This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗചന്ദ്ര (11-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗചന്ദ്ര (11-ാം ശ.)

പ്രാചീന കന്നഡ കവി. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ രാമായണം ആദ്യമായി പുനഃസൃഷ്ടിച്ചത് ഇദ്ദേഹമാണ്. 11-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്നു. നാഗചന്ദ്രന്റെ ജീവചരിത്രം സംബന്ധിച്ച് വളരെക്കുറച്ച് അറിവുകളേ ലഭിച്ചിട്ടുള്ളു. ഇദ്ദേഹം ചാലൂക്യഹോയ്സാല രാജാക്കന്മാരില്‍നിന്നും ബഹുമതികള്‍ നേടിയിട്ടുണ്ട് എന്ന് കരുതുന്നു. എന്നാല്‍ പുരസ്കര്‍ത്താവായിരുന്ന രാജാവ് ആരെന്ന് വ്യക്തമായി അറിവായിട്ടില്ല. ഇദ്ദേഹം ഒരമ്പലം പണിത് 19-ാമത്തെ തീര്‍ഥങ്കരനായ മല്ലിനാഥനു സമര്‍പ്പിച്ചിട്ടുള്ളതായും പ്രസ്താവമുണ്ട്. മല്ലിനാഥപുരാണം എന്ന ചമ്പുകാവ്യവും രാമചന്ദ്രചരിത്ര പുരാണവുമാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. 19-ാം തീര്‍ഥങ്കരനായ മല്ലിനാഥന്റെ ചരിത്രമാണ് മല്ലിനാഥപുരാണത്തിലെ വിഷയം. മുമ്പ് ആരും സാഹിത്യകൃതിക്കു വിഷയമാക്കിയിട്ടില്ലാത്തതുകൊണ്ടാണ് താന്‍ ഈ വിഷയം തിരഞ്ഞെടുത്തതെന്നും കവി പറയുന്നു. കഥ ചെറുതെങ്കിലും 14 ആശ്വാസങ്ങളില്‍ അനേകം പദ്യങ്ങളിലായി പരത്തിയാണ് പറഞ്ഞിരിക്കുന്നത്. പമ്പയുടെ ആദിപുരാണത്തിന്റെ സ്വാധീനം മല്ലിനാഥപുരാണത്തില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം.

കന്നഡ മഹാകാവ്യചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് നാഗചന്ദ്രയുടെ രാമചന്ദ്രപുരാണം. ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലെ പ്രഥമ രാമായണ പുനഃസൃഷ്ടിയുടെ മഹാകാവ്യമാണിത്. ജൈനപുരാണങ്ങളില്‍ വര്‍ണിതമായിട്ടുള്ള രീതിയിലാണ് രാമായണകഥ 16 ആശ്വാസങ്ങളിലായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. കന്നഡയിലെ ആദ്യത്തെ മഹാഭാരതം സമ്മാനിച്ച പമ്പയെപ്പോലെ ആദ്യത്തെ രാമായണം സമ്മാനിച്ച കവിയാണ് നാഗചന്ദ്ര. അതിനാല്‍ അഭിനവപമ്പ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. വിമലസൂരിയുടെ പ-ഉ-മ ചരിയ, രവിസേനന്റെ പദ്മപുരാണം, വാല്മീകി രാമായണം എന്നിവയാണ് നാഗചന്ദ്ര ആശ്രയിച്ച പ്രധാന കൃതികള്‍. എന്നാല്‍ കവിയുടെ മൌലികത തെളിയിക്കുന്ന ധാരാളം രംഗങ്ങളും ഇതില്‍ കാണാം. ഉചിതസന്ദര്‍ഭങ്ങളില്‍ ധര്‍മബോധത്തിനും ജിനസ്തുതിക്കും ഇതില്‍ പ്രാധാന്യം നല്കിയിട്ടുണ്ട്.

നാഗചന്ദ്രയുടെ മേല്പറഞ്ഞ രണ്ടു കൃതികളും ജൈനധര്‍മത്തെപ്പറ്റിയുള്ള നിഷ്ഠ, ജിനഭക്തി, ഗുണഭക്തി എന്നിവ കവിയുടെ വ്യക്തിതത്തിന്റെ ഭാഗങ്ങളായിരുന്നു എന്ന് വ്യക്തമാക്കുന്നു. പ്രസന്നവും മധുരവുമാണ് ഇദ്ദേഹത്തിന്റെ രചനാരീതി. ശാന്തരസത്തിന്റെ ശ്രേഷ്ഠനായ ഒരുപാസകന്‍ കൂടിയായിരുന്നു ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍