This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗി റെഡ്ഡി (1912 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗി റെഡ്ഡി (1912 - 2004)

ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവും ഫാല്‍ക്കെ അവാര്‍ഡ് ജേതാവും. 1912 ഡി. 2-ന് ആന്ധ്രപ്രദേശിലെ ഗുഡ്ഹപ്പ ജില്ലയിലെ പോട്ടിംപാടിയില്‍ ജനിച്ചു. കുടുംബപാരമ്പര്യമായി നടത്തിപ്പോന്നിരുന്ന കയറ്റുമതി വ്യാപാരത്തില്‍ ചെറുപ്പം മുതലേ ഏര്‍പ്പെട്ടു. എന്നാല്‍ രണ്ടാം ലോകയുദ്ധകാലത്ത് അത് തകര്‍ന്നതോടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത ഇദ്ദേഹം 1945-ല്‍ അന്നത്തെ സാമൂഹ്യ-രാഷ്ട്രീയാവസ്ഥകളെ വിശകലനം ചെയ്യുന്ന ആന്ധ്രാജ്യോതി എന്ന മാസിക  ആരംഭിച്ചു. പിന്നീട്  1947-ല്‍ സുഹൃത്തും പില്ക്കാലത്ത് സഹനിര്‍മാതാവുമായിരുന്ന ചക്രപാണിക്കൊപ്പം ചന്ദമാമ എന്ന ബാലമാസികയും തുടങ്ങി.

1949-ല്‍ രാമണ്ണറെഡ്ഡിക്കൊപ്പം 'വിജയ പ്രൊഡക്ഷന്‍സ്' തുടങ്ങിയതോടെ നാഗിറെഡ്ഡി ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശം ചെയ്തു. 1950-ല്‍ പുറത്തിറങ്ങിയ 'ശവുകാര്യ' ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമ സംരംഭം. 1951-ല്‍ 'പാതാള ഭൈരവി'യുടെ വിജയത്തോടെ ഇദ്ദേഹം ചലച്ചിത്രലോകത്ത് അറിയപ്പെടുന്ന നിര്‍മാതാവായി. മുപ്പതോളം ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ചന്ദ്രഹാരം, മിസ്സിയമ്മ, മായാബസാര്‍, മനീതന്‍ മാറവില്ലൈ, മാം ഔര്‍ ശ്യാം, പ്രേം നഗര്‍, ജൂലി, സ്വയംവര്‍, സ്വര്‍ഗ് നരക്, ശ്രീമാന്‍ ശ്രീമതി തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

വിജയവാഹിനി സ്റ്റുഡിയോ, വിജയ കളര്‍ ലാബ് തുടങ്ങിയവയുടെ സ്ഥാപകനാണ് ഇദ്ദേഹം. രണ്ട് തവണ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് പദവിയും നാല് തവണ സൗത്ത് ഇന്ത്യ ഫിലിം ചേംബര്‍ ഒഫ് കൊമേഴ്സിന്റെ പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.

ഇക്കാലയളവിനിടയില്‍ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 1972-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇദ്ദേഹത്തിന് 'കലൈമാമണി' അവാര്‍ഡ് നല്കി ആദരിച്ചു. 1986-ല്‍ ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു.

2004 ഫെ. 25-ന് ചെന്നൈയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍