This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പ്യാര്‍, എം.എന്‍. (1919 - 2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമ്പ്യാര്‍, എം.എന്‍. (1919 - 2008)

തമിഴ് ചലച്ചിത്രനടന്‍. 50 വര്‍ഷത്തോളം സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഭൂരിഭാഗം ചിത്രങ്ങളിലും വില്ലന്‍ കഥാപാത്രങ്ങളെയവതരിപ്പിച്ചുകൊണ്ടാണ് അഭിനയലോകത്ത് ചിരപ്രതിഷ്ഠ നേടിയത്. മാഞ്ഞേരി നാരായണന്‍ നമ്പ്യാര്‍ എന്നാണ് പൂര്‍ണനാമം.

1919-ല്‍ കണ്ണൂരിലെ ചിറയ്ക്കലില്‍ ജനിച്ചു. ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍, നവാബ് രാജമാണിക്യത്തിന്റെ നാടകക്കമ്പനിയില്‍ ചേര്‍ന്ന ഇദ്ദേഹം, പിന്നീട് കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ നാടകക്കമ്പനിയിലെ നടനായി. ഈ കമ്പനിയുടെ 'ഭക്തരാമദാസ്' എന്ന നാടകം സിനിമയാക്കിയപ്പോള്‍ അതില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. 1946 വരെ സ്റ്റേജ് നടനായി തുടര്‍ന്നു.

1938-ല്‍ പുറത്തിറങ്ങിയ 'ബന്‍പസാഗര'യാണ് ആദ്യചിത്രം. 1950-ല്‍ എം.ജി. ആറിനൊപ്പം അഭിനയിച്ച 'മന്ത്രികുമാരി'യാണ് ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി 350-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. 'വേലൈക്കാരന്‍', 'കാട്', 'മക്കളെ പെറ്റ മഹരാശി', 'കര്‍പ്പൂരക്കരശി' തുടങ്ങിയ ഇദ്ദേഹത്തിന്റെചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ദിഗംബര സ്വാമികള്‍', 'എന്‍ തങ്കൈ', 'കല്യാണി' എന്നീ ചിത്രങ്ങളില്‍ നായക കഥാപാത്രത്തെയാണവതരിപ്പിച്ചത്. 1952-ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ആണ് ഇദ്ദേഹത്തിന്റെ ഏക ഇംഗ്ലീഷ് സിനിമ. അവസാനമായി അഭിനയിച്ചത് സ്വദേശി (2006) എന്ന തമിഴ് ചിത്രത്തിലാണ്.

1952-ല്‍ അമ്മ എന്ന ചിത്രത്തിലൂടെയാണ് എം.എന്‍. നമ്പ്യാരുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. 'ആത്മസഖി' (1952), 'കാഞ്ചന' (1952), 'ആനവളര്‍ത്തിയ വാനമ്പാടി' (1959) 'ജീസസ്' (1975), 'തച്ചോളി അമ്പു' (1978), 'ശക്തി' (1980), 'തടവറ' (1981), 'ഷാര്‍ജ ടു ഷാര്‍ജ' (2001) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു മലയാള ചിത്രങ്ങള്‍.

അര ശതാബ്ദക്കാലത്തെ അഭിനയജീവിതത്തില്‍ പല പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1967-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇദ്ദേഹത്തെ കലൈമാമണി അവാര്‍ഡ് നല്‍കി ആദരിച്ചു. 1990-ല്‍ എം.ജി.ആര്‍. പുരസ്കാരവും ലഭിച്ചു.

2008 ന. 19-ന് വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍