍ വിഷചികിത്സ, ബാലചികിത്സ, മര്‍മചികിത്സ, നാഡീചികിത്സ തുടങ്ങിയ ചികിത്സാമുറകളിലൊക്കെത്തന്നെ ആയുര്‍വേദത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കൊപ്പം നാടന്‍ തനിമകളുടെയും നാട്ടുവിജ്ഞാനീയത്തിന്റെയും സങ്കേതങ്ങള്‍കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് മന്ത്രതന്ത്രാദികളുടെ അകമ്പടിയോടുകൂടിയുള്ള നാട്ടുചികിത്സാസമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു. ഒരുപക്ഷേ ആധുനിക ഭാഷയില്‍ പറയുന്ന മനഃശാരീരിക (സൈക്കോസൊമാറ്റിക്) രോഗങ്ങളുടെ ശമനത്തിന് മാനസികമായി ശക്തിനല്കാനുള്ള പരോക്ഷമായ സങ്കേതമായിരുന്നിരിക്കാം ഈ മന്ത്രതന്ത്രാദികളും ആചാരശൈലികളുമൊക്കെ.

വിഷചികിത്സയിലും ബാലചികിത്സയിലുമൊക്കെ ഈ നാട്ടുമുറകളുടെ അദ്ഭുതാവഹമായ ഫലങ്ങളെക്കുറിച്ച് നമുക്കിടയില്‍ ധാരാളം കഥകള്‍ പ്രചരിക്കുന്നുണ്ട്. മര്‍മചികിത്സയെ സംബന്ധിച്ചിടത്തോളം പ്രശസ്തമായ പാരമ്പര്യ ചികിത്സാകേന്ദ്രങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. മരുന്നും മന്ത്രവും പ്രാര്‍ഥനയുമൊക്കെ കലര്‍ന്ന ഒരു രീതിയാണ് പാരമ്പര്യനാട്ടു ബാലചികിത്സ. കരയുന്ന കുഞ്ഞുങ്ങളെ കയ്യിലെടുത്ത് മന്ത്രം ജപിച്ച് ഊതുക, തലയ്ക്കു ചുറ്റും ഉഴിയുക എന്നിവ ചെയ്യുന്നത് നാട്ടുചികിത്സാരീതിയാണ്. കുട്ടികളുടെ പനിക്ക് കടുകുരോഹിണി, മുത്തങ്ങാക്കിഴങ്ങ്, പര്‍പ്പടകപ്പുല്ല് ഇവയിലേതെങ്കിലും പാലില്‍ ചേര്‍ത്ത് അരച്ചു നല്കുന്നതും തെറ്റിപ്പൂവ് അല്ലെങ്കില്‍ അശോകത്തിന്റെ പൂവുകൊണ്ട് വെളിച്ചെണ്ണകാച്ചി കരപ്പന്‍ രോഗത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നതും മറ്റും നാട്ടറിവുകളാണ്.

നാട്ടുബാലചികിത്സയുടെ ശാസ്ത്രീയമായ പല അറിവുകളും കേരളീയമായ ആയുര്‍വേദഗ്രന്ഥങ്ങളില്‍ എടുത്തു ചേര്‍ക്കാന്‍ ഗ്രന്ഥകാരന്മാര്‍ പ്രത്യേകം നിഷ്കര്‍ഷ കാണിച്ചിട്ടുണ്ട്. കൈക്കുളങ്ങര രാമവാരിയരുടെ ആരോഗ്യകല്പദ്രുമം ഇത്തരത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്.

മന്ത്രവും ഔഷധവും ഒന്നിച്ചു കലര്‍ന്ന ഒരു രീതിയാണ് കേരളീയ വിഷവൈദ്യത്തില്‍ കാണാന്‍ കഴിയുക. ഇതിന്റെ ഉത്പത്തിയെയോ പ്രാചീനതയെയോ സംബന്ധിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ല. ആര്യവൈദ്യത്തിനു മുമ്പ് നിലനിന്നിരുന്ന വിഷചികിത്സാസമ്പ്രദായമാണ് പില്ക്കാലത്ത് വികാസം പ്രാപിച്ചതെന്നു കരുതുന്നവരുണ്ട്. ചെറുള്ളീപ്പട്ടര്‍, നഞ്ചുണ്ടനാഥര്‍ എന്നിങ്ങനെ രണ്ടു വ്യക്തികളുടെ പരമ്പരയായാണ് ഇതിന്റെ പിരിവു കാണുന്നത്. മന്ത്രവിധികള്‍ അധികമായിവന്നത് ഇവിടെ നിന്നാണെന്നാണു കരുതുന്നത്. ആര്യവൈദ്യത്തിലെ പാരമ്പര്യം വിഷവൈദ്യജ്യോത്സ്നിക, പ്രയോഗസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന തരത്തിലാണ്. എന്നാല്‍ ഇവയില്‍ ഒന്നിലും കേവലമായ ആയുര്‍വേദമൂലഗ്രന്ഥങ്ങളുടെ പുനരാവര്‍ത്തനമില്ല. നാട്ടുവൈദ്യവുമായി പൊരുത്തപ്പെടുന്ന രീതികള്‍ തന്നെയാണിവിടെയും കാണുന്നത്. ഔഷധചികിത്സയാണ് മുഖ്യം.

ആയുര്‍വേദഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന വിഷചികിത്സാ സംബന്ധിയായ അറിവിന്റെ നൂറു മടങ്ങ് പ്രായോഗിക ചികിത്സാസമീപനം കേരളത്തിലെ വിഷചികിത്സകര്‍ക്കുണ്ടായിരുന്നു എന്ന് ഉറപ്പിച്ചു പറയാനാകും. മരണവക്ത്രത്തിലെത്തിയ പല രോഗികളെയും ചികിത്സിച്ചു മാറ്റിയ വിഷവൈദ്യന്മാരെപ്പറ്റിയുള്ള കഥകള്‍ ഐതിഹ്യമാല പോലെയുള്ള ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. രോഗിയെ നേരിട്ടു കാണാതെ തന്നെ ദംശിച്ച പാമ്പ് ഏതെന്നു ദൂത ലക്ഷണം വഴി തിരിച്ചറിയുക, മന്ത്രവിദ്യ വഴിയായി അതിനു പ്രതിക്രിയ നല്കുക, കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുക തുടങ്ങി അതിശയകരമായ പല പ്രയോഗങ്ങളെപ്പറ്റിയും കേട്ടുകേള്‍വിയുണ്ട്. നാടന്‍ ചികിത്സകൊണ്ട് പേപ്പട്ടിവിഷം ചികിത്സിച്ചു മാറ്റിയിരുന്ന വൈദ്യന്മാരുണ്ടായിരുന്നെന്നു പറയപ്പെടുന്നു. എന്നാല്‍ ഇത്തരം ശ്രേഷ്ഠവിഷവൈദ്യന്മാരുടെ പരമ്പര ഏതാണ്ടൊക്കെ അവസാനിച്ചിരിക്കുന്നു. വിഷവൈദ്യന്മാര്‍ ചികിത്സയ്ക്കു പ്രതിഫലം വാങ്ങാന്‍ പാടില്ല എന്നായിരുന്നു രീതി. പല കുടുംബങ്ങളിലെയും വിഷവൈദ്യപാരമ്പര്യം അവസാനിക്കാന്‍ ഇതുമൊരു കാരണമായിട്ടുണ്ട്.

ശാസ്ത്രീയവൈദ്യത്തിലേക്ക് സ്വാംശീകരിക്കാന്‍ കഴിയുന്ന ധാരാളം അറിവുകള്‍ നാട്ടുവൈദ്യങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്. അജ്ഞത മൂലവും, എഴുതിസൂക്ഷിക്കുന്ന പതിവ് കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും നമ്മുടെ നാട്ടില്‍ നഷ്ടപ്പെട്ടു കഴിഞ്ഞ നിലയിലാണ്. വൈദ്യസംബന്ധിയായ ഈ നാട്ടറിവുകള്‍ രേഖപ്പെടുത്തുകയും ക്രോഡീകരിക്കുകയും ചെയ്യുന്നത് വരുംകാല വൈദ്യഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.

(ഡോ. പ്രിന്‍സ് അലക്സ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍