This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവാസ് ഷെരീഫ് (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവാസ് ഷെരീഫ് (1949 - )

Navas Shareef

പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്ലീം ലീഗിന്റെ (നവാസ്) സ്ഥാപകനേതാവും. 1949 ഡി. 25-ന്, ലഹോറിലെ വ്യവസായ പ്രമുഖനായ മുഹമ്മദ് ഷരീഫിന്റെ സീമന്തപുത്രനായി ജനിച്ചു. ലാഹോറിലെ സെന്റ് ആന്റണീസ് ഹൈസ്കൂള്‍, ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് നിയമ ബിരുദവും നേടി.

പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ടിരുന്ന നവാസിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അന്നത്തെ പാക് പ്രസിഡന്റായ സിയ-ഉള്‍-ഹക്കാണ്. പഞ്ചാബ് ജില്ലാ ഉപദേശക സമിതിയില്‍ അംഗമായി ചേര്‍ന്നുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം 1985 ഏ. 9-ന് പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ജനറല്‍ സിയ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (1988) നവാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. ഈ തെരഞ്ഞെടുപ്പിലൂടെ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ബേനസീര്‍ ഭൂട്ടോ നവാസിനെ രാഷ്ട്രീയ പ്രതിയോഗിയായി കണ്ടു. (സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് വധശിക്ഷ നല്കിയ സിയ-ഉള്‍-ഹക്കിന്റെ വലംകൈ ആയിരുന്നു നവാസ് എന്നതായിരുന്നു ശത്രുതയ്ക്ക് കാരണം) അഴിമതി ആരോപണങ്ങളുടെ പേരില്‍ ബേനസീര്‍ പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച നവാസ് ആദ്യമായി പാകിസ്താന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു (1990 ന.). വലതുപക്ഷ യാഥാസ്ഥിതിക കക്ഷികളുടെ പിന്തുണയോടെയാണ് ഇദ്ദേഹം അധികാരത്തിലേറിയത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനുശേഷം 1993 ഏ. 18-ന് അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാന്‍ പുറത്താക്കി. ഒന്നരമാസത്തിനുള്ളില്‍ പാക്സുപ്രീംകോടതി ഇടപെട്ട് നവാസിനെ പുനഃസ്ഥാപിച്ചെങ്കിലും പ്രസിഡന്റുമായുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെ 1993 ജൂലൈ 18-ന് നവാസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

1997 ഫെബ്രുവരിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫ് രണ്ടാമതും പ്രധാനമന്ത്രിയായി. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 90 ശ.മാ. നേടിക്കൊണ്ട് പാക് ചരിത്രത്തിലെ എക്കാലത്തെയും വിജയം കരസ്ഥമാക്കിയ നവാസ് ഏറെ വിവാദപരമായ ചില ഭരണഘടനാ ഭേദഗതികള്‍ പാസ്സാക്കി. ഇതില്‍ 13-ാം ഭേദഗതി, പാക് പ്രസിഡന്റിന് പ്രധാനമന്ത്രിയെ പിരിച്ചുവിടാനുള്ള അധികാരം എടുത്തുകളയുകയും, 14-ാം ഭേദഗതി പാര്‍ട്ടി അംഗങ്ങളില്‍ തികഞ്ഞ അച്ചടക്കം അടിച്ചേല്പിക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്ഥിതിക ഇസ്ലാമിക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഇദ്ദേഹത്തെ പാശ്ചാത്യലോകം സംശയത്തോടെയാണ് വീക്ഷിച്ചത്.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ പിന്‍ബലത്തില്‍ സൈനിക നേതൃത്വവുമായി പലപ്പോഴും ഇടഞ്ഞ നവാസ്, പല കരസേനാമേധാവികളെയും പുറത്താക്കിയിരുന്നു. 1998 ഒക്ടോബറില്‍ ഇദ്ദേഹം ജനറല്‍ പര്‍വേസ് മുഷറഫിനെ സൈനിക മേധാവിയായി നിയമിച്ചു. എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താനുണ്ടായ പരാജയത്തിനുശേഷം ഇരുവരും തമ്മില്‍ അകലുകയാണുണ്ടായത്. പട്ടാള അട്ടിമറിയിലൂടെ മുഷറഫ് തന്നെ പുറത്താക്കുമെന്ന് ഭയന്ന നവാസ് ഷെരീഫ് 1999 ഒ. 12-ന് മുഷറഫിനെ സൈനിക മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. എന്നാല്‍ ഏറെ നാടകീയമായ ഒരു പട്ടാള അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കിയ മുഷറഫ് അധികാരം പിടിച്ചെടുക്കുകയാണുണ്ടായത്. പിന്നീട് വിവിധ കേസുകളിലായി 14 വര്‍ഷം തടവും 21 വര്‍ഷം ഏതെങ്കിലും ഭരണ സ്ഥാപനത്തിന്റെ മേധാവിത്വം വഹിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തിയെങ്കിലും സൌദി രാജകുടുംബത്തിന്റെ പ്രത്യേക ഇടപെടലിനെത്തുടര്‍ന്ന് ശിക്ഷ സൗദിയിലേക്കുള്ള നാടുകടത്തലായി ഇളവ് ചെയ്യപ്പെട്ടു.

സൗദിയില്‍വച്ച് മുന്‍ രാഷ്ട്രീയ എതിരാളികളായ നവാസും ബേനസീറും തമ്മില്‍ (ഫെ. 2005) കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് രാജ്യത്തിന്റെ പൊതുതാത്പര്യത്തിനായി ഒരുമിച്ച ഇവര്‍ 2006 മേയ് 14-ന് ലണ്ടനില്‍ വച്ച് ഒരു ജനാധിപത്യ ഉടമ്പടിയില്‍ (Charter of Democracy) ഒപ്പുവയ്ക്കുകയുണ്ടായി. പാകിസ്താനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി എ.ആര്‍.ഡി. (Alliance for the Restoration of Democracy) എന്ന സഖ്യം രൂപീകരിച്ചെങ്കിലും പിന്നീട് ബേനസീര്‍ ഇതില്‍നിന്നും വിട്ടുനിന്നത് സഖ്യത്തെ നിര്‍ജീവമാക്കി (മുഷറഫുമായി എത്തിച്ചേര്‍ന്ന രഹസ്യ ധാരണയായിരുന്നു ബേനസീറിന്റെ പിന്‍മാറ്റത്തിനു കാരണം എന്നു പറയപ്പെട്ടിരുന്നു). അതേസമയം മുഷറഫുമായി യാതൊരു സന്ധിക്കും വഴങ്ങാത്ത നവാസിന്റെ വ്യക്തിത്വം ഇദ്ദേഹത്തെ പാകിസ്താനിലെ ജനപ്രിയനായകനാക്കി മാറ്റി. നവാസ് ഷെറീഫിന് പാകിസ്താനിലേക്ക് മടങ്ങിവരാന്‍ അനുമതി നല്കിക്കൊണ്ടുള്ള വിധിന്യായം സുപ്രീംകോടതി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് 2007 സെപ്. 10-ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ ഇസ്ലാമാബാദില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തെ മുഷറഫ് ഭരണകൂടം നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാകിസ്താന്‍ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കാതെ സൌദിയിലേക്ക് തിരിച്ചയച്ചു.

പ്രസിഡന്റ് മുഷറഫ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം നവാസിനെയും ബേനസീറിനെയും വീണ്ടും സമവായത്തിലെത്താന്‍ പ്രേരിപ്പിച്ചു. 2008 ജനു.-യിലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അടിയന്തിരാവസ്ഥറദ്ദാക്കുക എന്ന അജണ്ടയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്.

നവാസിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കണമെന്ന് സൗദി രാജകുടുംബം ചെലുത്തിയ സമ്മര്‍ദം നവാസ് ഷെരീഫിന് പാകിസ്താനില്‍ തിരികെ വരാനുള്ള അവസരം സംജാതമാക്കി. 2008 ജനു.-യില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നവാസ് നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചെങ്കിലും ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനിന്നു എന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കി (തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി 2009 മേയ് 27-ന് റദ്ദാക്കുകയുണ്ടായി).

2007 ഡി. 27-ന് ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതോടെ പ്രത്യേകമായ രാഷ്ട്രീയ കാലാവസ്ഥ പാകിസ്താനില്‍ സംജാതമായി. ബേനസീര്‍ വധിക്കപ്പെട്ട സാഹചര്യത്തില്‍ തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നവാസ് പ്രഖ്യാപിച്ചെങ്കിലും, ആസിഫ് സര്‍ദാരിയുടെ (ബേനസീറിന്റെ ഭര്‍ത്താവ്) അഭ്യര്‍ഥനയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി തീരുമാനിച്ചു. 2008 ഫെ. 18-ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടി പഞ്ചാബില്‍ വ്യക്തമായ ഭൂരിപക്ഷം നേടുകയും പാക് നാഷണല്‍ അസംബ്ളിയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ബേനസീര്‍ ഭൂട്ടോ നേതൃത്വം വഹിച്ചിരുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 342 അംഗ അസംബ്ലിയില്‍ 123 സീറ്റും നവാസിന്റെ പാര്‍ട്ടിക്ക് 91 സീറ്റും ലഭ്യമായി. പി.പി.പി.-പി.എം.എല്‍.എന്‍. ധപാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്)പസഖ്യത്തിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മുഷറഫ് പിരിച്ചുവിട്ട ജഡ്ജിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് 2008 മേയ് 14-ന് നവാസ് ഷെരീഫിന്റെ പാര്‍ട്ടി മന്ത്രിസഭയില്‍ നിന്നു മന്ത്രിമാരെ പിന്‍വലിച്ചെങ്കിലും മന്ത്രിസഭയെ പുറത്തുനിന്നും പിന്തുണയ്ക്കുകയുണ്ടായി. 2008 ആഗ. 25-ന് പി.പി.പി.യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിനുള്ള പിന്തുണ നവാസ് പിന്‍വലിച്ചു. ജഡ്ജിമാരെ തിരിച്ചെടുക്കണമെന്ന അന്ത്യശാസനം പി.പി.പി. തള്ളിക്കളഞ്ഞതും, ആസിഫ് അലി സര്‍ദാരിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പരിഗണിച്ചതുമാണ് മുന്നണി ബന്ധത്തെ ഉലച്ചത്. ജഡ്ജിമാരെ തിരിച്ചെടുത്തുവെങ്കിലും (2009) പാകിസ്താനില്‍ യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടം പ്രതിപക്ഷകക്ഷിയായ മുസ്ലിം ലീഗ് (നവാസ്) തുടരുകയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍