This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്നങ്ങാടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്നങ്ങാടികള്‍

മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിനായി പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്ന വലിയ മണ്‍ഭരണികള്‍. ഇതിന് മുതുമക്കത്താഴി, മുതുമക്കപ്പാടി എന്നും പേരുകളുണ്ട്. താഴികളില്‍ ശവം അടക്കുന്നത് മഹാശിലാ സംസ്കാരകാലത്തെ വിവിധ ശവസംസ്കാരരീതികളില്‍ ഒന്നായിരുന്നു. കേരളത്തില്‍നിന്ന് മാത്രമല്ല ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ട്; തമിഴ്നാട്ടിലെ ആദിച്ചനെല്ലൂരില്‍നിന്നും ധാരാളം നന്നങ്ങാടികള്‍ കണ്ടെടുത്തിട്ടുണ്ട്.

മരണത്തോടുകൂടി ആത്മാവ് നശിക്കുന്നില്ലെന്നും അത് ദീര്‍ഘനാള്‍ നിലനില്ക്കുമെന്നും പ്രാചീനര്‍ വിശ്വസിച്ചിരുന്നു. പുറനാനൂറ്, മണിമേഖല എന്നീ പ്രാചീന കൃതികളില്‍ നന്നങ്ങാടിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്. ശുടുവോര്‍ (ശവം ദഹിപ്പിക്കുന്നവര്‍), ഇടുവോര്‍ (മൃതശരീരം പക്ഷി മൃഗാദികള്‍ക്ക് ഇട്ടുകൊടുക്കുന്നവര്‍) തൊടുകുളിപ്പത്പ്പോര്‍ (ശവം കുഴിച്ചിടുന്നവര്‍) തല്‍വായില്‍ അടപ്പോര്‍ (കല്ലറകളില്‍ അടക്കം ചെയ്യുന്നവര്‍) താഴിയില്‍ കവിപ്പോര്‍ (നന്നങ്ങാടിയില്‍ നിക്ഷേപിച്ച് കുഴിച്ചുമൂടുന്നവര്‍) എന്നിങ്ങനെ ദക്ഷിണേന്ത്യയില്‍ അഞ്ചുതരം ശവസംസ്കാര രീതികള്‍ നിലനിന്നിരുന്നതായി മണിമേഖലയില്‍ പറയുന്നു.

മഹാശിലായുഗത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ് നന്നങ്ങാടികളും കുടക്കല്ലുകളും മറ്റും. (ശവം സംസ്കരിക്കുന്നതിനോ പരേതരുടെ ഓര്‍മ നിലനിര്‍ത്തുന്നതിനോ വേണ്ടി കൂറ്റന്‍ കല്ലുകള്‍ കൊണ്ടുള്ള അറകളോ സ്മാരകസ്തംഭങ്ങളോ ഉണ്ടാക്കിയിരുന്ന കാലത്തെയാണ് മഹാശിലായുഗകാലം എന്നു പറയുന്നത്.) കല്ലറകള്‍, മേശക്കല്ലുകള്‍, കല്‍വൃത്തങ്ങള്‍, തൊപ്പിക്കല്ലുകള്‍, നടുക്കല്ലുകള്‍ എന്നിവയാണ് കേരളത്തിലെ മറ്റു മഹാശിലാവശിഷ്ടങ്ങള്‍.

മൃതശരീരങ്ങള്‍ അടക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നവയാണ് കല്ലറകള്‍. ഭൂമിയില്‍ കുഴിച്ചിട്ട വലിയ മണ്‍ഭരണിയില്‍ മൃതാവശിഷ്ടങ്ങള്‍ നിക്ഷേപിച്ച് അതിനുമീതെ പരന്ന ഒരു കല്ല് വയ്ക്കുന്നതിനെ മേശക്കല്ല് എന്ന് പറയും. മൃതശരീരങ്ങള്‍ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണത്തിനായി ഇട്ടുകൊടുക്കുന്ന ശ്മശാനങ്ങളാണ് കല്‍വൃത്തങ്ങള്‍. മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്തതിനുമീതെ വലിയകല്ലുകള്‍ കൊണ്ടുള്ള കാലുകള്‍ നാട്ടി അതിനുമീതെ വൃത്താകാരത്തിലുള്ള കൂമ്പാരക്കല്ല് വയ്ക്കുന്നതാണ് കുടക്കല്ലുകള്‍. ഈ കൂമ്പാരക്കല്ല് നിലത്തോട് പതിച്ചുവച്ചാല്‍ അതിനെ തൊപ്പിക്കല്ലെന്നു പറയും. അടക്കം ചെയ്തതിന്റെ മീതെ നാട്ടുന്ന ഒറ്റക്കല്ലുകള്‍ക്കു നടുകല്‍ എന്നും പറയും.

മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കേരളത്തിലുടനീളമുണ്ട്. തിരുവനന്തപുരത്തിന് ഏതാനും കിലോമീറ്റര്‍ വടക്കുള്ള പുളിമാത്ത്, വര്‍ക്കല, കോട്ടയം ജില്ലയിലെ ഗിരിപ്രദേശങ്ങള്‍, ദേവികുളം താലൂക്കിലെ മറയൂര്‍, ഉടുമ്പന്‍ചോലയിലെ കല്ലാര്‍പട്ടം കോളനി, കുന്നത്തൂര്‍ താലൂക്കിലെ പൂതംകര, കുന്നത്തുനാട് താലൂക്കിലെ കോടനാട്, ചെണ്ടന്നൂര്‍ താലൂക്കിലെ കൊളകുളഞ്ഞി, തൃശ്ശൂര്‍ ജില്ലയിലെ പോര്‍ക്കുളം, അരിയന്നൂര്‍, ഏങ്ങണ്ടിയൂര്‍, പനങ്ങാട്, തളിക്കുളം, തൃത്തല്ലൂര്‍, കൊടുങ്ങല്ലൂര്‍, തിരുവില്വാമല, ആനപ്പാറ, ചേരമനങ്ങാട്, പഴയ മലബാര്‍ പ്രദേശങ്ങളായ കുളുകൊല്ലൂര്‍, മഞ്ചേരി, നിലമ്പൂര്‍, സുല്‍ത്താന്‍ബത്തേരി, മുപ്പായിനാട്, പുത്തടി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍നിന്ന് നന്നങ്ങാടികളും മറ്റു മഹാശിലാസംസ്കാരാവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ നന്നങ്ങാടികള്‍ അധികവും കണ്ടെത്തിയിട്ടുള്ളത് തീരപ്രദേശങ്ങളിലാണ്. മണ്ണ് മാറ്റിക്കൊണ്ടിരിക്കുമ്പോഴോ കുഴിക്കുമ്പോഴോ ആണ് അവ കാണാറ്. ഏങ്ങണ്ടിയൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളില്‍നിന്ന് ചെറുതും വലുതുമായ ധാരാളം നന്നങ്ങാടികള്‍ കിട്ടിയിട്ടുണ്ട്. 1958-ല്‍ മഴയുടെ ശക്തികൊണ്ട് ഒരു റോഡു പൊട്ടി ഒലിച്ചപ്പോഴാണ് എങ്ങണ്ടിയൂരില്‍ ആദ്യമായി നന്നങ്ങാടികള്‍ കണ്ടെത്തിയത്. നിരനിരയായി വലുതും ചെറുതുമായ ഒട്ടേറെ നന്നങ്ങാടികള്‍ കാണുകയുണ്ടായി. ഈ നന്നങ്ങാടികളില്‍ എല്ലിന്‍കഷണങ്ങള്‍, ചെറുപാത്രങ്ങള്‍, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ടങ്ങള്‍, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങള്‍, ജപമണികള്‍ എന്നിവ ഉണ്ടായിരുന്നു. എല്ലാ നന്നങ്ങാടികള്‍ക്കും അടപ്പുകളും അടപ്പിന്റെ മധ്യത്തിലായി ദ്വാരവും ഉണ്ടായിരുന്നു. ചെറുപാത്രങ്ങളില്‍ ഉണ്ടായിരുന്നത് പരേതന് ഇഷ്ടപ്പെട്ട വിഭവങ്ങളാകാം. അടപ്പിലുള്ള ദ്വാരം നിവേദ്യങ്ങള്‍ സ്വീകരിക്കാന്‍ ആത്മാവിനു വരുവാനുള്ള മാര്‍ഗമായിരിക്കാം. അകം കറുത്തും പുറം ചുവന്നും ഇരിക്കുന്ന ഈ മണ്‍ഭരണികളില്‍ ചിലതില്‍ അറുപതു മുതല്‍ എഴുപത് വരെ ലിറ്റര്‍ വെള്ളം കൊള്ളും. ഏങ്ങണ്ടിയൂരില്‍നിന്നു ലഭിച്ച ഈ കൂറ്റന്‍ മണ്‍ഭരണികളില്‍ ചിലത് തൃശ്ശൂര്‍ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂരില്‍നിന്ന് ലഭിച്ച നന്നങ്ങാടിക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരീക്ഷണഫലങ്ങള്‍ തെളിയിച്ചു. തൃശ്ശൂര്‍ നഗരത്തില്‍നിന്നും ഇത്തരം നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളോടു സാദൃശ്യമുള്ള നന്നങ്ങാടികള്‍ കോക്കസസ് പ്രാന്തങ്ങളിലും പശ്ചിമേഷ്യയിലെ പലസ്ഥലങ്ങളിലും കാണപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മാത്രമല്ല മെഡിറ്ററേനിയന്‍, അത്ലാന്തിക് മുതലായ മഹാസമുദ്രങ്ങളുടെ തീരങ്ങളിലും ഇറാഖ്, ബലൂചിസ്താന്‍, ഇറാന്‍, ബ്രിട്ടന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍നിന്നും നന്നങ്ങാടികള്‍ കണ്ടെടുത്തിട്ടുണ്ട്.

കേരളത്തില്‍ നന്നങ്ങാടികളുടെ പഴക്കം ക്രി.മു. 300-നും ക്രി.പി. ഒന്നാം ശ.-ത്തിനും മധ്യേയാണെന്ന് അനുമാനിക്കുന്നു. ചില പണ്ഡിതന്മാര്‍ ഇവയ്ക്ക് കൂടുതല്‍ പഴക്കം കല്പിക്കുന്നുണ്ട്.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍