This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ദിതാദാസ് (1967 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്ദിതാദാസ് (1967 - )

ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയും. 1967 ന. 7-ന് ഡല്‍ഹിയില്‍ ജനിച്ചു. പിതാവ് പ്രശസ്ത ഒറിയ ചിത്രകാരനായ ജിതിന്‍ദാസ്. മാതാവ് ഗുജറാത്തി എഴുത്തുകാരിയായ വര്‍ഷാദാസ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ഭൂമിശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ (എം.എസ്.ഡബ്ള്യു) ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 12 വര്‍ഷത്തോളം ഒഡീസി നൃത്തവും കുറച്ചുകാലം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു.

ഡല്‍ഹിയിലെ പഠനകാലത്തിനുശേഷം ഒറീസ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ സര്‍ക്കാരിതര സാമൂഹ്യ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. സാമൂഹ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടി മുഖ്യമാധ്യമമായി ഇവര്‍ തിരഞ്ഞെടുത്തത് തെരുവു നാടകങ്ങളായിരുന്നു. ആറ് വര്‍ഷത്തോളം 'ജനനാട്യമഞ്ച്' എന്ന നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചു.

1987-ല്‍ പ്രകാശ് ഝായുടെ പരിണതി എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് നന്ദിതാദാസിന്റെ ചലച്ചിത്രത്തിലേക്കുള്ള രംഗപ്രവേശം. ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി മുപ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദീപാ മേത്തയുടെ 'ഫയര്‍', 'എര്‍ത്ത്', ജഗ്മോഹന്‍ മാന്ധ്രയുടെ 'ഭാവാന്തര്‍', മൃണാള്‍സെന്നിന്റെ 'അമര്‍ഭുവന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന താരമായത്. 'പ്രവോക്ക്ഡ്', 'വിശ്വതുളസി', 'കണ്ണത്തില്‍ മുത്തമിട്ടാല്‍', 'അഴകി', 'പിതാ', 'സാരി-ദാരി', 'അക്സ്', 'സ്വദേശി' തുടങ്ങിയവയാണ് ഇവരഭിനയിച്ച മറ്റുപ്രധാന ചിത്രങ്ങള്‍. സുമാജോണ്‍സന്റെ 'ജന്മദിനം', ജയരാജിന്റെ 'കണ്ണകി', വി.കെ. പ്രകാശിന്റെ 'പുനരധിവാസം' എന്നിവ നന്ദിത അഭിനയിച്ച മലയാള ചിത്രങ്ങളാണ്.

2008-ല്‍ ഫിറാക്ക് എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചു. വിവിധ സാമൂഹ്യ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി നാല് ഹ്രസ്വചിത്രങ്ങളും ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഭാവാന്തറിലെ അഭിനയത്തിന് 2001-ലെ സാന്താമോണിക്ക ഫിലിം ഫെസ്റ്റിലെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. 2002-ലെ കെയ്റോ ഫിലിം ഫെസ്റ്റില്‍ 'അമര്‍ഭുവനി'ലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള അവാര്‍ഡ്. 2005-ലെ കാന്‍ ഫിലിം ഫെസ്റ്റിലെ ജൂറി അംഗമായിരുന്നു. 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നവാഗത സംവിധായികയ്ക്കുള്ള പ്രത്യേക പുരസ്കാരം (ഫിറാക്ക്) ഇവര്‍ക്കാണ് ലഭിച്ചത്. ഫിറാക്ക് എന്ന ചലച്ചിത്രം നേടിയിട്ടുള്ള മറ്റ് അവാര്‍ഡുകള്‍ ഇവയാണ്. ഏഷ്യന്‍ ഫെസ്റ്റിവല്‍ ഒഫ് ഫസ്റ്റ് ഫിലിംസ് - മികച്ച ചിത്രം, മികച്ച തിരക്കഥ. തെസലോണിക്കി ഫിലിം ഫെസ്റ്റിവല്‍ (ഗ്രീസ്) - പ്രത്യേക പുരസ്കാരം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍