This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നറുനീണ്ടി (നന്നാറി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നറുനീണ്ടി (നന്നാറി)

Indian Sarsaparilla

ഒരു ഔഷധസസ്യം. ആസ്ക്ളിപിയഡേസി (Asclepiadaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ബഹുവര്‍ഷിവള്ളിച്ചെടിയാണിത്. ശാ.നാ. ഹെമിഡെസ്മസ് ഇന്‍ഡിക്കസ് (Hemidesmus indicus) ധവള, ശരിവ, ഗോപി, ഗോപകന്യ, ഗോപവല്ലി, കൃശോദരി തുടങ്ങിയ സംസ്കൃതപേരുകള്‍ ഈ സസ്യത്തിനുണ്ടെങ്കിലും ശാരിവാ എന്ന പേരിലാണ് പൊതുവേ ഇത് അറിയപ്പെടുന്നത്.

ശ്രീലങ്കയിലും ഭാരതത്തില്‍ മഹാരാഷ്ട്ര, ബംഗാള്‍, കേരളം എന്നിവിടങ്ങളിലും നറുനീണ്ടി ധാരാളമായി വളരുന്നുണ്ട്. നേര്‍ത്തവള്ളിയായി പടര്‍ന്നുവളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ തണ്ടിന് പച്ചകലര്‍ന്ന ഇരുണ്ട നീലനിറമായിരിക്കും. ആഹാരം സംഭരിച്ചുവയ്ക്കുന്ന മൂലകാണ്ഡം നല്ല കട്ടിയും സുഗന്ധവുമുള്ളതാണ്. ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകള്‍ക്ക് പച്ചയും നീലയും കലര്‍ന്ന നിറമായിരിക്കും. ഏകദേശം 5-10 സെ.മീ. നീളവും 2-5 സെ.മീ. വീതിയും ഉള്ള ഇലയുടെ അടിഭാഗം ലോമിലമാണ്.

മേയ്-സെപ്. മാസങ്ങളില്‍ നറുനീണ്ടി പുഷ്പിക്കുന്നു. ഇലയുടെ കക്ഷ്യകളില്‍ നിന്നാണ് പൂങ്കുലകളുണ്ടാകുന്നത്. പുഷ്പങ്ങള്‍ വളരെ ചെറുതായിരിക്കും; അഞ്ചു ബാഹ്യദളപുടങ്ങളും മാംസളമായ അഞ്ചുദളപുടങ്ങളും ഉണ്ട്. ദളങ്ങളുടെ പുറംഭാഗം നേര്‍ത്ത പച്ചനിറത്തിലും ഉള്‍ഭാഗം പര്‍പ്പിള്‍നിറത്തിലുമാണുള്ളത്. അണ്ഡാശയത്തിന് രണ്ട് ബീജാണ്ഡപര്‍ണങ്ങളുണ്ട്. വര്‍ത്തിക വളരെ ചെറുതാണ്. 10-15 സെ.മീ. നീളമുള്ള കായ്കള്‍ ജോടികളായാണ് കാണപ്പെടുന്നത്. വിത്തുകള്‍ പരന്നതും മിനുസമുള്ള നീണ്ട ലോമങ്ങളാല്‍ ആവൃതവുമാണ്.

വേരിന്റെ പുറംഭാഗത്തിന് ചുവപ്പുനിറവും ഉള്‍ഭാഗത്തിന് വെളുപ്പുനിറവും ആണ്. വേരില്‍ ഹെമിഡെസ്മിന്‍ എന്ന ക്രിസ്റ്റലോയ്ഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ പി-മിതോക്സി സാലിസിലിക്-ആല്‍ഡിഹൈഡ് ഘടകമായ ബാഷ്പശീലതൈലവും സ്മൈലാസ് പെറിക് അമ്ലവും ഇതില്‍ അടങ്ങിയിരിക്കുന്നു.

രക്തശുദ്ധി ഉണ്ടാക്കുന്ന നറുനീണ്ടിക്കിഴങ്ങ് അഥവാ നറുനീണ്ടിവേര് വിഷഹരമാണ്. ഇത് ജീരകം ചേര്‍ത്ത് കഷായം വച്ച് ത്രിദോഷശമനിയായി ഉപയോഗിക്കുന്നു. വാതരക്തം, ത്വഗ്രോഗം, കുഷ്ഠം, സിഫിലിസ്, മൂത്രാശയരോഗങ്ങള്‍ ഇവയ്ക്ക് ഔഷധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.

എലിവിഷത്തിനുള്ള ചികിത്സയായി നറുനീണ്ടി വേര് നെയ്യു കാച്ചി ഉപയോഗിക്കുന്നു. നറുനീണ്ടിക്കിഴങ്ങ് വറുത്തു പൊടിയാക്കി കുട്ടികള്‍ക്ക് ഗ്രഹണിക്ക് ഔഷധമായി നല്കാറുണ്ട്. നറുനീണ്ടിവേര് ചതച്ച് തിളയ്ക്കുന്ന വെള്ളത്തിലിട്ട് കഷായമാക്കി ദിവസവും മൂന്നുനേരം ചൂടോടെ കഴിച്ചാല്‍ കുട്ടികളുടെ രക്തക്കുറവും ബലക്ഷയവും ശമിക്കും. ഈ കഷായം പാലും പഞ്ചസാരയും ചേര്‍ത്ത് ചായകുടിക്കുന്നതു പോലെ കുടിക്കാം. സര്‍ബത്ത്, സ്ക്വാഷുകള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ നറുനീണ്ടി ഉപയോഗിക്കുന്നു. നറുനീണ്ടിയുടെ ഗുണങ്ങളെക്കുറിച്ച് ഗുണപാഠത്തില്‍ ഇങ്ങനെ ചേര്‍ത്തിരിക്കുന്നു:

'നറുനീണ്ടിക്കിഴങ്ങിന്നു കച്ചിട്ടുമധുരം രസം

കഫ പിത്തങ്ങളെ തീര്‍ക്കും കൃമികുഷ്ഠവിനാശനം

രക്താതിസാരമെന്നുള്ള രോഗത്തിനു വിനാശനം'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍