This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവാബ് മിര്‍സാ ദാഗ് (1831 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവാബ് മിര്‍സാ ദാഗ് (1831 - 1905)

ഉര്‍ദു കവി. 1831-ല്‍ ഫിറോസ്പൂരില്‍ ജനിച്ചു. യഥാര്‍ഥപേര് നവാബ് ഇബ്രാഹിം എന്നാണ്. ജീര്‍കാ ഫിറോസ്പൂരിലെ നവാബ് ഷംസ്-ഉദ്-ദിന്‍ അഹമ്മദ് ആയിരുന്നു പിതാവ്. ദാഗിന് നാലുവയസ്സായപ്പോഴേക്കും പിതാവ് ഡല്‍ഹിയിലെ ബ്രിട്ടീഷ് റസിഡന്റ് വില്യം ഫ്രേസറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയിലേര്‍പ്പെട്ടെന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധേയനായി. ഈ ദുരന്തത്തിനുശേഷം ദാഗും അമ്മയും രാംപൂരിലേക്ക് താമസം മാറ്റി. ഡല്‍ഹിയിലെ യുവരാജാവ് മിര്‍സാ, അമ്മയെ പുനര്‍വിവാഹം കഴിച്ചപ്പോള്‍ ദാഗിന്റെ താമസം ചെങ്കോട്ടയിലായി. ദാഗിന് 25 വയസ്സായപ്പോള്‍ ഈ രണ്ടാനച്ഛന്‍ മരിച്ചെങ്കിലും ഒരു കൊല്ലത്തോളം ദാഗ് ഡല്‍ഹിയിലെ താമസം തുടര്‍ന്നു.    എന്നാല്‍ 1857-ലെ ഒന്നാം സ്വാതന്ത്യ്രസമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയപ്പോഴുണ്ടായ കൂട്ടക്കൊലയ്ക്കുശേഷം രാംപൂരിലേക്കു തന്നെ മടങ്ങി. അവിടെ അദ്ദേഹം തുടര്‍ച്ചയായി മൂന്നു നവാബുമാരുടെ രക്ഷാകര്‍ത്തൃത്വത്തില്‍   കഴിയുകയും ചെയ്തു.

Image:Nawab Mirza Dag.png

രാംപൂരിലായിരിക്കുമ്പോള്‍ ദാഗ് സൗഖ് എന്ന അക്കാലത്തെ പ്രസിദ്ധകവിയുടെ ശിഷ്യനായി. ഗുരുവിന്റെ ചുവടുപിടിച്ച് പ്രസന്നമായ കാവ്യഭാഷയും ശൈലിയും ഇദ്ദേഹം തന്റെ കവിതയിലും വികസിപ്പിച്ചെടുത്തു. കാവ്യാവിഷ്കാരത്തില്‍ ഐന്ദ്രിയാനുഭൂതികളുടെ വര്‍ണനയും അങ്ങനെ കൈവന്നതാണ്.

1888-ല്‍ ഇദ്ദേഹം ആന്ധ്രസംസ്ഥാനത്തില്‍പ്പെട്ട അന്നത്തെ ഹൈദരാബാദിലേക്ക് താമസം മാറ്റി. ഭോഗലാലസതയുടെ കൂടി കവിയായതിനാലാകണം ഹൈദരാബാദ് നവാബിന്റെ കൊട്ടാരത്തില്‍ ദാഗിന് വലിയ അംഗീകാരമാണ് ലഭിച്ചത്. അവിടെ അദ്ദേഹം രാജസദസ്സിലെ കവിയായി നിയമിതനായി.

ഗുല്‍സാര്‍-ഇ ദാഗ് (1878), മസ്നവി ഫര്യദ്-ഇ-ദാഗ് (1882), അഫ്താബ്-ഇ-ദാഗ് (1885), മഹ്താബ്-ഇ-ദാഗ് (1893), യാദ്ഗാര്‍-ഇ-ദാഗ് (1905) എന്നിവയാണ് ദാഗിന്റെ കൃതികള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എല്ലാദേശത്തും തന്റെ കവിയശസ്സുകൊണ്ട് അനുയായികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരു മഹാകവിയായി ദാഗ് അംഗീകാരം നേടി. ദാഗിനെ ഗുരുവായി മനസാ വരിക്കയും ആ കാലടിപ്പാടുകളെ പിന്തുടരുകയും ചെയ്ത ശിഷ്യഗണത്തില്‍ മഹാകവി ഇക്ബാലും പെട്ടിരുന്നു. വ്യവഹാരഭാഷയെന്ന നിലയില്‍ ഉര്‍ദുവിന്റെ ശക്തിയും സൌന്ദര്യവും ചോര്‍ന്നുപോകാതെ കവിതയിലേക്ക് ആവാഹിക്കുന്നതില്‍ അസാമാന്യവിജയം ദാഗ് നേടിയെടുത്തു. ഐന്ദ്രിയാനുഭൂതിയുടെ കുറ്റമറ്റ ആവിഷ്കാരരീതിയും ശുദ്ധമായ ഭാഷാശൈലിയും ആ കവിതയുടെ മുഖമുദ്രകളായി. ഇത് അന്നത്തെ തലമുറയ്ക്ക് ദാഗിനെ പ്രിയങ്കരനാക്കി.

(കെ.എം. ലെനിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍