This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്മാഴ്വാര്‍ (സു. 7-9 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമ്മാഴ്വാര്‍ (സു. 7-9 ശ.)

തമിഴ് വൈഷ്ണവ കവികളില്‍ പ്രഥമഗണനീയന്‍. തമിഴ്നാടിന്റെ വടക്കേ അറ്റത്തുള്ള തിരുക്കരുക്കൂറില്‍ (ആഴ്വാര്‍ തിരുനഗരി) കാരിയാതരുടെയും ഉടൈയതങ്കയുടെയും മകനായി വേളാളകുലത്തില്‍ ജനിച്ചു. ഏഴാം ശ. മുതല്‍ ഒന്‍പതാം ശ. വരെയായിരിക്കാം ഇദ്ദേഹത്തിന്റെ കാലമെന്നു പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. ഗകോപര്‍, മാരന്‍, പരാങ്കശന്‍ എന്നീ പേരുകളും ഉണ്ട്. മാരന്‍ എന്നത് പിതാവിന്റെ പേരോട് ചേര്‍ത്ത് കരിമാരന്‍ എന്നും പറയാറുണ്ട്.

ആഴ്വാര്‍മാരില്‍ പ്രധാനിയും മഹത്ത്വം ഉള്ള ആളുമായതിനാല്‍ നമ്മാഴ്വാര്‍ (നം ആഴ്വാര്‍-നമ്മുടെ ആഴ്വാര്‍) എന്നു പറയുന്നു. ജനിച്ചതുമുതല്‍ സംസാരിക്കാതിരുന്ന ഗംഗോപര്‍ പെരുമാള്‍ കോവിലിലെ പുളിമരത്തിന്റെ ചുവട്ടില്‍ തപസ്സുചെയ്ത് ദൈവാനുഗ്രഹം നേടിയത്രെ. ജ്ഞാനപ്രകാശം നല്കാന്‍ അവിടെയെത്തിയ മധുരകവികള്‍ക്കു മറുപടി പറയാനാണ് ഇദ്ദേഹം ആദ്യമായി വാക്കുകള്‍ ഉച്ചരിച്ചത് എന്നാണൈതിഹ്യം. ഇപ്രകാരം വളരെ ചെറുപ്പത്തിലേ ദൈവദര്‍ശനം നേടി ജ്ഞാനിയാവുകയും ലൌകിക ചിന്തകളില്‍ നിന്നു മുക്തനാവുകയും ചെയ്തു. തമിഴ്നാട്ടിലെ ശൈവമതത്തിന് മാണിക്യവാചകര്‍ എങ്ങനെയാണോ അതുപോലെയാണ് വൈഷ്ണവമതത്തിന് നമ്മാഴ്വാര്‍. വൈഷ്ണവ ഭക്തനാണെങ്കിലും മുമ്മൂര്‍ത്തികളെയും ആരാധിച്ചിരുന്നു. എല്ലാത്തിലും ദൈവത്തെ കാണുന്ന മനസ്സ് ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഉണ്ണുന്ന ചോറും കുടിക്കുന്ന വെള്ളവും ചവയ്ക്കുന്ന വെറ്റിലയും എല്ലാം കണ്ണന്‍ എന്നാണ് ഇദ്ദേഹം പറയാറുള്ളത്.

വൈഷ്ണവാധ്യക്ഷ പരമ്പരയിലെ അവസാനത്തെ ആഴ്വാരും ആദ്യത്തെ ആചാര്യനുമാണ് നമ്മാഴ്വാര്‍. പരജ്ഞാനപരമഭക്തിയാലും ദൈവകൃപയാലും താന്‍ ദര്‍ശിച്ച തത്ത്വങ്ങള്‍ തിരുവായ്മൊഴി, തിരുവിരുത്തം, തിരുവാശിരിയം, പെരിയ തിരുവന്താദി എന്നീ കൃതികളിലൂടെ ലോകസമക്ഷം സമര്‍പ്പിച്ചു. ഇവയില്‍ ഋഗ്വേദസാരം തിരുവിരുത്തത്തിലും യജുര്‍വേദതത്ത്വം തിരുവാശിരിയത്തിലും അഥര്‍വരഹസ്യം തിരുവന്താദിയിലും സാമവേദസാരം തിരുവായി മൊളിയിലും അവതരിപ്പിച്ചിട്ടുള്ളതായി പണ്ഡിതന്മാര്‍ കരുതുന്നു. ഈ കൃതികളെ വൈഷ്ണവര്‍ തങ്ങളുടെ ചതുര്‍ഗ്രന്ഥങ്ങളായിട്ടാണ് കണക്കാക്കുന്നത്.

നമ്മാഴ്വാരുടെ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദ്രാവിഡവേദമെന്ന് അറിയപ്പെടുന്ന തിനവായ് മൊഴിയാണ്. ഇതില്‍ ഉരൈതിലൈ, ഉയിര്‍നിലൈ, ഉപായനിലൈ, വിരോധിനിലൈ, പുരുഷാര്‍ഥനിലൈ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളുണ്ട്. ഈ അര്‍ഥപഞ്ചകജ്ഞാനം മുക്തിപ്രാപിക്കുന്നതിന് ഉപകരിക്കുമെന്നാണ് മതപണ്ഡിതന്മാരുടെ വിശ്വാസം. ഈ കൃതിക്ക് നിരവധി വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയില്‍ 10-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശ്രീമദ് നാരദമുനിവരുടെ വ്യാഖ്യാനം സവിശേഷമാണ്.

വൈഷ്ണവമതത്തിലെ ഏറ്റവും സമുന്നതമായ ആത്മജ്ഞാനമാണ് നമ്മാഴ്വാരുടെ കവിതകളില്‍ പ്രതിഫലിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍