This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാംവര്‍സിംഹ് (1927 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാംവര്‍സിംഹ് (1927 - )

Image:namversngh.png

ഹിന്ദി സാഹിത്യവിമര്‍ശകനും മാര്‍ക്സിസ്റ്റ് ചിന്തകനും. 1927 ജൂല. 28-ന് ബനാറസ്സിലെ ജീവന്‍പൂര്‍ ഗ്രാമത്തില്‍ ജനിച്ചു. കൃഷിക്കാരനും അധ്യാപകനും ആയിരുന്ന നാഗര്‍സിംഹ് ആണ് പിതാവ്. മാതാവ് ബാഗേശ്വരി ദേവി. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ ഖാദിവസ്ത്രങ്ങള്‍ മാത്രമേ ധരിക്കുകയുള്ളുവെന്ന് പ്രതിജ്ഞയെടുത്തു. ആറാംക്ളാസ്സില്‍ പഠിക്കുമ്പോള്‍ ഹിറ്റ്ലര്‍ക്ക് ഇംഗ്ളണ്ടിലുണ്ടായ വിജയത്തെ ആസ്പദമാക്കി ഇദ്ദേഹം ഒരു കവിത എഴുതി. അതിന് സമ്മാനം ലഭിച്ചു. തുടര്‍ന്ന് നിരന്തരമായി കവിതകള്‍ എഴുതി. 1941-ല്‍ മിഡില്‍ സ്കൂള്‍ പരീക്ഷ പാസ്സായി. മകനെ പ്രൈമറി സ്കൂള്‍ അധ്യാപകനാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും സുഹൃത്തുക്കളുടെ നിര്‍ദേശമനുസരിച്ച് പിതാവ് മകനെ ബനാറസ്സിലെ ഹീവേഡ് ക്ഷത്രിയ സ്കൂളില്‍ ഉപരിപഠനത്തിനു ചേര്‍ത്തു. 1949-ല്‍ ബി.എ. പാസ്സായി. തുടര്‍ന്ന് കാശി ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് 1951-ല്‍ ഹിന്ദി എം.എ. പരീക്ഷ ഒന്നാംക്ളാസ്സില്‍ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട് അവിടെത്തന്നെ റിസര്‍ച്ച് ഫെല്ലോ ആവുകയും 1953-ല്‍ അവിടെ ലക്ചററായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

സാഗര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (1959), ജോധ്പൂര്‍ സര്‍വകലാശാലാ ഹിന്ദി വിഭാഗം മേധാവി (1969), കെ.എം. മുന്‍ഷി ഹിന്ദി വിദ്യാപീഠ് ഡയറക്ടര്‍ (1974), ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഭാരതീയ ഭാഷാവിഭാഗം ഡയറക്ടര്‍ (1974 നവംബര്‍) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യത്തെ ലേഖനസമാഹാരമായ ബകലംഖുദ് 1951-ല്‍ പ്രസിദ്ധീകരിച്ചു. 1952-ല്‍ ഹിന്ദി കേ വികാസ് മേം അപഭ്രംശ് കാ യോഗ് (ഹിന്ദിയുടെ വളര്‍ച്ചയില്‍ അപഭ്രംശത്തിന്റെ സംഭാവന) എന്ന രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു. 1950-ല്‍ അലഹബാദില്‍ നടന്ന ഹിന്ദി പുരോഗമനസാഹിത്യ പ്രവര്‍ത്തകരുടെ സമ്മേളനത്തിലും 1953-ല്‍ ഡല്‍ഹിയില്‍ നടന്ന അഖില ഭാരതീയ പുരോഗമന സാഹിത്യ സമ്മേളനത്തിലും പങ്കെടുത്തു. സാംസ്കാരിക സംഘം സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ ബനാറസ്സില്‍ ഒരു സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. ആചാര്യ ഹസാരി പ്രസാദ് ദ്വിവേദിയുമായി ചേര്‍ന്ന് പൃഥ്വിരാജ് റാസോ എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചു. മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളെപ്പറ്റിയും രവീന്ദ്ര സാഹിത്യത്തെപ്പറ്റിയും ഇദ്ദേഹം നന്നായി പഠിച്ചു.

1954-ല്‍ നിരൂപണ ഗ്രന്ഥങ്ങളായ ഛായാവാദ്, ആധുനികസാഹിത്യ കീ പ്രവൃത്തിയാം എന്നിവയും 1956-ല്‍ പൃഥിരാജ് റാസോ കീ ഭാഷ എന്ന പേരില്‍ ഒരു ഗവേഷണഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഇദ്ദേഹം പരിഭാഷപ്പെടുത്തിയ പുരാനിരാജസ്ഥാനി എന്ന പുസ്തകം കാശിനാഗരിപ്രചാരിണി സഭയാണ് പ്രസിദ്ധീകരിച്ചത്. 1957-ല്‍ ഇതിഹാസ് ഔര്‍ ആലോചന എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. വാദ്-വിവാദ് ഔര്‍ സംവാദ് ആണ് മറ്റൊരു പ്രശസ്ത ഗ്രന്ഥം. 1964-ല്‍ കഹാനി നയീ കഹാനി എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1965-ല്‍ ഡല്‍ഹിയില്‍ താമസമാക്കിയ ഇദ്ദേഹം ജനയുഗ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. ആ വര്‍ഷം രാജ്കമല്‍ പ്രകാശന്റെ ഉപദേശകസമിതി അംഗമായി. 1967-ല്‍ രണ്ട് പദവികളും രാജിവച്ച് ആലോചന(വിമര്‍ശനം)യുടെ പത്രാധിപരായി.

1968-ല്‍ കവിതാ കേ നയേ പ്രതിമാന്‍ (കവിതയുടെ പുതിയ മാനദണ്ഡം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ നിരൂപകനെന്ന നിലയില്‍ പ്രസിദ്ധനായി. ഹിന്ദി നിരൂപണത്തിന് പുതിയ മാനം നല്‍കിയ ഈ ഗ്രന്ഥത്തിന് 1971-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. റഷ്യന്‍ സാഹിത്യകാരന്മാരുടെ സംഘത്തിന്റെ ക്ഷണം സ്വീകരിച്ച് ഇദ്ദേഹം റഷ്യന്‍ സന്ദര്‍ശനം നടത്തി. 1972-ല്‍ സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സില്‍ മെമ്പറായ നാംവര്‍സിംഹ് 1982-വരെ ആ പദവിയില്‍ തുടര്‍ന്നു. 1973-ല്‍ പാരിസില്‍ നടന്ന ഓറിയന്റല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്തു. ഇംഗ്ളണ്ട്, ഹംഗറി, പൂര്‍വജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

1976-ല്‍ മൗറീഷ്യസില്‍ നടന്ന 2-ാം ലോകഹിന്ദി സമ്മേളനം, 1980-ല്‍ ബള്‍ഗേറിയയില്‍ നടന്ന ലോക സമാധാനസമ്മേളനം, 1985-ല്‍ പുരോഗമനസാഹിത്യസംഘടന ലണ്ടനില്‍ നടത്തിയ സുവര്‍ണജൂബിലി സമ്മേളനം എന്നിവയില്‍ നാംവര്‍സിംഹ് പങ്കെടുത്തു. 1982-ല്‍ വിയറ്റ്നാം സന്ദര്‍ശിച്ചു. മുടങ്ങിക്കിടന്നിരുന്ന ആലോചന മാസികയുടെ പുന:പ്രകാശനത്തോടെ ഹിന്ദി നിരൂപണത്തിന് നവചൈതന്യം പകരാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. സമകാലസാഹിത്യവും രാഷ്ട്രീയവും നാംവര്‍സിംഹ് തന്റെ വിമര്‍ശനഗ്രന്ഥങ്ങളില്‍ ആഴത്തില്‍ അപഗ്രഥിക്കുന്നു. സാഹിത്യകാര്യങ്ങളില്‍ തികഞ്ഞ പ്രതിജ്ഞാബദ്ധന്‍ ആയിരിക്കുമ്പോഴും പൂര്‍വപക്ഷത്തെ നിരാകരിക്കുകയോ തെളിവുകള്‍ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യാറില്ല. പ്രഭാഷണ കലയിലൂടെ ആര്‍ജിച്ചെടുത്ത വിശകലനപാടവം, സഹൃദയത്വം, ഗവേഷണബുദ്ധി, പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങളിലുള്ള അറിവ്, വിമര്‍ശനരംഗത്തെ എല്ലാ ചലനങ്ങളോടുമുള്ള ആഴത്തിലുള്ള പ്രതികരണം എന്നിവയാല്‍ ഊര്‍ജ്വസ്വലമാണ് നാംവര്‍സിംഹിന്റെ പ്രവര്‍ത്തനമണ്ഡലം.

(ഡോ. എം.എ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍