This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നറുവരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നറുവരി

Sebasten plum

ബൊറാജിനേസീ (Boraginaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ. കോര്‍ഡിയ ഡൈക്കോട്ടൊമ (Cordia dichotoma). സംസ്കൃതത്തില്‍ ശ്ളേഷ്മാതകഃ, ബഹുവാഹകഃ, ഉദ്ദാലഃ, ശേലുഃ എന്നീ പേരുകളില്‍ അറിയപ്പെടുന്ന നറുവരിയുടെ കായ്കള്‍ക്കും മരത്തൊലിക്കും വിഭിന്ന ഔഷധഗുണങ്ങളുണ്ട്. അതിനാലാണ് ബഹുഗുണങ്ങള്‍ ഉള്ളത് എന്ന അര്‍ഥത്തില്‍ സംസ്കൃതത്തില്‍ ബഹുവാഹകഃ എന്ന് ഈ വൃക്ഷത്തെ നാമകരണം ചെയ്തിരിക്കുന്നത്.

ഗുജറാത്തില്‍ ധാരാളമായി കണ്ടുവരുന്ന നറുവരിവൃക്ഷം പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും വളരുന്നുണ്ട്. 13 മീറ്ററോളം ഉയരത്തില്‍ വളരുന്ന വൃക്ഷമാണിത്. പുറംതൊലിക്ക് ചാരനിറമാണ്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകള്‍ ആകൃതിയില്‍ വൈവിധ്യം പുലര്‍ത്തുന്നതും തുകല്‍പോലെ കട്ടികൂടിയതുമാണ്. ഇലകളുടെ ആധാരഭാഗം ഉരുണ്ടതോ ഹൃദയാകാരത്തിലുള്ളതോ ആയിരിക്കും. ശ.ശ. 7-18 സെ.മീ. നീളവും 5-13 സെ.മീ. വരെ വീതിയുമുള്ള ഇലകളാണ്. നറുവരി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു. ശാഖാഗ്രങ്ങളിലും ശാഖകളുടെയും ഇലകളുടെയും കക്ഷ്യകളിലും കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് ഇളം മഞ്ഞനിറമാണ്. ബാഹ്യദളപുടത്തിന് കപ്പിന്റെ ആകൃതിയാണുള്ളത്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമുണ്ട്. ദളങ്ങള്‍ പിന്നിലേക്കു വളഞ്ഞിരിക്കുന്നു. അഞ്ച് കേസരങ്ങളുണ്ട്. കടും പച്ചനിറമുള്ള കായ് 1.5-2.2 സെന്റിമീറ്ററോളം നീളവും അത്രതന്നെ വീതിയും മിനുസവുമുള്ള ഡ്രൂപ്പാണ്. ബാഹ്യദളങ്ങള്‍ കൊഴിഞ്ഞുപോകുന്നില്ല. ഇവ കായയ്ക്കു പുറത്ത് ചിരസ്ഥായിയായി കാണപ്പെടുന്നു. കായയ്ക്കകത്ത് വഴുവഴുപ്പുള്ള കുഴമ്പ് (mucilagenous pulp) നിറഞ്ഞിരിക്കുന്നു. ജൂല.-ആഗ. മാസത്തോടെ കായ്കള്‍ വിളഞ്ഞു തുടങ്ങുന്നു. സെപ്.-ഒ. അവസാനം വരെ നറുവരി വൃക്ഷത്തില്‍ കായ്കളുണ്ടായിരിക്കും.

ആയുര്‍വേദവിധിപ്രകാരം കായ്, മരത്തൊലി, ഇല എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. വാതപിത്ത രോഗങ്ങള്‍ ശമിപ്പിക്കുകയും കഫം വര്‍ധിപ്പിക്കുകയും ചെയ്യുന്ന കായ്കള്‍ ശ്വാസകോശരോഗങ്ങള്‍ ശമിപ്പിക്കുകയും ശ്വാസകോശത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. കായ് മൂത്രാശയസംബന്ധമായ രോഗങ്ങള്‍ക്കും മലബന്ധത്തിനും ഉത്തമ ഔഷധമാണ്. മരത്തൊലി വിഷഹരവും കുഷ്ഠം, ചര്‍മരോഗങ്ങള്‍, അതിസാരം എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നതുമാണ്. ഇല അരച്ച് പുഴുക്കടിയുള്ള ഭാഗത്ത് ലേപനം ചെയ്താല്‍ ശമനം കിട്ടും. ഇല ചതച്ച് പല്ലുതേച്ചാല്‍ പല്ലുവേദനയ്ക്കു ശമനമുണ്ടാകും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B1%E0%B5%81%E0%B4%B5%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍