This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പൂതിരി, എ.പി.പി. (1929 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമ്പൂതിരി, എ.പി.പി. (1929 - 91)

മലയാളസാഹിത്യകാരന്‍. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തിലുള്ള അമ്പലപ്പുത്തൂര്‍ ഇല്ലത്തില്‍ 1929 മാ. മാസം 18-ന് ജനിച്ചു. അവിടനല്ലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കൊയിലാണ്ടി ഹൈസ്കൂള്‍, വിവേകോദയം ഹൈസ്കൂള്‍, കേരളവര്‍മ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1951-ല്‍ കേരളവര്‍മ കോളജില്‍ നിന്ന് ബി.ഒ.എല്‍. ബിരുദം നേടി. 1958-ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1951 മുതല്‍ ഫാറൂഖ് കോളജില്‍ അധ്യാപകനായിരുന്നു. 1982 മുതല്‍ രണ്ടുവര്‍ഷക്കാലം വി.ടി. ഭട്ടതിരിപ്പാട് സ്മാരക കലാലയത്തിന്റെ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചു. കേരളസാഹിത്യസമിതിയുടെയും ഗ്രന്ഥശാലാ സംഘത്തിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സര്‍വകലാശാലാ സെനറ്റംഗം, കാലിക്കറ്റ് സര്‍വകലാശാലാ ഫാക്കല്‍റ്റി അംഗം, മലയാളം ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗം, അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആശാന്‍-നിഴലും വെളിച്ചവും, ഉന്നതങ്ങളില്‍ ഉദാത്തങ്ങളില്‍, അഭിവീക്ഷണം, മലയാളത്തിലെ നിരൂപണ സാഹിത്യം, അവഗാഹനം, കവിതയിലേക്കൊരു കൈത്തിരി, നാടകത്തിലേക്കൊരു നടപ്പാത, കവിതയുടെ പ്രശ്നങ്ങള്‍, തിരമാല, നീരുറവുകള്‍, പവിഴത്തുരുത്തുകള്‍, ഭാരതീയസാഹിത്യം, മൂല്യനിര്‍ണയം, എ.പി.പി.യുടെ പ്രബന്ധങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നിരൂപണ ഗ്രന്ഥങ്ങള്‍. കൊഴിഞ്ഞുവീണ പൂമൊട്ട്, മാഞ്ഞുപോയ മഴവില്ല്, മുള്ളും പൂവും, ഓണപ്പുടവ, കാബൂളിവാല, രക്തബന്ധങ്ങള്‍, കൂരമ്പുകള്‍ എന്നിവ നാടകങ്ങളാണ്. സോപാനം, ആഹ്വാനം എന്നിവ കവിതകളാണ്. വി.ടി. ഒരു യുഗപുരുഷന്‍ എന്ന ജീവചരിത്രഗ്രന്ഥവും ഭാസന്റെ പ്രതിമാനാടകത്തിന്റെ മലയാള വിവര്‍ത്തനവുമാണ് മറ്റ് കൃതികള്‍. മികച്ച ഒരു അക്കാദമിക് നിരൂപകനെന്ന നിലയില്‍ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ രചനകളും ഇദ്ദേഹത്തെക്കുറിച്ചുള്ള സ്മരണകളും പഠനങ്ങളും ചേര്‍ത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള കൃതിയാണ് നീരാഞ്ജനം.

1991 ഡി. 22-ന് അന്തരിച്ചു.

(പ്രൊഫ. ഇ. സര്‍ദാര്‍കുട്ടി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍