This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നച്ചിനാര്‍ക്കിനിയര്‍ (14-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നച്ചിനാര്‍ക്കിനിയര്‍ (14-ാം ശ.)

തമിഴ്പണ്ഡിതനും വ്യാഖ്യാതാവും. മധുരയില്‍ ബ്രാഹ്മണകുലത്തില്‍ ഭരദ്വാജ വംശത്തില്‍ ജനിച്ചു. ശിവന്റെ പേര് സ്വന്തം പേരായി സ്വീകരിച്ചതിനാലും തിരുവാചകം, തിരുച്ചിറ്റംബല കോലയാര്‍ എന്നീ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനത്തില്‍ ഉപോദ്ബലക ഗ്രന്ഥങ്ങളായി സ്വീകരിച്ചതിനാലും ഇദ്ദേഹം ശിവഭക്തനായിരുന്നു എന്ന് അനുമാനിക്കാം.

തൊല്കാപ്പിയം, പത്തുപ്പാട്ട്, കലിത്തൊകൈ, കുറുന്തൊകൈയിലെ അവസാനത്തെ ഇരുപതു പാട്ടുകള്‍, ജീവകചിന്താമണി എന്നിവയ്ക്കു രചിച്ച വിശദമായ വ്യാഖ്യാനങ്ങളാണ് പ്രധാന സാഹിത്യ സംഭാവനകള്‍. ഇവയില്‍ തൊല്കാപ്പിയമാണ് ആദ്യം വ്യാഖ്യാനം രചിച്ച കൃതി. തൊല്കാപ്പിയത്തിനു പൂര്‍ണമായും വ്യാഖ്യാനം രചിച്ചിട്ടുണ്ടെങ്കിലും പൊരുളതികാരത്തിനുശേഷമുള്ള മെയ്പാട്ടിയല്‍, ഉവമവിയല്‍, മരപിയല്‍ എന്നിവയുടെ വ്യാഖ്യാനം ലഭിച്ചിട്ടില്ല. തൊല്കാപ്പിയ വ്യാഖ്യാനത്തില്‍ വേദം, ആഗമങ്ങള്‍ എന്നിവയുടെ സ്വാധീനം കാണുന്നതിനാല്‍ സംസ്കൃതത്തിലും ഇദ്ദേഹത്തിനു നല്ല പാണ്ഡിത്യമുണ്ടായിരുന്നു എന്നു മനസ്സിലാക്കാം.

സാധാരണ ജനങ്ങള്‍ക്കു മനസ്സിലാക്കാന്‍ വളരെ പ്രയാസമുള്ള പത്തുപ്പാട്ട്, കലിത്തൊകൈ തുടങ്ങിയ കൃതികള്‍ക്കു പ്രചാരം നേടിക്കൊടുത്തത് നച്ചിനാര്‍ക്കിനിയരുടെ വ്യാഖ്യാനങ്ങളാണ്. കവിഹൃദയത്തില്‍ ആഴ്ന്നിറങ്ങാനുള്ള ഇദ്ദേഹത്തിന്റെ വൈഭവം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിലപ്പോഴെങ്കിലും സ്വന്തം ആശയങ്ങളും വ്യാഖ്യാനത്തിലുള്‍പ്പെടുത്തിയിരുന്നു. ശൈവമതക്കാരനായ നച്ചിനാര്‍ക്കിനിയര്‍ ഒരു ജൈനവിശ്വാസി എന്നു തോന്നിപ്പിക്കുന്ന വിധമാണ് ജീവകചിന്താമണിക്ക് വ്യാഖ്യാനം രചിച്ചിരിക്കുന്നത്. ഇതില്‍നിന്ന് ഇദ്ദേഹത്തിന് മറ്റു മതങ്ങളോടുണ്ടായിരുന്ന ബഹുമാനം വ്യക്തമാകുന്നു.

തിരുമുരുകാറ്റുപ്പടയുടെ വ്യാഖ്യാനത്തില്‍ പരിമേലഴകരുടെ വ്യാഖ്യാനത്തെ ഖണ്ഡിക്കുന്നതിനാല്‍ പരിമേലഴകര്‍ക്കു (13-ാം ശ.) ശേഷമാണ് ഇദ്ദേഹത്തിന്റെ കാലമെന്നു കരുതുന്നു. ഇളംപൂരണര്‍, പേരാശിരിയര്‍, സേനാവരൈയര്‍, ആളവന്തപിള്ളൈ, ആസിരിയര്‍ മുതലായവരുടെ വ്യാഖ്യാനങ്ങളെ സ്വന്തം കൃതികളില്‍ പരാമര്‍ശിച്ചിരിക്കുന്നതില്‍നിന്ന് അവര്‍ക്കുശേഷമാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നത് വ്യക്തമാണ്.

തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്കായി വളരെയേറെ പ്രയത്നിച്ച ആളായിരുന്നു നച്ചിനാര്‍ക്കിനിയര്‍. തമിഴിലെ പ്രധാന കൃതികളില്‍ പലതിനും വ്യാഖ്യാനങ്ങള്‍ രചിച്ച വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തെ 'ഉച്ചിമേര്‍ പുലവര്‍കൊള്‍ നച്ചിനാര്‍ക്കിനിയര്‍' എന്നാണ് പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്. പ്രശസ്ത കൃതികള്‍ക്കു വ്യാഖ്യാനം രചിച്ച മഹാന്‍ എന്ന നിലയില്‍ 'തമിഴ് മല്ലിനാഥസൂരി' എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

(നീല പദ്മനാഭന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍