This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നര്‍മദ ബചാവോ ആന്ദോളന്‍ (എന്‍.ബി.എ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നര്‍മദ ബചാവോ ആന്ദോളന്‍ (എന്‍.ബി.എ.)

ഒരു സര്‍ക്കാരിതര സന്നദ്ധ സംഘടന. നര്‍മദ നദിക്ക് കുറുകേ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കര്‍ഷകരും വന്‍തോതില്‍ കുടിയൊഴിപ്പിക്കപ്പെടുന്നതിനും അതുമൂലമുണ്ടാകുന്ന പരിസ്ഥിതിവിനാശത്തിനുമെതിരെ രൂപംകൊണ്ട പ്രസ്ഥാനമാണ് നര്‍മദ ബചാവോ ആന്ദോളന്‍ എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നത്. 1989-ല്‍ മേധാപട്കറുടെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്. അഹിംസാത്മകമായ പ്രക്ഷോഭരീതി സ്വീകരിച്ചിരിക്കുന്ന ഈ പ്രസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ബുദ്ധിജീവികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സജീവപങ്കാളികളാണ്. അണക്കെട്ടിനെതിരായ സമരം ഇപ്പോഴും തുടരുന്നു. അണക്കെട്ടുനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നും വാദിക്കുന്ന ഗുജറാത്തിലെ ആര്‍ച്ച്-വാഹിനി, നര്‍മദ അന്‍സര്‍ ഗ്രസ്ഥസമിതി, മധ്യപ്രദേശ് ആസ്ഥാനമായുള്ള നര്‍മദ ഖാദി നവനിര്‍മാണ്‍ സമിതി, മഹാരാഷ്ട്രയിലെ നര്‍മദ ധരണ്‍ ഗ്രസ്ഥസമിതി തുടങ്ങിയ സംഘടനകളും എന്‍.ബി.എ.യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

1947-ലാണ് നര്‍മദ നദിയിലെ വെള്ളം എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചത്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നദിയിലെ ജലവിതരണ തര്‍ക്കം പരിഹരിക്കുന്നതിനു 1969 ഒ. 6-ന് നദീജല തര്‍ക്ക പരിഹാര സമിതി നിലവില്‍ വന്നു. 1979 ഡി. 12-ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സമിതിയുടെ നിര്‍ദേശാനുസരണം 30 വലിയ അണക്കെട്ടുകളും 135 ഇടത്തരം അണക്കെട്ടുകളും 3000 ചെറു അണക്കെട്ടുകളും നിര്‍മിക്കാന്‍ തീരുമാനിച്ചു. 1984-ല്‍ നിര്‍മാണം ആരംഭിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുടെ കാര്‍ഷിക, കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. സര്‍ക്കാരിന്റേത് അതിവാദങ്ങളാണെന്നും യഥാര്‍ഥത്തില്‍ ഗുണഭോക്താക്കളെക്കാള്‍ ബാധിതരാണുണ്ടാവുകയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നും, ഏഴുലക്ഷം പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാവുമെന്നും വ്യക്തമാക്കപ്പെട്ടു. മധ്യപ്രദേശിലെ മഹേശ്വര്‍ ഡാം 40000-ല്‍പ്പരം മനുഷ്യരുടെ ഉപജീവനം ഇല്ലാതാക്കുമെന്നും 61 ഗ്രാമങ്ങളെ ബാധിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. ബാധിതരുടെ മൂന്നില്‍ ഒന്ന് കെവാട്സ്, ഹാര്‍സ് എന്നീ ആദിവാസി വിഭാഗങ്ങളാണ്.

1985-ല്‍ മേധാപട്കറും സംഘവും പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. വലിയ വിഭാഗം ജനങ്ങള്‍ പദ്ധതിയുടെ ഇരകളാകുമെന്ന ആശങ്ക വ്യാപകമായി. പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സൂക്ഷ്മമായ പഠനം നടത്താതെയാണ് അണക്കെട്ട് നിര്‍മാണത്തിനൊരുങ്ങുന്നതെന്ന പരാതിയും വ്യാപകമായി. അടിസ്ഥാന പാരിസ്ഥിതിക നിബന്ധനകളുടെ ലംഘനം, സൂക്ഷ്മപഠനങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവം എന്നീകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിനിര്‍ദേശം മരവിപ്പിച്ചു.

പദ്ധതിക്കുവേണ്ടി ലോകബാങ്ക് 450 മില്യന്‍ ഡോളര്‍ വായ്പയായി നല്കാന്‍ തീരുമാനിച്ചു. ജനങ്ങളെ പുനരധിവസിപ്പിക്കാതെ നിലവിലുള്ള വിളകള്‍ക്ക് നഷ്ടപരിഹാരം നല്കി പ്രശ്നം പരിഹരിക്കാനായിരുന്നു ആദ്യ തീരുമാനം. മേധാപട്കര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. അവര്‍ ഗവേഷണപഠനം ഉപേക്ഷിച്ച് പദ്ധതിബാധിതരായ ജനങ്ങളെ സംഘടിപ്പിക്കാനും പ്രക്ഷോഭം നയിക്കാനും തീരുമാനിച്ചു. മധ്യപ്രദേശില്‍ നിന്ന് ആരംഭിച്ച് നര്‍മദ താഴ്വരയില്‍ അവസാനിക്കുന്ന വിധത്തില്‍ അയല്‍ സംസ്ഥാനങ്ങളിലൂടെ 36 ദിവസം നീണ്ട ഐക്യദാര്‍ഢ്യമാര്‍ച്ച് സംഘടിപ്പിച്ചു. ഇത് വരാന്‍പോകുന്ന നീണ്ട സമരങ്ങളുടെ മുന്നോടിയാണെന്നും മേധ പ്രഖ്യാപിച്ചു. മാര്‍ച്ചിനെ പോലീസ് ക്രൂരമായി അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് പദ്ധതിയുടെ ഇരകളാകാന്‍ പോകുന്ന ജനങ്ങളുടെ പ്രതിഷേധ ധര്‍ണ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്കുമുമ്പില്‍ സംഘടിപ്പിക്കപ്പെട്ടു.

സര്‍ദാര്‍ സരോവര്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചു. പട്കര്‍ 22 ദിവസം നീണ്ട നിരാഹാരസമരം നടത്തുകയും പ്രശ്നം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 1991-ല്‍ ലോകബാങ്ക് സ്വതന്ത്ര അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ലോകബാങ്കിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമായാണ് പദ്ധതിയെന്ന് വിശദീകരിച്ചുകൊണ്ട് 1995-ല്‍ ലോകബാങ്ക് വായ്പ നല്കാനുള്ള തീരുമാനം പിന്‍വലിച്ചു.

പദ്ധതി പ്രദേശത്ത് നിന്ന് ജനങ്ങളെ ഇറക്കിവിടുന്നതിനെതിരായി 1993-ല്‍ മേധാപട്കര്‍ നിരാഹാരസമരം പ്രഖ്യാപിച്ചു. 1994-ല്‍ സംഘടനയുടെ ഓഫീസ് ഒരുവിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആക്രമിച്ചു. 20 ദിവസം നീണ്ട നിരാഹാരസമരത്തിനൊടുവില്‍ മേധയെ പൊലീസ് അറസ്റ്റുചെയ്തു.

പദ്ധതിപ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് എന്‍.ബി.എ. കോടതിയെ സമീപിച്ചു. അണക്കെട്ട് നിര്‍മാണം നിര്‍ത്തിവയ്ക്കാനും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും 1995-ല്‍ കോടതി സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദേശിച്ചു. നീണ്ട നിയമ നടപടികള്‍ക്കുശേഷം 1999-ല്‍ നിര്‍മാണപ്രവര്‍ത്തനം തുടരാന്‍ കോടതി അനുവദിക്കുകയാണുണ്ടായത്.

ജലനിരപ്പ് 99 മീറ്ററിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ആ വര്‍ഷം ആഗ. 11-ന് ജലസമാധി എന്ന പുതിയ സമരരീതി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുമ്പോള്‍ മുങ്ങുന്ന പ്രദേശത്തു നിന്ന് പിന്മാറാന്‍ അവര്‍ വിസമ്മതിച്ചു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യര്‍ക്കും, പ്രകൃതിക്കും വേണ്ടിയുള്ള എന്‍.ബി.എ.യുടെ സമരം തുടരുകയാണ്. ഇത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മേധാ പട്കര്‍ ഈ സമരത്തിലൂടെ ഇന്ത്യയിലെ സാമൂഹിക പാരിസ്ഥിതിക പോരാട്ടങ്ങളുടെ മുന്‍നിര നേതാവായിത്തീര്‍ന്നു. ലോകമെമ്പാടുമുള്ള നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനം നല്‍കിയ പ്രസ്ഥാനമായി നര്‍മദ ബചാവോ ആന്ദോളന്‍ മാറിക്കഴിഞ്ഞു. നോ: മേധാപട്കര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍