This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗദന്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗദന്തി

യുഫോര്‍ബിയേസീ (Euphorbiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ.: ബാലിയോസ്പെര്‍മം മൊണ്ടാനം (Baliospermum montanum), ബാ. ആക്സില്ലെര്‍ (B.axillare). ദന്തി എന്ന സംസ്കൃതനാമത്തില്‍ അറിയപ്പെടുന്ന നാഗദന്തിക്ക് നീര്‍വാളത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ട്. ഹിമാലയസാനുക്കളില്‍ ഏകദേശം 900 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇത് ധാരാളമായുണ്ട്. മ്യാന്‍മര്‍, മലയ എന്നിവിടങ്ങളിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത് വളരുന്നുണ്ട്.

Image:Nagadandi-svk-15.png

ഒന്നരമീറ്ററോളം ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ് നാഗദന്തി. ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ലഘു പത്രങ്ങള്‍ക്കു നല്ല കട്ടിയുണ്ടെങ്കിലും അവയിലെ സിരകള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും. നാഗദന്തിയുടെ ചുവടുഭാഗത്തുള്ള ഇലകള്‍ 15-30 സെ.മീറ്ററോളം നീളമുള്ളതാണ്. ചുവടുഭാഗം വൃത്താകാരമായ ഇലയുടെ അരികുകള്‍ ദന്തുരമാണ്. പത്രവൃന്തത്തിനു ചുവട്ടിലായി കാണപ്പെടുന്ന ഗ്രന്ഥികള്‍ പോലെയുള്ള രണ്ട് ഭാഗങ്ങളിലും ഓരോ അനുപര്‍ണങ്ങളുണ്ടായിരിക്കും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ നാഗദന്തി പുഷ്പിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് റസീം പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഒരു പുഷ്പമഞ്ജരിയില്‍ അനേകം ചെറിയ ഇളംപച്ചനിറത്തിലുള്ള പുഷ്പങ്ങളുണ്ടാകുന്നു. ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും ഒരേ സസ്യത്തില്‍ത്തന്നെയാണ് ഉണ്ടാകുന്നത്. ബാഹ്യദളങ്ങള്‍ കൊഴിഞ്ഞുപോകാതെ കായ്കളോടൊപ്പം നിലനില്ക്കുന്നു. ആണ്‍പുഷ്പങ്ങളില്‍ വൃത്താകാരത്തിലുള്ള 4-6 ബാഹ്യദളപുടങ്ങളുണ്ടായിരിക്കും. 10-30 കേസരങ്ങളുണ്ട്. പെണ്‍പുഷ്പങ്ങളില്‍ 5-6 ബാഹ്യദളപുടങ്ങളും നീളം കൂടിയ വര്‍ത്തികയും മൂന്ന് അറകളുള്ള അണ്ഡാശയവുമുണ്ട്. കായ് 0.8-1.5 സെന്റീമീറ്ററോളം നീളമുള്ള കാപ്സ്യൂളാണ്. കാപ്സ്യൂളുകള്‍ ലോമിലമാണ്. വിവിധനിറങ്ങളിലുള്ള വിത്തുകള്‍ കാണപ്പെടുന്നു. ഈ ചെടിയുടെ മിനുസമുള്ള വിത്തുകള്‍ക്ക് ആവണക്കിന്‍ കുരുവിനോട് സാദൃശ്യമുണ്ട്. അതിനാലാകാം 'ഏരണ്ഡഫല' (ഏരണ്ഡ=ആവണക്ക്) എന്ന സംസ്കൃതനാമത്തില്‍ ഈ ചെടി അറിയപ്പെടാനിടയായത്.

നാഗദന്തിയുടെ വേരും കാണ്ഡവും ഇലയും വിത്തും വിഷമയമാണ്. ഇതിന്റെ വിഷാംശം ഉള്ളില്‍ ചെന്നാല്‍ ആദ്യമായി ത്രികോല്പക്കൊന്ന അരച്ചു കഴിച്ച് വയറിളക്കിയശേഷം പാലോ നെയ്യോ കഴിക്കണം. ദേഹത്ത് താന്നിമരത്തിന്റെ മരത്തൊലി അരച്ചു പുരട്ടുന്നതും നല്ലതാണ്. വിഷമയമായതിനാല്‍ നാഗദന്തിയുടെ ഔഷധയോഗ്യമായ ഭാഗങ്ങളെല്ലാം ശുദ്ധിചെയ്തശേഷമാണ് ഉപയോഗിക്കുന്നത്.

നാഗദന്തിയുടെ കട്ടിയുള്ള വേര് തവിട്ടുനിറമുള്ളതാണ്. വേരില്‍ സ്റ്റാര്‍ച്ചും റെസിനും അടങ്ങിയിട്ടുണ്ട്. ഇത് ഒരു വിരേചനൌഷധമാണ്. ഇല ഉപയോഗിച്ചുണ്ടാക്കുന്ന കഷായം ആസ്തമരോഗം ശമിപ്പിക്കും. വിത്തില്‍ നിന്നെടുക്കുന്ന ഒരിനം എണ്ണ മൂത്രക്കല്ല് രോഗത്തിന് ഔഷധമായുപയോഗിക്കുന്നു. ദന്ത്യാരിഷ്ടം, ദന്തീഹരിതകി തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യഘടകം നാഗദന്തിയാണ്.

'നാഗദന്തിയെരിച്ചുള്ളു ഗുണം തീക്ഷ്ണോഷ്ണമായ് വരും

നിറത്തെ തെളിയിപ്പാനുമെത്രയും ഗുണമായ് വരും'

എന്നാണ് നാഗദന്തിയെ ഗുണപാഠത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍