This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവസാഹസാങ്കചരിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവസാഹസാങ്കചരിതം

സംസ്കൃതത്തിലെ ഒരു ചരിത്ര മഹാകാവ്യം. 'പരിമള കാളിദാസന്‍' എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന പദ്മഗുപ്തനാണ് രചയിതാവ്. പരമാര രാജവംശത്തിലെ പ്രസിദ്ധനായ മുഞ്ജ മഹാരാജാവിന്റെ ആസ്ഥാന കവികളില്‍ പ്രധാനിയായിരുന്നു പദ്മഗുപ്തന്‍. പിതാവ് മൃഗാങ്കഗുപ്തന്‍. 10-ാം ശ.-ത്തിന്റെ അവസാനത്തിലും 11-ാം ശ.-ത്തിന്റെ ആദ്യപാദത്തിലും ജീവിച്ചിരുന്ന പദ്മഗുപ്തന്‍ ഒരു തികഞ്ഞ ശിവഭക്തനായിരുന്നു. മുഞ്ജമഹാരാജാവിന്റെ പിന്തുടര്‍ച്ചക്കാരനായ ഭോജരാജാവിന്റെ കാലഘട്ടത്തിലും അദ്ദേഹം ജീവിച്ചിരുന്നു. മുഞ്ജന്‍ തന്നെയാണ് ഭോജരാജാവെന്നും പണ്ഡിതന്മാര്‍ക്കഭിപ്രായമുണ്ട്. ഭോജപ്രബന്ധത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കാളിദാസന്‍ പദ്മഗുപ്തനാണെന്ന് നിരൂപകര്‍ അനുമാനിക്കുന്നു. പദ്മഗുപ്തന്റെ കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു കൃതിയാണ് നവസാഹസാങ്കചരിതം. കാവ്യരചനയില്‍ പദ്മഗുപ്തനെ ഏറെ സ്വാധീനിച്ചിട്ടുള്ളത് മഹാകവി കാളിദാസനാണെന്നു കാണാം. അതുകൊണ്ടുതന്നെയത്രെ അദ്ദേഹം പരിമള കാളിദാസന്‍ എന്ന് അറിയപ്പെട്ടത്. തന്റെ സുഹൃത്തും സംരക്ഷകനുമായ രാജാവിനെ നായകനാക്കിക്കൊണ്ട് രചിച്ച മഹാകാവ്യമാണിത്. പതിനെട്ട് സര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതി സിന്ധുരാജനും നാഗകന്യകയായ ശശിപ്രഭയും തമ്മിലുള്ള അനുരാഗത്തെയും പ്രേമസാഫല്യത്തെയും അനാവരണം ചെയ്യുന്നു.

ഇതിവൃത്തസംഗ്രഹം ഇതാണ്: ഒരു മാന്‍ മാരകമായി മുറിവേറ്റുവെങ്കിലും രക്ഷപ്പെട്ടു. അസ്ത്രത്തില്‍ ആലേഖനം ചെയ്തിരുന്ന പേരില്‍നിന്നും തന്റെ മാന്‍കിടാവിനെ അമ്പെയ്തത് സിന്ധുരാജനാണെന്ന് അതിന്റെ ഉടമസ്ഥയായ നാഗകന്യക മനസ്സിലാക്കി. താന്‍ അമ്പെയ്ത മാനിനെ അന്വേഷിച്ചു പുറപ്പെട്ട രാജാവ് തടാകത്തില്‍ നീന്തിത്തുടിക്കുന്ന മനോഹരമായ ഒരു അരയന്നത്തെ കണ്ടു. രാജാവ് ആ അരയന്നത്തെ പിടിച്ചു. അതിന്റെ ചുണ്ടിലുണ്ടായിരുന്ന മുത്തുമാലയില്‍ രേഖപ്പെടുത്തിയിരുന്ന നാമം ശശിപ്രഭയുടേതായിരുന്നു. നേരില്‍ കണ്ടില്ലെങ്കിലും രാജാവും നാഗകന്യകയും പരസ്പരം അനുരാഗികളായിത്തീര്‍ന്നു.

എന്നാല്‍ ആ അനുരാഗം സഫലമാകണമെങ്കില്‍ നാഗലോകം അന്യായമായി കീഴ്പ്പെടുത്തിയിരിക്കുന്ന വജ്രാങ്കുശനെന്ന അസുരനെ രാജാവ് കീഴടക്കണമെന്നും അവന്‍ രാജധാനിയില്‍ സൂക്ഷിച്ചിരിക്കുന്ന സുവര്‍ണകമലം വീണ്ടെടുക്കണമെന്നും തോഴി രാജാവിനെ അറിയിച്ചു. രാജാവ് അത് സാധ്യമാക്കുകയും ശശിപ്രഭയെ വരിക്കുകയും ചെയ്തു. കഥാവതരണത്തോടൊപ്പം സിന്ധുരാജന്റെ ഭരണ നൈപുണ്യം, ജനങ്ങളുടെ ജീവിതരീതി എന്നിവയും ഈ ചരിത്രകാവ്യത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അക്കാലത്തെ ചരിത്രാവസ്ഥകളെക്കുറിക്കുന്ന ആധികാരികമായ രേഖയായും നവസാഹസാങ്കചരിതത്തെ കണക്കാക്കാം.

ഭോജരാജന്റെ സരസ്വതീകണ്ഠാഭരണം, ക്ഷേമേന്ദ്രന്റെ ഔചിത്യവിചാരചര്‍ച്ച, മമ്മടഭട്ടന്റെ കാവ്യപ്രകാശം, വര്‍ധമാനന്റെ ഗുണരത്നമഹോദധി തുടങ്ങിയ കൃതികളില്‍ പദ്മഗുപ്തനെ പരാമര്‍ശിക്കുകയും അദ്ദേഹത്തിന്റെ കവിതകള്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. നവസാഹസാങ്കചരിതത്തില്‍ കാണപ്പെടാത്ത ചില ശ്ലോകങ്ങളും ഇക്കൂട്ടത്തില്‍ കാണപ്പെടുന്നുണ്ട്. സ്വാഭാവികമായും പദ്മഗുപ്തന്‍ മറ്റൊരു കൃതികൂടി രചിച്ചിരിക്കാം എന്ന് വിമര്‍ശകര്‍ അനുമാനിക്കുന്നു. കാവ്യരചനയില്‍ കാളിദാസനെ പിന്തുടരുന്ന പദ്മഗുപ്തന്റെ ശൈലി ഏറെ ലളിതവും ഉദാത്തവും അലങ്കാരശബളിമയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതുമാണ്.

(ഡോ. ധര്‍മരാജ് അടാട്ട്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍