This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവഖാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:51, 29 നവംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവഖാലി

ബാംഗ്ലാദേശിലെ തെക്കു കിഴക്കന്‍ സംസ്ഥാനമായ ചിറ്റഗോങ്ങിലെ ഒരു ജില്ല. സ്വാതന്ത്യ്രത്തിനു മുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്നു നവഖാലി. ബലുവ എന്ന പേരിലാണ് നവഖാലി 1821 വരെ അറിയപ്പെട്ടിരുന്നത്. 1660-കളില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ നിരന്തരമായ കൃഷിനാശം ബലുവയുടെ സമ്പദ്ഘടനയെ ദുര്‍ബലമാക്കിയിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാനായി രൂപംകൊടുത്ത പുതിയ കനാലിന്റെ നിര്‍മിതിക്കു ശേഷമാണ് ബലുവ നവഖാലി എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടത്. 'നവീനം' എന്നര്‍ഥം വരുന്ന 'നവ'യും 'കനാല്‍' എന്നര്‍ഥം വരുന്ന 'ഖാല്‍'-ഉം ചേര്‍ന്നുലഭിച്ചതാണ് 'നവഖാലി' എന്ന സ്ഥലനാമം. 1821-ല്‍ നവഖാലി ജില്ല രൂപീകരിക്കപ്പെട്ടു. 1920-ലെ ഖിലാഫത്ത് മുന്നേറ്റത്തില്‍ നവഖാലിയിലെ ജനങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. 1946 ആഗ. 16-ന് പാകിസ്താനുവേണ്ടി ജിന്ന പ്രത്യക്ഷസമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ ഹിന്ദു-മുസ്ലിം വര്‍ഗീയ ലഹളകളുടെ പശ്ചാത്തലത്തില്‍ ഗാന്ധിജി നടത്തിയ സമാധാനശ്രമങ്ങളാണ് നവഖാലിയെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. കല്‍ക്കത്തയില്‍ നടന്ന വര്‍ഗീയ ലഹളയില്‍ (ആഗ. 16) മുസ്ലീങ്ങള്‍ വധിക്കപ്പെട്ടതിനുപകരമായി നവഖാലിയിലെ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ ഒക്ടോബറില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ആസൂത്രിതമായ കൊലപാതകങ്ങള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും പുറമേ കൊള്ളിവയ്പിനും കൊള്ളയ്ക്കും നവഖാലി സാക്ഷ്യം വഹിച്ചു.

തന്റെ ജീവിതത്തെ അര്‍ഥപൂര്‍ണമാക്കിയ അഹിംസ സിദ്ധാന്തം നവഖാലിയില്‍ പരാജയപ്പെട്ടതായി കണ്ട ഗാന്ധിജി സമാധാനദൗത്യവുമായി 1947 ജനുവരിയില്‍ ഇവിടെ എത്തി. പ്രായശ്ചിത്തമെന്ന നിലയ്ക്ക് നടത്തിയ തീര്‍ഥയാത്രയില്‍ (Pilgrimage of Penance) അദ്ദേഹം 7 ആഴ്ച കൊണ്ട് 47 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. ഗ്രാമഗ്രാമാന്തരം നടന്ന് ഹിന്ദു - മുസ്ലിം സഹോദരങ്ങളോട് സമാധാനത്തിനും ശാന്തിക്കുമായി അഭ്യര്‍ഥിച്ചു. കൂട്ടായമ്കള്‍ സംഘടിപ്പിച്ചു. ഓരോ ഗ്രാമത്തിലും തന്റെ അഭ്യര്‍ഥന ചെവിക്കൊള്ളുന്ന ഒരു ഹിന്ദുനേതാവിനെയും ഒരു മുസ്ലിം നേതാവിനെയും തിരഞ്ഞുപിടിച്ച് അവരെ സമാധാനത്തിന്റെ കൂട്ടജാമ്യക്കാരാക്കുന്ന രീതിയാണ് ഗാന്ധിജി അവലംബിച്ചത്. ആഭ്യന്തരയുദ്ധത്തിന്റെ അന്തരീക്ഷം നിലനിന്ന നവഖാലിയില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ ഗാന്ധിജിക്കു കഴിഞ്ഞു.

സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്നു നവഖാലി, വിഭജനത്തിനുശേഷം പാക് പ്രവിശ്യയായ കിഴക്കന്‍ ബംഗാളില്‍ ഉള്‍പ്പെട്ടു. കിഴക്കന്‍ ബംഗാള്‍ ഷെയ്ക്ക് മുജീബ് ഉര്‍ റഹ്മാന്റെ നേതൃത്വത്തില്‍ ബാംഗ്ലാദേശ് എന്ന പേരില്‍ സ്വാതന്ത്ര്യംപ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബാംഗ്ലാദേശിലെ ജനങ്ങളും പാക് പട്ടാളവും തമ്മില്‍ നടന്ന വിവിധ സംഘട്ടനങ്ങളില്‍ നവഖാലിയിലെ എഴുപതോളം പേര്‍ കൊല്ലപ്പെടുകയുണ്ടായി. 1971-ലാണ് നവഖാലി പാക് പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ നിന്നും വിമോചിക്കപ്പെട്ടത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B5%E0%B4%96%E0%B4%BE%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍