This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയ്യാര്‍, കുല്‍ദിപ് (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നയ്യാര്‍, കുല്‍ദിപ് (1923 - )

ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍. 1923 ആഗ. 14-ന് പാകിസ്താനിലെ സിയാല്‍ക്കോട് ജില്ലയില്‍ ജനിച്ചു. ഡോ. ഗുര്‍ബക്ഷ് സിങ്ങും ശ്രീമതി പൂരന്‍ദേവിയുമാണ് മാതാപിതാക്കള്‍. സിയാല്‍ക്കോട്ടിലെ മുറേ കോളജിലും ലാഹോറിലെ ലാ കോളജിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിഡില്‍ സ്കൂള്‍ ഒഫ് ജേര്‍ണലസത്തിലും വിദ്യാഭ്യാസം നേടി. ബി.എ. (ഓണേഴ്സ്), എല്‍.എല്‍.ബി., എം.എസ്സി (ജേര്‍ണലിസം), പിഎച്ച്.ഡി (തത്ത്വശാസ്ത്രം) എന്നീ ബിരുദങ്ങള്‍ നേടി. വിദ്യാഭ്യാസത്തിനുശേഷം പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. 1990-ല്‍ ഇംഗ്ലണ്ടിലെ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടു. 1997-ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2002-ല്‍ വിദേശകാര്യമന്ത്രാലയത്തിലെ വിദേശകാര്യസമിതിയില്‍ അംഗമായി. അതോടൊപ്പം ലൈബ്രറി കമ്മിറ്റിയിലും അംഗമായി സേവനമനുഷ്ഠിച്ചു.

യുണൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യ, ദ് സ്റ്റേറ്റ്സ്മാന്‍, എക്സ്പ്രസ്സ് ന്യൂസ് സര്‍വീസ് എന്നിവയില്‍ എഡിറ്ററായിരുന്നു. ദ് ടൈംസ് (ലണ്ടന്‍), ഈവനിങ് സ്റ്റാര്‍ (വാഷിങ്ടണ്‍) എന്നിവയുടെ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസ്സ് കൗണ്‍സില്‍, നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സില്‍, പഞ്ചാബ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്, ഗുരുനാനാക്ക് യൂണിവേഴ്സിറ്റി സെനറ്റ്, ഇന്ത്യയുടെ യു.എന്‍. ഡെലിഗേഷന്‍ എന്നിങ്ങനെ അനേകം സമിതികളില്‍ അംഗമായിരുന്നു. പൂനാ കോളജില്‍ പ്രൊഫസര്‍ എമിരിറ്റസ് ആയും സേവനമനുഷ്ഠിച്ചു. അനേകം ലോകരാഷ്ട്രങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്.

ബിറ്റ്വീന്‍ ദ് സൈലന്‍സ് (1969), റിപ്പോര്‍ട്ട് ഓണ്‍ അഫ്ഗാനിസ്താന്‍ (1970), ഇന്ത്യ-ദി ക്രിട്ടിക്കല്‍ ഇയേഴ്സ് (1971), ഡിസ്റ്റന്റ് നെയ്ബേഴ്സ്-ടെയ്ല്‍ ഒഫ് ദ് സബ്കോണ്‍ടിനന്റ് (1972), സൂപ്പര്‍സെഷന്‍ ഒഫ് ജഡ്ജസ് (1974), ഇന്ത്യ ആഫ്ടര്‍ നെഹ്റു (1975), ദ് ട്രാജഡി ഒഫ് പഞ്ചാബ് (1985), ഇന്ത്യാഹൗസ് (1992), ഭഗത്സിങ്-എക്സിപരിമെന്റ്സ് ഇന്‍ റവല്യൂഷന്‍ (1999) എന്നിവയാണ് കുല്‍ദിപ് നയ്യാരുടെ മുഖ്യകൃതികള്‍.

ഫ്രീഡം ഒഫ് ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ്, ദായിവിര്‍സിങ് അവാര്‍ഡ്, പ്രൈഡ് ഒഫ് ഇന്തോ-പാക് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ് എന്നിങ്ങനെ അനേകം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍