This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പൂതിരി, എം.പി.എസ്. (1943 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമ്പൂതിരി, എം.പി.എസ്. (1943 - )

കഥകളിനടനും അധ്യാപകനും. ഇപ്പോള്‍ കലാമണ്ഡലം കല്പിത സര്‍വകലാശാലാ കഥകളി വിഭാഗത്തില്‍ ബിരുദാനന്തര ബിരുദകോഴ്സുകളുടെ 'ഡീന്‍'. 1943 ജൂല. 1-ന് മലപ്പുറം ജില്ലയിലെ കരിക്കാട് എന്ന സ്ഥലത്ത് എം.പി. നാരായണന്‍ നമ്പൂതിരിയുടെയും എം.പി. ദേവസേന അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. 1958-ല്‍ കലാമണ്ഡലത്തില്‍ കഥകളി വേഷത്തിനു ചേര്‍ന്നു. പദ്മശ്രീ വാഴേങ്കട കുഞ്ചുനായര്‍, പദ്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, പദ്മശ്രീ കലാമണ്ഡലം ഗോപി, വി.പി. രാമകൃഷ്ണന്‍ എന്നിവരുടെ കളരികളില്‍ ചൊല്ലിയാടി പഠിച്ചു. പത്തു കൊല്ലത്തെ പഠനത്തിനുശേഷം ഡിപ്ളോമ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.

കുമ്മിണി വാസുദേവന്‍ നമ്പൂതിരി, ഉണ്ണിക്കൃഷ്ണന്‍ ഇളയത്, കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കീഴില്‍ സാഹിത്യം അഭ്യസിച്ചു. 1968-ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി ചേര്‍ന്നു. 1998-ല്‍ പ്രിന്‍സിപ്പലായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. കലാമണ്ഡലം സംഘത്തോടൊപ്പവും ഒറ്റയ്ക്കും കേരളത്തിനു പുറത്തും സ്വദേശങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്; സോദാഹരണ പ്രഭാഷണങ്ങളും ശില്പശാലയും നടത്തിയിട്ടുണ്ട്. അമേരിക്കയിലെ മാഡിസണ്‍ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. അമേരിക്കയില്‍ പ്രശസ്ത നാടകസംവിധായകരായ യൂജിനിയോ ബാര്‍ബ, ഫിലിപ്പ് സറില്ലി തുടങ്ങിയവരുമായി ചേര്‍ന്ന് നാടകപ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. ശാകുന്തളം, രാമായണം, വടക്കന്‍പാട്ടുകള്‍ എന്നിവയെ ആധാരമാക്കിയാണ് നാടകരചനയും അവതരണവും നിര്‍വഹിച്ചത്.

പ്രധാനമായും പച്ച, കത്തി, വെള്ളത്താടി, മിനുക്ക് എന്നീ വേഷങ്ങളിലാണ് ഇദ്ദേഹം അരങ്ങില്‍ ആടിയത്. നൃത്തനാടകങ്ങളെക്കുറിച്ച് നിരവധി അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഥകളി സംബന്ധിച്ച നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിട്ടുമുണ്ട്. അമേരിക്കയിലെ ഹവായ് യൂണിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ച ഭാവാ എക്സ്പ്രസ്ഡ് ഇന്‍ കഥകളി എന്ന പ്രബന്ധം കോര്‍ഡ് എന്ന അന്തര്‍ദേശീയ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ഫിലിപ്പ് സറില്ലിയുടെ കഥകളി കോംപ്ലക്സ് എന്ന പുസ്തകത്തിന്റെ 'റിസോഴ്സ് പേഴ്സണ്‍' ആയി പ്രവര്‍ത്തിച്ചു. ഏറ്റവും ഒടുവില്‍ കഥകളിയുടെ രംഗപാഠചരിത്രം എന്ന ഗ്രന്ഥം കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിയുമായി ചേര്‍ന്നു രചിച്ചു.

കഥകളിയെക്കുറിച്ചുള്ള ആധികാരികവും സുതാര്യവുമായ ചരിത്രാന്വേഷണത്തിനായി യത്നിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് 'എം.പി.എസ്.' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍