This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരകാസുരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരകാസുരന്‍

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു അസുരന്‍. ഹിരണ്യാക്ഷന് ഭൂമീദേവിയില്‍ ജനിച്ച പുത്രനാണ് നരകാസുരനെന്ന് ഭാഗവതത്തിലും കശ്യപപ്രജാപതിക്ക് കാളിക എന്ന പത്നിയില്‍ ജനിച്ചവനാണെന്ന് വാല്മീകി രാമായണത്തിലും പ്രസ്താവമുണ്ട്. ഭൂമീദേവിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു നരകന് നാരായണാസ്ത്രം നല്കുകയും അത് കൈയിലുള്ളപ്പോള്‍ തനിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കുവാന്‍ സാധിക്കുകയില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തുവെന്ന് ഭാഗവതപുരാണത്തിലെ ദശമസ്കന്ധത്തില്‍ പറഞ്ഞിട്ടുണ്ട്.

മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകന്‍ പ്രാഗ്ജ്യോതിഷം തലസ്ഥാനമാക്കി ദീര്‍ഘകാലം ഭരണം നടത്തി. നരകാസുരന്‍ ദേവലോകം ആക്രമിച്ച് ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും കരസ്ഥമാക്കുകയുണ്ടായി. ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണന്‍ സത്യഭാമാസമേതം ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തിലെത്തി യുദ്ധം ചെയ്ത് നരകനെ വധിച്ചു. നരകന്റെ നാരായണാസ്ത്രം പുത്രനായ ഭഗദത്തനു ലഭിച്ചു. നരകന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന പതിനാറായിരം രാജകന്യകമാരെ ശ്രീകൃഷ്ണന്‍ പത്നിമാരായി സ്വീകരിച്ചു. ഇവര്‍ നരകാസുരന്റെ പുത്രിമാരായിരുന്നുവെന്നും ചില പുരാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. നരകാസുരവധത്തിന്റെ സ്മരണാര്‍ഥമാണ് ദീപാവലി ആഘോഷം എന്നാണ് ഒരു ഐതിഹ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍