This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരസിംഹാചാര്‍, പി.ടി. (1905 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരസിംഹാചാര്‍, പി.ടി. (1905 - )

ആധുനിക കന്നഡ കവി. നരസിംഹാചാര്‍ പുരോഹിത തിരുനാരായണ അയ്യങ്കാര്‍ എന്നാണ് പൂര്‍ണമായ പേര്. പുതിന എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. കര്‍ണാകടയിലെ മാണ്ഡ്യ ജില്ലയിലുള്ള മെലുകൊടേ എന്ന സ്ഥലത്ത് 1905 മാ. 17-ന് ജനിച്ചു. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ. ബിരുദം നേടി. 1960 വരെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഓഫീസില്‍ എഡിറ്ററായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് കന്നഡ വിശ്വകോശ (1960-63), ഇംഗ്ലീഷ്-കന്നഡ നിഘണ്ടു (1963-68) എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. മാതൃഭാഷ തമിഴാണെങ്കിലും കന്നഡയിലാണ് ഗ്രന്ഥരചന കൂടുതലും നിര്‍വഹിച്ചിട്ടുള്ളത്. കവിത, നാടകം, പ്രബന്ധം, നിരൂപണം എന്നീ വിവിധ വിഭാഗങ്ങളിലായി 20-ല്‍പ്പരം കൃതികള്‍ രചിച്ചിട്ടുണ്ട്.

പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം ഉള്‍ക്കൊണ്ട് കന്നഡ ഭാവകാവ്യത്തിന് പുതിയ രൂപവും ഭാവവും നല്കി എന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാനസംഭാവന. പാശ്ചാത്യ സ്വാധീനമുള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും ഭാരതീയമാണ് കാവ്യസങ്കല്പങ്ങള്‍. ഹണതി (ചെരാത്), മാന്തളിര്, ശാരദയാമിനി, ഗണേശ ദര്‍ശന, രസസരസ്വതി, മലേദേഗുല (മലയിലെ അമ്പലം), സത്യയാന ഹരിശ്ചന്ദ്ര, ഹലേയ ബറു ഹോസ ചിഗുരു എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. പ്രകൃതിയെയും ജീവിതത്തെയും അന്തര്‍മുഖതയോടെ ആഴത്തില്‍ നോക്കിക്കണ്ട് രചിച്ചിട്ടുള്ളവയാണ് കവിതകളിലധികവും. അങ്ങിങ്ങായി ഒരു മിസ്റ്റിക്കിന്റെ തത്ത്വജ്ഞാനവും സൂക്ഷ്മ കല്പനയും ഉണ്ട്. സാമൂഹിക കവിതകളും അപൂര്‍വമായിട്ടുണ്ട്.

കവിതകള്‍ക്കു പുറമേ നിരവധി സംഗീതനാടകങ്ങളും ഗാനനാടക ശില്പങ്ങളും നരസിംഹാചാര്‍ രചിച്ചിട്ടുണ്ട്. അഹല്യ, ഗോകുല നിര്‍ഗമന, ശാവരി, ഹംസദമയന്തി മറ്റു ഇതര്‍ രൂപകഗളു എന്നിവയാണ് പ്രധാനഗാനനാടകങ്ങള്‍. ചെറുകഥാ സമാഹാരമാണ് രാമാചാര്യ നൈനപു. വിചിന്തനാത്മകങ്ങളാണ് നരസിംഹാചാര്യന്റെ കഥകള്‍. രമ്യോപന്യാസകാരന്‍ കൂടിയാണിദ്ദേഹം. സാധാരണ വസ്തുക്കളുടെ സൌന്ദര്യത്തെയും രഹസ്യാത്മകതയെയും കുറിച്ചുള്ള കൗതുകോദ്ഭാസിതമായ രചനകളാണ് ഇദ്ദേഹത്തിന്റെ രമ്യോപന്യാസങ്ങള്‍. ഈചലമരടകെളേഗെ, വികടവിജയ എന്നിവയാണ് ഈ വിഭാഗത്തിലെ ചില പ്രധാന കൃതികള്‍. ഹാസ്യകൃതിയാണ് വികട വിജയ. ദീപരേഖ, രസപ്രജ്ഞ എന്നിവയാണ് പുതിനയുടെ നിരൂപണകൃതികള്‍. ശക്തവും പ്രൌഢവുമാണ് ഗദ്യരചന.

സാത്വികപ്രകൃതിയും സൂക്ഷ്മദൃഷ്ടിയുമായ നരസിംഹാചാരിയെ മൈസൂര്‍ സര്‍വകലാശാല ഓണററി ബിരുദം നല്കി ആദരിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍