This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നസ്രീന്‍, തസ് ലിമ (1962 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നസ്രീന്‍, തസ് ലിമ (1962 - )

ബംഗ്ലാദേശിലെ ബംഗാളി സാഹിത്യകാരി. മതമൗലികവാദികളാല്‍ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നതിന്റെ പേരില്‍ ലോകശ്രദ്ധയാകര്‍ഷിച്ച എഴുത്തുകാരി. ഫെമിനിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തക, മതനിരപേക്ഷ മാനവികതാവാദി എന്നീ നിലകളിലും ലോകപ്രശസ്ത.

1962 ആഗ. 25-ന് ബംഗ്ളാദേശിലെ മെയ്മോന്‍സിങ്ങില്‍ ജനിച്ചു. 1976-ല്‍ സെക്കണ്ടറി വിദ്യാഭ്യാസവും 78-ല്‍ ഹയര്‍ സെക്കണ്ടറിയും പൂര്‍ത്തിയാക്കി, 1984-ല്‍ മെയ്മോന്‍സിങ്ങ് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. പില്ക്കാലത്ത് കെന്റ് യൂണിവേഴ്സിറ്റിയില്‍നിന്നും അമേരിക്കന്‍ യൂണിവേഴ്സിറ്റി ഒഫ് പാരിസില്‍നിന്നും ഓണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

മെഡിക്കല്‍ ബിരുദം നേടിയശേഷം കുറച്ചുകാലം ഗ്രാമപ്രദേശങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു. 1990-93 കാലത്ത് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി, അനസ്തേഷ്യോളജി വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചു. എഴുത്തുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പേരില്‍ 1993-ല്‍ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി.

Image:award to thaslima.png

15-ാം വയസ്സ് മുതല്‍ കവിതകള്‍ എഴുതുമായിരുന്നു. ആനുകാലികങ്ങളിലും മറ്റും കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. 1978-ല്‍ സെന്‍ജുതി എന്ന കവിതാ മാഗസിന്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചു. 1986-ല്‍ ആദ്യ കവിതാസമാഹാരമായ സിംകോരിബി പുല്‍ഖുദാ പുറത്തിറങ്ങി. 1989-ല്‍ രണ്ടാം സമാഹാരമായ നിര്‍ബസിതോ ബഹിരെ അന്തൊരെ പ്രസിദ്ധീകരിച്ചു. അമര്‍കിച്ചു ജെയ് അസേന, ബാലിക ഗോല്ലാഛൂത്, ബഹുലാ ഏകാ ദാസിയേ ഛിലോ ഭേലാ, അയക്ഷ്ടഝേന്‍പേ, ജീബന്‍ഭിബോ മേപ്പേ എന്നിവയാണ് ഇതര കാവ്യസമാഹാരങ്ങള്‍.

അനേകം കവിതകള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും സാഹിത്യ-സാംസ്കാരികരംഗത്ത് തസ്ലിമ ശ്രദ്ധേയയായിത്തുടങ്ങിയത് ദിനപത്രങ്ങളിലെഴുതിയ കോളങ്ങളിലൂടെയായിരുന്നു - പ്രത്യേകിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കോളങ്ങളിലൂടെ. മതമൌലികവാദികള്‍ തസ് ലിമയുടെ ലേഖനങ്ങള്‍ക്കെതിരെ തിരിഞ്ഞു. അവര്‍ പത്രമോഫീസ് തകര്‍ത്തും മറ്റും പ്രതിഷേധം അറിയിച്ചു. ഇസ്ലാം മതനിയമങ്ങളും അവയുടെ സ്വാര്‍ഥതാത്പര്യത്തോടെയുള്ള വ്യാഖ്യാനങ്ങളും പുരുഷവര്‍ഗവും സ്ത്രീയെ അടിച്ചമര്‍ത്തുന്നു എന്ന തസ്ലിമയുടെ വാദങ്ങളാണ് വിയോജിപ്പിനെല്ലാം ആധാരമായത്. 1992-ല്‍ 'തസ്ളിമ സ്മാഷ് കമ്മിറ്റി' എന്നൊരു സംഘടന തന്നെയുണ്ടായി. തുടര്‍ന്ന് തസ് ലിമയെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നും തടഞ്ഞു. പലപ്പോഴും അതിനു ശ്രമിച്ചപ്പോള്‍, ശാരീരികമായ കൈയേറ്റവുമുണ്ടായി. അക്കാലത്ത് മതമൗലികവാദികള്‍ തസ്ലിമയുടെ നിര്‍ബാചിതോ എന്ന ആദ്യകോളം സമാഹാരം കത്തിക്കുകയും ചെയ്തു. രണ്ടാമത്തെ സമാഹാരമായ ജാബോ ന കേനോയും നശിപ്പിക്കപ്പെട്ടു. തുടര്‍ന്നു പലവിധ എതിര്‍പ്പുകളെയും അവഗണിച്ച് പുറത്തിറങ്ങിയിട്ടുള്ള ലേഖനസമാഹാരങ്ങള്‍ ഇവയാണ് - ഛോട്ടാ ഛോട്ട ദുഃഖോ കഥ, നഷ്ടോ മേയോ നഷ്ടോ ഗദ്യ.

നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. ഓപോര്‍പോഖ, ശോധ്, നിമന്ത്രണ്‍, ബ്രഹ്മാര്‍ കൊയോ ഗിയ, ഫേര്‍ എന്നിവയാണ് കഥാസാഹിത്യരംഗത്തെ ആദ്യകാല സംഭാവനകള്‍. പില്ക്കാലത്തെ പ്രധാന നോവലുകള്‍ ഷോറോം, ഫൊറാഷി പ്രേമിക് എന്നിവയും കഥാസമാഹങ്ങള്‍ ദുഃഖോ ബോട്ടിമെയൊ, മിനു എന്നിവയുമാണ്. ബംഗാളിയിലായിരുന്നു തസ്ളിമയുടെ രചനകള്‍ എങ്കിലും അവ 20-ലേറെ ഭാഷകളില്‍ പില്ക്കാലത്ത് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി.

1993-ല്‍ ലജ്ജ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് തസ്ലിമ ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങിയത്. അതാകട്ടെ പ്രസ്തുത സാഹിത്യകൃതിയുടെ ലോകോത്തരലാവണ്യം കൊണ്ടല്ല, അതുയര്‍ത്തിയ വിവാദങ്ങള്‍കൊണ്ടാണ്. ബാബറി മസ്ജിദ് പൊളിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബാംഗ്ലാദേശിലെ ന്യൂനപക്ഷക്കാരായ ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടിരുന്നു. ഈ സംഭവം പശ്ചാത്തലമാക്കി ബാംഗ്ലാദേശിലെ ഒരു ഹിന്ദുകുടുംബം പലായനം ചെയ്യുന്ന കഥയാണ് ലജ്ജയുടേത്. ബാംഗ്ലാദേശിലെ ഇസ്ലാമിക മൌലികവാദത്തെ അതിനിശിതമായി വിമര്‍ശിക്കുന്ന ഈ കൃതി മതമൌലികവാദികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നിരോധിച്ചു. എതിര്‍പ്പിന്റെ കാഠിന്യം അതുകൊണ്ടും കാര്യമായി കുറഞ്ഞില്ല. നാഷണല്‍ ബുക്ക് ഫെയറില്‍ ഒരു വായനക്കാരന് ഓട്ടോഗ്രഫ് കൊടുത്തുനില്ക്കുന്നതിനിടയില്‍ ശാരീരികമായിത്തന്നെ തസ്ലിമ ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് അവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കപ്പെട്ടു; തലയ്ക്കുവില നിശ്ചയിക്കപ്പെട്ടു. ചില സംഘടനകള്‍ തസ് ലിമയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രാജ്യമെങ്ങും പ്രക്ഷോഭം നടത്തി. ഒടുവില്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബാംഗ്ളദേശ് ഗവണ്‍മെന്റ് തസ്ലിമയ്ക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചു. കുറച്ചുകാലം തസ്ലിമ ഒളിവില്‍ക്കഴിഞ്ഞു. ഇതിനിടെ ചില തീവ്രവാദസംഘടനകള്‍ രണ്ട് ഫത്വ കൂടെ പുറപ്പെടുവിക്കുകയുണ്ടായി. രണ്ടുമാസത്തിനുശേഷം ഹൈക്കോടതിയില്‍നിന്നും പ്രത്യേക വിധിനേടി അവര്‍ രാജ്യംവിട്ടു. പക്ഷേ, പാസ്പോര്‍ട്ട് അസാധുവാക്കിക്കൊണ്ട് മടങ്ങിവരവ് നിഷേധിച്ചു. പില്ക്കാലത്ത് അവരുടെ മിക്ക പ്രധാന രചനകളും ബംഗ്ളാദേശില്‍ നിരോധിക്കപ്പെടുകയും ചെയ്തു.

ജന്മനാട് പുറംന്തള്ളിയ തസ്ലിമ പല രാജ്യങ്ങളിലും ഒരു അഭയാര്‍ഥിയായി ജീവിച്ചുപോരുന്നു. ഇതിനിടെ ലജ്ജ എന്ന കൃതിയുടെ വിവിധ വൈദേശിക ഭാഷകളിലുള്ള വിവര്‍ത്തനത്തിലൂടെയും മറ്റ് ആംഗലേയ രചനകളിലൂടെയും തസ്ലിമ വിശ്വസാഹിത്യ സാംസ്കാരികരംഗത്ത് മതനിരപേക്ഷമായ പെണ്ണവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സ്ത്രീയുടെ പ്രതീകമായി വളര്‍ന്നു. ലജ്ജയ്ക്ക് മലയാള വിവര്‍ത്തനവും ഉണ്ടായിട്ടുണ്ട്. ലജ്ജയെ തുടര്‍ന്നുള്ള രചനകളില്‍ പ്രധാനം അഞ്ചു ഭാഗങ്ങളിലായുള്ള ആത്മകഥയാണ്. ഇതില്‍ ആദ്യഭാഗമായ അമര്‍ മെയേബേല്‍ 1999-ലാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുവന്ന ആത്മകഥാഭാഗങ്ങള്‍ ഇവയാണ്. ഉതല്‍ ഹവ കാ, ദ്വിഖാന്‍ദിതോ, സെയ് സേബ് ഓണഥോകര്‍, അമി ബാലോ നേയ് ദുമി ബാലേം ഭേയോ പ്രിയ ദേശ്. ആത്മകഥയുടെ ആദ്യഭാഗം എന്റെ പെണ്‍കുട്ടിക്കാലം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. രണ്ടാമത്തെ പ്രധാന നോവലായ ഷെറോം, വീണ്ടും ലജ്ജിക്കുന്നുവെന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

ഈ യാത്രകള്‍ക്കിടയില്‍ ഇന്ത്യയിലേക്ക് വരാനുള്ള പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. 1999-ലെ വധഭീഷണിയും, 2004-ലെഫത്വയും അതിനുളള അനുമതി നിഷേധിക്കപ്പെടുന്നതിനുള്ള കാരണമായി. എന്നാല്‍ വൈകാതെ പ്രത്യേക അനുമതി തേടി ഇന്ത്യയില്‍ എത്തുകയും കൊല്‍ക്കത്തയില്‍ ഒളിവുജീവിതം നയിക്കുകയും ചെയ്തു. മൌലികവാദികള്‍ ഒരു ഫത്വകൂടി പുറപ്പെടുവിക്കുകയും തലയ്ക്ക് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. 2007-ല്‍ ഹൈദരാബാദില്‍വച്ച് തസ്ലിമ ആക്രമിക്കപ്പെട്ടു. പിന്നീട് കൊല്‍ക്കത്തയില്‍ വീട്ടുതടങ്കലില്‍ ആയി. ഇക്കാലത്ത് അവര്‍ക്കെതിരെ നിരന്തരമായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ പലഭാഗത്തുമായി ഉയര്‍ന്നു. ക്രമസമാധാനപ്രശ്നങ്ങള്‍ നിമിത്തം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 2007-ല്‍ സംസ്ഥാനം വിട്ടുപോകണം എന്നാവശ്യപ്പെട്ടതനുസരിച്ച് ആദ്യം ജയ്പൂരിലേക്ക് പോയെങ്കിലും പിന്നീട് വീട്ടുതടങ്കലിനു സമാനമായ അവസ്ഥയില്‍ ഡല്‍ഹിയില്‍ താമസിച്ചു. 2008-ല്‍ ഇന്ത്യ വിടാന്‍ ഇന്ത്യാഗവണ്‍മെന്റും ആവശ്യപ്പെട്ടു. അങ്ങനെ 7മ്മ മാസത്തെ ഇന്ത്യന്‍ജീവിതം അവസാനിപ്പിച്ചു. ജന്മദേശത്തിലുമേറെ താന്‍ സ്നേഹിക്കുന്ന കൊല്‍ക്കത്തയില്‍ ജീവിക്കാനാണ് തസ്ലിമയുടെ ആഗ്രഹമെങ്കിലും ഇന്ന് അമേരിക്കയിലാണ് അവരുടെ താമസം. ഇതിനിടെ 2009-ല്‍ ഇന്ത്യയില്‍ എത്തിയെങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയ അന്ത്യശാസനത്തെത്തുടര്‍ന്ന് പെട്ടെന്നു തന്നെ മടങ്ങിപ്പോകുകയായിരുന്നു.

കൊല്‍ക്കത്തയിലെ ആനന്ദപുരസ്കാരം (1992, 2000), ഡാക്കയിലെ നാട്യസഭാ അവാര്‍ഡ്, പശ്ചിമബംഗാളിലെ ശരത്ചന്ദ്രസാഹിത്യ പുരസ്കാരം, സ്വീഡിഷ് പെന്നിന്റെ കര്‍ട്ട് തകോള്‍സ്കി പ്രൈസ്, ചിന്താസ്വാതന്ത്യ്രത്തിനായി പൊരുതുന്നവര്‍ക്കായുള്ള സഖറോവ് പ്രൈസ്, ഫ്രഞ്ച് മനുഷ്യാവകാശപുരസ്കാരം, യൂറോപ്യന്‍പാര്‍ലമെന്റ് പുരസ്കാരം, ബെല്‍ജിയം ഗവണ്‍മെന്റിന്റെ എഡിക്റ്റ് ഒഫ് നാന്റിസ് പുരസ്കാരം, അഹിംസാസന്ദേശ പ്രചാരണത്തിനായുള്ള യുനെസ്കോ അവാര്‍ഡ്, ഫ്രാന്‍സിലെ ഗ്രാന്റ്പ്രി ഇന്റര്‍നാഷണലിന്റെ ആരോ 2005 പുരസ്കാരം, സിമോങ് ദ് ബുവേ പ്രൈസ് (ഫ്രാന്‍സ്), സിറ്റിസണ്‍ ഓണര്‍ (സിറ്റി ഒഫ് പാരിസ്-ഫ്രാന്‍സ്), ന്യൂയോര്‍ക്ക് സിറ്റി സാഹിത്യവിഭാഗം പ്രൈസ്, ഇന്റര്‍നാഷണല്‍ അക്കാദമി ഒഫ് ഹ്യൂമനിസത്തിന്റെ ഹ്യൂമനിസ്റ്റ് ലോറേറ്റ് ബഹുമതി എന്നിങ്ങനെ നൂറുക്കണക്കിന് പുരസ്കാരങ്ങളും ബഹുമതികളും തസ്ലിമയെത്തേടിയെത്തിയിട്ടുണ്ട്.

നിരോധിതരചനകള്‍ക്കിടയിലും രാജ്യാന്തരപലായനങ്ങള്‍ക്കിടയിലും മതാത്മകമായ അധീശത്വങ്ങള്‍ക്ക് വെല്ലുവിളിയായി തസ്ലിമയെന്ന നവഫെമിനിസ്റ്റും അവരുടെ രചനകളും വര്‍ത്തമാനകാലത്തെ അക്ഷരപോരാട്ടങ്ങളുടെ മുന്‍നിരയില്‍ത്തന്നെയുണ്ട്.

(സുനീത ടി.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍