This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പൂതിരി, എ.എന്‍. (1930 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമ്പൂതിരി, എ.എന്‍. (1930 - 2007)

കേരളീയനായ പ്രമുഖ സസ്യശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും. 1930 ജൂലൈ 30-ന് പത്തനംതിട്ട ജില്ലയിലെ അഴൂര്‍ എന്ന സ്ഥലത്ത് 'ചന്ദ്രമന'യില്‍ നാരായണന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പത്തനംതിട്ടയിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കൊട്ടാരക്കരയ്ക്കടുത്തുള്ള കുളക്കടയിലുമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദ-ബിരുദാനന്തര ബിരുദങ്ങള്‍ നേടിയശേഷം, അവിടെത്തന്നെ അധ്യാപകനായി (1952) ഔദ്യോഗിക ജീവിതം ആരംഭിച്ചു. അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്.ഡി. ബിരുദം കരസ്ഥമാക്കിയത്. ന്യൂറോസ്പോറയിലെ കോശവിഭജനം എന്നതായിരുന്നു ഗവേഷണവിഷയം. നോബല്‍ സമ്മാനജേതാക്കള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ കീഴിലായിരുന്നു ഗവേഷണം. മിഷിഗന്‍ സര്‍വകലാശാലയുടെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഹൊറാസ് എച്ച്. റാക്കാം (Horas H.Raccam) അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു. ഇവിടെ മൂന്നു വര്‍ഷക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ചശേഷം ഇന്ത്യയില്‍ തിരിച്ചെത്തി കേരള സര്‍വകലാശാലയിലെ സസ്യശാസ്ത്രവിഭാഗത്തില്‍ പ്രൊഫസറായി.

അപുഷ്പിത സസ്യങ്ങളും അവയിലെ തന്മാത്രാജനിതകശാസ്ത്രവുമായിരുന്നു ഇദ്ദേഹത്തിന് ഏറെ താത്പര്യമുള്ള പഠനമേഖല. ദേശീയവും അന്തര്‍ദേശീയവുമായ സയന്‍സ് ജേര്‍ണലുകളില്‍ ഇരുനൂറിലേറെ ഗവേഷണാധിഷ്ഠിത ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983-ല്‍ ടി.ബി.ജി.ആര്‍.ഐ. (Tropical Botanic Garden and Research Institute) ഡയറക്ടറായി ചുമതലയേറ്റു. ഈ സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറായിരുന്ന തന്റെ അധ്യാപകന്‍ കൂടിയായ പ്രൊഫ. എ. എബ്രഹാമിന്റെ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ആ അവസരം വിനിയോഗിച്ചു. അതിലൂടെ പ്രസ്തുത സ്ഥാപനം അന്താരാഷ്ട്ര പ്രശസ്തി നേടി. 1990-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനുശേഷവും ശാസ്ത്രവിഷയങ്ങളില്‍ എഴുതിയും പഠന-ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടും സജീവമായി.

ഡാര്‍വിന്റെ പരിണാമസിദ്ധാന്തം കൂടുതല്‍ ജനകീയമാക്കുന്നതിന് പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നടത്തിയ പരിശ്രമങ്ങളാണ് മറ്റൊരു സംഭാവന. സസ്യങ്ങളിലെ ജനിതകമാറ്റം, ജന്തുക്കളിലെ ക്ളോണിങ് എന്നിവയെ സംബന്ധിക്കുന്ന പുത്തന്‍ പ്രവണതകള്‍ സാധാരണ ജനങ്ങള്‍ക്കുവരെ ബോധ്യമാകുന്നതരത്തില്‍ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കേരള അക്കാദമി ഒഫ് ബയോളജി പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ സയന്‍സ് ജേര്‍ണലിന്റെ പത്രാധിപരായിരുന്നു. ഇദ്ദേഹത്തിന്റെ കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും എന്ന പുസ്തകത്തിന് 1995-ലെ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഏറ്റവും നല്ല ബാലസാഹിത്യ കൃതിയെന്ന ബഹുമതി ലഭിച്ചു. കല്ലും പുല്ലും കടുവയും പ്രൊഫ. എബ്രഹാം, ബാര്‍ബാറ മാക്ളിന്റോക്, ഡാര്‍വിന്‍, ഫ്രോയിഡ്, മെന്‍ഡല്‍, ജീവന്‍: ഉദ്ഭവവും വികാസവും, ഡോളിയും പോളിയും ബയോളജിയും, ജീവകോശം, സയന്‍സ് ഫിക്ഷന്‍ (2007) എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളില്‍ ചിലതാണ്. ആകാശവാണിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ജനങ്ങളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങള്‍ നേടാനായി. ഡൈമീരിയ നമ്പൂതിരിയാന (Dimeria namboodiriana) സിംപ്ലോകോസ് മാക്രോഫില സബ്സ്പീഷീസ് നമ്പൂതിരിയാന (Simplocas macrophyalla subsp.namboodiriana) എന്നീ സസ്യങ്ങള്‍ ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം നാമകരണം ചെയ്യപ്പെട്ടവയാണ്.

2007 ജൂണ്‍ 25-ന് അദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍