This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നട്ടെല്ല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:51, 28 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നട്ടെല്ല്

Vertebral column

കശേരുകികളുടെ അസ്ഥികൂടത്തിന്റെ പൃഷ്ഠീയഭാഗം (dorsal part) അഥവാ അനുദൈര്‍ഘ്യ അക്ഷം (longitudinal axis). തലയോടിന്റെ പിന്‍ഭാഗത്തുനിന്ന് ആരംഭിക്കുന്ന നട്ടെല്ല് ശരീരത്തിന് നിശ്ചിത ആകൃതിയും ഉറപ്പും നല്കുകയും ശരീരത്തെ നിവര്‍ന്നു നില്ക്കുന്നതിനും ചലിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമായ സുഷുമ്നാ നാഡിയുടെ സംരക്ഷണകവചമായും നട്ടെല്ല് വര്‍ത്തിക്കുന്നു.

താണതരം കശേരുകികളായ ആംഫിയോക്സസ്, ലാംപ്രേ തുടങ്ങിയവയുടെ നട്ടെല്ല് നോട്ടോകോഡ് എന്നറിയപ്പെടുന്നു. ഇത് മധ്യജനസ്തരമായ കലകള്‍ (Mesodermal tissue) കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉയര്‍ന്നതരം കശേരുകികളില്‍ കശേരുക്കള്‍ (vertebrae) എന്നറിയപ്പെടുന്ന അസ്ഥികള്‍ കൊണ്ടാണ് നട്ടെല്ല് നിര്‍മിച്ചിരിക്കുന്നത്. മുതല, പല്ലി, പക്ഷികള്‍, സസ്തനികള്‍ തുടങ്ങിയ കശേരുകികളുടെ നട്ടെല്ലില്‍ കശേരുക്കള്‍ കഴുത്ത്, നെഞ്ചിന്റെ പിന്‍ഭാഗം, ഇടുപ്പ്, നിതംബം, ത്രികം എന്നീ അഞ്ച് ഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഉയര്‍ന്ന തരം കശേരുകികളിലും ഭ്രൂണാവസ്ഥയില്‍ നോട്ടോകോഡുകളാണ് ഉള്ളതെങ്കിലും, ഭ്രൂണം വളരുന്നതനുസരിച്ച് അത് നട്ടെല്ലായി വികസിക്കുന്നു.

മനുഷ്യന്റെ നട്ടെല്ലില്‍ 33 കശേരുക്കളാണുള്ളത്. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതോടെ ഇവയില്‍ ചിലത് ഒരുമിച്ചു ചേര്‍ന്നു കാണപ്പെടുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്റെ നട്ടെല്ലിന് ശരാശരി 71 സെ.മീ. നീളവും സ്ത്രീയുടേതിന് ശരാശരി 61 സെ.മീ. നീളവും ഉണ്ടായിരിക്കും. നട്ടെല്ലിലെ ഓരോ കശേരുവിനും തനതായ സ്വഭാവവിശേഷങ്ങളാണുള്ളത്. കാര്‍ട്ടിലേജുകളും നാരുകലകളുംകൊണ്ട് നിര്‍മിതമായ ഇന്റര്‍വെര്‍ട്ടിബ്രല്‍ ഡിസ്കുകള്‍ കശേരുക്കളെ തമ്മില്‍ വേര്‍തിരിക്കുന്നു. നട്ടെല്ലിനുണ്ടാകുന്ന ആഘാതങ്ങളെ കുറയ്ക്കാനും നട്ടെല്ലിന്റെ ചലനത്തിനും ഇവ സഹായിക്കുന്നു. ലിഗമെന്റുകള്‍ (ligaments) എന്ന ശക്തിയേറിയ സമ്പര്‍ക്ക കലകളും പേശികളും കൊണ്ടാണ് കശേരുക്കളെ യഥാസ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നത്. ശ്രോണീചക്രം (pelvicgirdle), അംശചക്രം (pectoral girdle) തുടങ്ങിയവയും നട്ടെല്ലിനോട് ഘടിപ്പിച്ചിരിക്കുന്നു.

കശേരു

മനുഷ്യന്റെ നട്ടെല്ലിലെ 33 കശേരുക്കളില്‍ കഴുത്തിന്റെ ഭാഗത്തുള്ള ഏഴ് കശേരുക്കളെ ഗ്രൈവ കശേരുക്കള്‍ (cervical vertebrae) എന്നു പറയുന്നു. ഗ്രൈവ കശേരുക്കള്‍ക്കെല്ലാംകൂടി ഏകദേശം 12.5 സെ.മീ. നീളം ഉണ്ടായിരിക്കും. ഇവയില്‍ ആദ്യത്തെ രണ്ട് കശേരുക്കള്‍ ബാക്കിയുള്ളവയില്‍നിന്നു വ്യത്യസ്തമാണ്. ഇതില്‍ ഒന്നാമത്തെ കശേരുവായ അറ്റ്ലസ് ഒരു അസ്ഥിവലയം മാത്രമാണ്. അതിനു മുകളില്‍ തലയോടിന് സ്ഥിതിചെയ്യാന്‍ അനുയോജ്യമായ വിധത്തില്‍ രണ്ട് ഉപരിതലങ്ങളുണ്ട്. രണ്ടാമത്തെ കശേരുവായ ആക്സിസിന് മുകളിലേക്ക് ഉന്തിനില്ക്കുന്ന ഒരു ഭാഗം ഉണ്ട്. ഈ ഭാഗം അറ്റ്ലസ്സിന്റെ വലയത്തിലൂടെ മുകളിലേക്കു തള്ളി, തലയോടിനെ ചലിക്കുവാന്‍ സഹായിക്കുന്ന ഒരു തൂണുപോലെ പ്രവര്‍ത്തിക്കുന്നു. ഗ്രൈവ കശേരുക്കള്‍ പൊതുവേ പരന്ന അടുക്കുകള്‍പോലെ സംവിധാനം ചെയ്യപ്പെട്ടവയും വളരെ ചെറിയ ചലനങ്ങള്‍ മാത്രം അനുവദിക്കുന്നവയും ആണ്. നെഞ്ചിന്റെ പിന്‍ഭാഗത്തായുള്ള 12 കശേരുക്കള്‍ വക്ഷീയ കശേരുക്കള്‍ (thoracic vertebrae) എന്ന് അറിയപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 28 സെ.മീ. നീളമുണ്ടായിരിക്കും. ഓരോ വക്ഷീയ കശേരുവിനോടും ഒപ്പം ഓരോ ജോഡി വാരിയെല്ലുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു. വക്ഷീയ കശേരുക്കളെത്തുടര്‍ന്ന് വരുന്നവയാണ് ഇടുപ്പ് കശേരുക്കള്‍ (lumbar vertebrae). ഇവയില്‍ അഞ്ച് കശേരുക്കളാണുള്ളത്. ഇവയ്ക്ക് ഏകദേശം 18 സെ.മീ. നീളമുണ്ടായിരിക്കും. ഗ്രൈവ കശേരുക്കള്‍, വക്ഷീയ കശേരുക്കള്‍, ഇടുപ്പ് കശേരുക്കള്‍ എന്നിവയ്ക്ക് പൊതുവേ വൃത്താകാരമാണുള്ളത്. ഇവയ്ക്ക് പിന്നിലേക്കു തിരിഞ്ഞിരിക്കുന്ന മുഴകള്‍പോലെയുള്ള ഭാഗങ്ങളുണ്ട്. ഇവ സ്പൈനല്‍ പ്രോസസ് എന്നറിയപ്പെടുന്നു. ഇവയാണ് മനുഷ്യന്റെ മുതുകില്‍ തഴുകുമ്പോള്‍ അനുഭവപ്പെടുന്ന മുഴകള്‍. മുതിര്‍ന്നവരില്‍ നിതംബഭാഗത്തുള്ള അഞ്ച് ത്രിക കശേരുക്കള്‍ (sacral vertebrae) ഒന്നിച്ചുചേര്‍ന്ന് ത്രികം (sacrum) എന്നു പേരുള്ള ഒറ്റ അസ്ഥിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇവയ്ക്ക് ഏകദേശം 12.5 സെ.മീ. നീളമുണ്ടായിരിക്കും. നട്ടെല്ലിന്റെ ഏറ്റവും ഒടുവിലായുള്ള നാല് അനുത്രക കശേരുക്കള്‍ (coccygeal vertebrae) ഒന്നിച്ചുചേര്‍ന്ന് അനുത്രികം (coccyx) എന്ന ഒറ്റ അസ്ഥിയായി കാണപ്പെടുന്നു. ത്രികവും അനുത്രികവും ഏകദേശം ത്രികോണാകൃതിയുള്ളവയാണ്. ത്രികം, അനുത്രികം, അരക്കെട്ടിലെ മറ്റ് അസ്ഥികള്‍ എന്നിവ ചേര്‍ന്നാണ് ഉപസ്ഥാവയവം (pelvis) രൂപപ്പെട്ടിരിക്കുന്നത്.

നട്ടെല്ലിന്റെ ഓരോ ഭാഗത്തുമുള്ള കശേരുക്കളുടെ എണ്ണവും അവയുടെ ആകെ എണ്ണവും ഓരോ ജീവിവിഭാഗങ്ങളിലും വ്യത്യസ്തമായിരിക്കും. ഏറ്റവും കൂടുതല്‍ കശേരുക്കള്‍ പാമ്പുകളിലാണുള്ളതെങ്കിലും അവയെല്ലാം ഒരേ തരത്തിലുള്ളവയാണ്. ആമകളില്‍ ചില കശേരുക്കള്‍ പുറന്തോടുമായി ചേര്‍ന്നിരിക്കുന്നു. പക്ഷികളില്‍ ഗ്രൈവ കശേരുക്കളൊഴികെയുള്ളവ ഒരു ദൃഢമായ ചട്ടക്കൂടില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. ഇത് പക്ഷികളെ പറക്കാന്‍ സഹായിക്കുന്നു. മിക്കവാറും സസ്തനികളില്‍ ഏഴ് ഗ്രൈവ കശേരുക്കളാണുള്ളത്. എന്നാല്‍ ഇവയുടെ വലുപ്പം വിവിധതരം സ്പീഷിസില്‍ വ്യത്യസ്തമായിരിക്കും. സസ്തനികളില്‍ ഗ്രൈവ കശേരുക്കളുടെ വലുപ്പമാണ് കഴുത്തിന്റെ നീളത്തെ നിര്‍ണയിക്കുന്നത്. നിരവധി സവിശേഷതകളോടുകൂടിയവയാണ് തിമിംഗലങ്ങളുടെ കശേരുക്കള്‍. ഇവയുടെ ഗ്രൈവ കശേരുക്കള്‍ ചിലപ്പോള്‍ വളരെ ലോപിച്ചിരിക്കുകയോ മറ്റു ചിലപ്പോള്‍ എണ്ണം കൂടിയിരിക്കുകയോ ചെയ്യും. മിക്കവയിലും ത്രികാസ്ഥി ഉണ്ടായിരിക്കുകയില്ല.

ഓരോ വിഭാഗം കശേരുകികളിലും നട്ടെല്ലിന് നിരവധി വളവുകളുണ്ടായിരിക്കും. നാല്‍ക്കാലികളായ സസ്തനികളില്‍ അര്‍ധവൃത്താകൃതിയില്‍ ഒരൊറ്റ വളവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മനുഷ്യന്റെ നട്ടെല്ലിന് നാല് വളവുകളുണ്ട്. ഗ്രൈവ ഭാഗത്തെ പുറവളവ് ഒന്നാമത്തെ ഗ്രൈവ കശേരു മുതല്‍ രണ്ടാം വക്ഷീയ കശേരുവിന്റെ മധ്യഭാഗം വരെ വ്യാപിച്ചിരിക്കുന്നു. കുഞ്ഞ് ജനിച്ച് ഏകദേശം 3-4 മാസം കഴിയുമ്പോഴാണ് ഈ വളവ് രൂപപ്പെടുന്നത്. അകവള(convex)വായ വക്ഷീയവളവ് (thoracic curve) രണ്ടാം വക്ഷീയ കശേരുവിന്റെ മധ്യഭാഗം മുതല്‍ 12-ാം വക്ഷീയ കശേരുവിന്റെ മധ്യഭാഗം വരെ വ്യാപിച്ചിരിക്കുന്നു. ഇടുപ്പ് വളവ്(lumbar curve) സ്ത്രീകളിലാണ് വ്യക്തമായി കാണപ്പെടുന്നത്. ഇത് 12-ാം വക്ഷീയ കശേരുവിന്റെ മധ്യം മുതല്‍ ത്രികാസ്ഥിയുടെ കോണ്‍ വരെ വ്യാപിച്ചിരിക്കുന്നു. കുഞ്ഞ് ജനിച്ച് 12-18 മാസത്തിനുള്ളില്‍, അതായത് കുഞ്ഞ് നടക്കാന്‍ തുടങ്ങുന്ന അവസരത്തില്‍ ആണ് ഇത് രൂപംകൊള്ളുന്നത്. ശ്രോണീവളവ് (pelvic curve) ത്രികാസ്ഥിയുടെ സന്ധിയില്‍നിന്ന് ആരംഭിച്ച് അനുത്രികത്തില്‍ അവസാനിക്കുന്നു. വക്ഷീയ വളവും ശ്രോണീ വളവുമാണ് ഭ്രൂണാവസ്ഥയില്‍ കാണപ്പെടുന്ന പ്രാഥമിക ഘട്ടം വളവുകള്‍. എന്നാല്‍ ഗ്രൈവ വളവും ഇടുപ്പ് വളവുമാണ് കുഞ്ഞ് ജനിച്ചശേഷം രണ്ടാം ഘട്ടത്തിലുണ്ടാകുന്ന വളവുകള്‍. പൊതുവേ, നട്ടെല്ലിലുള്ള ഈ വളവുകള്‍ നട്ടെല്ലിന്റെ ശക്തിയെ വര്‍ധിപ്പിക്കുന്നു. ഇവ കൂടാതെ നട്ടെല്ലിന് നേരിയ ഒരു പാര്‍ശ്വിക വളവുമുണ്ട്.

ശരീരത്തിലെ മറ്റ് അസ്ഥികളെപ്പോലെ നട്ടെല്ലിലെ അസ്ഥികളെയും ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോമൈലെറ്റിസ്, ഓസ്റ്റിയോ പൊറോസിസ് എന്നീ രോഗങ്ങള്‍ ബാധിക്കാറുണ്ട്. രോഗങ്ങള്‍ കൊണ്ടോ നട്ടെല്ലിനോടനുബന്ധിച്ചുള്ള പേശികള്‍ക്കുണ്ടാകുന്ന വലിവ് നിമിത്തമോ ചില മനുഷ്യരില്‍ നട്ടെല്ല് അസാധാരണമാം വിധം വളഞ്ഞുപോകാറുണ്ട്. നട്ടെല്ല് ഇരുവശങ്ങളിലേക്കും വളയുമ്പോഴുണ്ടാകുന്ന വൈകല്യമാണ് സ്കോളിയോസിസ്. പ്രായമേറിയവരില്‍ വക്ഷീയ കശേരുക്കള്‍ പുറകോട്ട് ഉന്തിനില്ക്കുന്ന അവസ്ഥയാണ് കൂന് അഥവാ കിഫോസിസ്. അമിത ഭാരമുള്ളവരിലും ഗര്‍ഭിണികളിലും, ഇടുപ്പ് കശേരുക്കള്‍ക്കുണ്ടാകുന്ന വളവ് ലോര്‍ഡോസിസ് എന്നറിയപ്പെടുന്നു.

കഴുത്തിലും ഇടുപ്പിലുമുള്ള കശേരുക്കള്‍ക്കാണ് സാധാരണയായി ക്ഷയം സംഭവിക്കാറുള്ളത്. കഴുത്തിലെ കശേരുക്കള്‍ക്കുണ്ടാകുന്നഒടിവ് മൂലം ചിലപ്പോള്‍ സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിക്കാം. ഇത്, സംവേദനക്ഷമത നഷ്ടപ്പെടാനോ പക്ഷാഘാതത്തിനോ ചിലപ്പോള്‍ മരണത്തിനുതന്നെയോ കാരണമാകുന്നു. വാഹനാപകടങ്ങളിലോമറ്റോ ഉണ്ടാകുന്ന ക്ഷതം നിമിത്തം ഗ്രൈവ കശേരുക്കളോടനുബന്ധിച്ചുള്ള പേശികള്‍ക്കും ലിഗമെന്റുകള്‍ക്കും മുറിവ് സംഭവിക്കുന്നു. ഇത് വിപ്പ്ലാഷ് എന്നപേരില്‍ അറിയപ്പെടുന്നു. മനുഷ്യരില്‍ പ്രായം കൂടുംതോറും ഇന്റര്‍വെര്‍ട്ടിബ്രല്‍ ഡിസ്കിന്റെ ഉള്‍ഭാഗം അതിന്റെ പുറമേയുള്ള ഭാഗവുമായി ഒട്ടിച്ചേരുന്നു. ഈ അവസ്ഥയാണ് സ്ളിപ്പ്ഡ് ഡിസ്ക്. ഇടുപ്പ് കശേരുക്കള്‍ക്കുണ്ടാകുന്ന സ്ളിപ്പ്ഡ് ഡിസ്ക് നാഡികളെ ഞെരുക്കുകയും ഇടുപ്പുവേദനയ്ക്ക് (lumbago) കാരണമാവുകയും ചെയ്യുന്നു.

അണുബാധ മൂലമോ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ് മൂലമോ കശേരുക്കള്‍ക്കുണ്ടാകുന്ന നീരും വേദനയും സ്പോണ്ടിലൈറ്റിസ് എന്ന രോഗത്തിന് കാരണമാകുന്നു. ഇടുപ്പിനുണ്ടാകുന്ന ശക്തമായ വേദനയും നടുവ് വളയ്ക്കാന്‍ കഴിയാത്ത അവസ്ഥയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. കശേരുസന്ധികള്‍ ദൃഢമാകുന്നതുമൂലം നടുവിനുണ്ടാകുന്ന വേദന സ്പോണ്ടിലോസിസ് എന്നറിയപ്പെടുന്നു.

നട്ടെല്ലിനെ ബാധിക്കുന്ന മറ്റൊരു രോഗമാണ് ക്ഷയം. നട്ടെല്ലില്‍ ഈ രോഗം ആദ്യമായി കശേരുക്കളെയാണ് ബാധിക്കുക. സാധാരണയായി രണ്ട് കശേരുക്കള്‍ക്കിടയിലുള്ള ഡിസ്കിനോട് ചേര്‍ന്ന ഭാഗത്തെയാണ് രോഗം ബാധിക്കുന്നത്. ഇപ്രകാരം രോഗം ബാധിച്ച കശേരു ക്രമേണ ദ്രവിച്ച് അമര്‍ന്നുപോകുന്നതുമൂലം അതിന്റെ ഉയരം ഗണ്യമായി കുറയുന്നു. അതോടൊപ്പം രണ്ട് കശേരുക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിസ്കിനെയും ഈ രോഗം ബാധിക്കുകയും തത്ഫലമായി ഡിസ്ക് നശിക്കുകയും അതുണ്ടായിരുന്ന സ്ഥലം കുറഞ്ഞുവരുകയും ചെയ്യുന്നു. രോഗത്തിന്റെ ശക്തിയനുസരിച്ച് ഡിസ്ക് ഉണ്ടായിരുന്ന സ്ഥലം മുഴുവനായും നശിച്ചുപോയെന്നുംവരാം. അത്തരം സന്ദര്‍ഭങ്ങളില്‍ രണ്ട് കശേരുക്കള്‍ തമ്മില്‍ കൂട്ടിമുട്ടുകയും ക്രമേണ മറ്റേ കശേരുവിനെയും ക്ഷയരോഗം ബാധിക്കുകയും ചെയ്യുന്നു. തത്ഫലമായുണ്ടാകുന്ന പഴുപ്പ് സുഷുമ്നാ നാഡിയിലേക്കു വ്യാപിക്കുകയും രോഗിയുടെ കൈയോ കാലോ തളര്‍ന്നുപോവുകയും ചെയ്യുന്നു. നോ: അസ്ഥിപഞ്ജരം, അസ്ഥികൂട രോഗങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍