This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധൂമകേതു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:34, 22 മേയ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

ധൂമകേതു

Comet

അതിദീര്‍ഘവൃത്തത്തില്‍ സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ഖഗോളീയ വസ്തു. സൂര്യന്റെ സമീപത്തെത്തുമ്പോള്‍ ധൂമകേതുക്കള്‍ക്ക് നീണ്ട, മനോഹരമായ വാലുകള്‍ രൂപീകൃതമാകുന്നു. മറ്റു ജ്യോതിര്‍വസ്തുക്കളില്‍നിന്ന് ഇവയെ തിരിച്ചറിയാന്‍ ഈ വാല്‍ സഹായകമാണ്. വാല്‍നക്ഷത്രങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നതിനു കാരണം ഈ വാലാണ്.

ലത്തീന്‍ഭാഷയില്‍ 'നീളന്‍ മുടിയുള്ള' എന്നര്‍ഥം വരുന്ന 'കോമെറ്റ', ഗ്രീക്ക്ഭാഷയിലെ 'കോമി' എന്നീ പദങ്ങളില്‍നിന്നാണ് ധൂമകേതു എന്നര്‍ഥം വരുന്ന 'കോമറ്റ്' എന്ന ഇംഗ്ലീഷ്പദത്തിന്റെ നിഷ്പത്തി.

ഗ്രഹങ്ങള്‍, ക്ഷുദ്രഗ്രഹങ്ങള്‍ എന്നിവയെ അപേക്ഷിച്ച് ധൂമകേതുക്കള്‍ക്ക് പിണ്ഡം തീരെ കുറവാണ്. പിണ്ഡത്തില്‍ ഭൂരിഭാഗവും ഘനീഭവിച്ച പദാര്‍ഥങ്ങളാണ്. ഇരുമ്പ്, നിക്കല്‍ എന്നിവയുടെ ധൂളികള്‍, ഖരാവസ്ഥയിലുള്ള അമോണിയ, മീഥേന്‍, പലതരം സിലിക്കേറ്റുകള്‍, കാര്‍ബണ്‍ എന്നിവയും ഹൈഡ്രജന്‍, കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍ തുടങ്ങിയ വാതകങ്ങളുമാണ് പ്രധാന ഘടകപദാര്‍ഥങ്ങള്‍. സഞ്ചാരവേളയില്‍, സൂര്യന്റെ അടുത്തെത്തുമ്പോള്‍ പദാര്‍ഥങ്ങള്‍ സൗരവാതവും (solar wind) സൂര്യപ്രകാശവുമേറ്റ് ബാഷ്പമാവുകയും ഒരു വാതകാവരണം (കോമ) രൂപീകൃതമാവുകയും ചെയ്യുന്നു. മേഘസദൃശമായ ഈ ആവരണത്തിന് അനേകം ദശലക്ഷം കി.മീ. വ്യാസമുണ്ടാകും. കോമയ്ക്കു ചുറ്റുമായി അനേകലക്ഷം കി.മീ. വ്യാസത്തില്‍ ന്യൂക്ലിയസ്സില്‍നിന്നു ബഹിര്‍ഗമിക്കുന്ന ഹൈഡ്രജന്‍ ആറ്റങ്ങളുടെ ഒരു ആവരണം കൂടി ഉണ്ടാകുന്നു (ഹ്രൈഡജന്‍ മേഘം). തുടര്‍ന്ന് ഇതില്‍ ഒരുഭാഗം സൗരവാതത്തിന്റെ തള്ളല്‍മൂലം പിന്നിലേക്കു നീണ്ട് സൂര്യന്റെ എതിര്‍ദിശയിലായി അനേക ദശലക്ഷം കി.മീ. നീളമുള്ള വാലുകള്‍ (രണ്ടോ അതില്‍ കൂടുതലോ) സംജാതമാകുന്നു. പ്രധാനമായിട്ടുള്ളത് ധൂളീവാല്‍ (dust tail), പ്ലാസ്മാവാല്‍ (plasma tail) എന്നിവയാണ്.

ഹാലി ധൂമകേതുവും സൂര്യനെ ചുറ്റിയുള്ള അതിന്റെ സഞ്ചാരപഥവും

വര്‍ഷംതോറും അന്‍പതിലേറെ ധൂമകേതുക്കളെ ജ്യോതിശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നുണ്ട്. 2007-ല്‍ കണ്ടെത്തിയത് 119 എണ്ണമാണ്. അതില്‍ 86 എണ്ണവും സോഹോ (SOHO) എന്ന നിരീക്ഷണ ഉപഗ്രഹത്തിന്റെ കണ്ടെത്തലാണ്. ധൂമകേതുക്കളില്‍ പലതും ഭൂമിയില്‍നിന്ന് കാണാന്‍ കഴിയാത്തവയാണ്. എന്നാല്‍ ചിലത് ദീപ്തിയേറിയതായിരിക്കും (Bright or Great comet). സാധാരണയായി രാവിലെയും വൈകുന്നേരവുമാണ് ധൂമകേതുക്കളെ കാണാന്‍ സാധിക്കുന്നത്. എങ്കിലും അപൂര്‍വമായി പകല്‍സമയത്തും കാണാന്‍ കഴിയുന്ന ധൂമകേതുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ധൂമകേതുക്കള്‍ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നിരവധി കാരണങ്ങളാണുള്ളത്. ധൂമകേതുവില്‍ നടക്കുന്ന സങ്കീര്‍ണങ്ങളായ രാസ-ഭൗതിക പ്രക്രിയകള്‍ പഠനാര്‍ഹമാണ്. കൂടാതെ, സൗരവാത നിര്‍ണയനത്തിനുള്ള വിലയേറിയ സങ്കേതങ്ങളാണിവ. മാത്രമല്ല, സൗരയൂഥത്തിന്റെ ആദ്യകാല അവശിഷ്ടങ്ങളാകയാല്‍ സൗരയൂഥത്തിന്റെ ഉദ്ഭവത്തിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളുടെ ഒരു കലവറ കൂടിയാണ് ധൂമകേതുക്കള്‍.

ചരിത്രം

പ്രാചീനകാലത്ത് ധൂമകേതുക്കളെക്കുറിച്ച് അനവധി അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ആകാശത്ത് അപ്രതീക്ഷിതമായി ഇവ ദൃശ്യമാകുന്നത് ഒരു ദുഃസൂചനയായി(ക്ഷാമം, മരണം, യുദ്ധം, അപകടം എന്നിവയുടെ മുന്നോടിയായി)ജനങ്ങള്‍ കരുതിയിരുന്നു. 1066-ല്‍ പ്രത്യക്ഷപ്പെട്ട ഹാലി ധൂമകേതുവിനെ ദുഃസൂചനയായി ചിത്രീകരിക്കുന്ന ബായൂ റ്റാപ്പസ്റ്റ്രി (Bayeux tapestry) (80 മീ. നീളവും 50 സെ.മീ. വീതിയും) ഇതിനുദാഹരണമാണ്. വില്യമിന്റെ നേതൃത്വത്തില്‍ നോര്‍മന്‍കാര്‍ തിരിച്ചുവന്ന് ഇംഗ്ലണ്ടിലെ അപ്പോഴത്തെ രാജാവായിരുന്ന ഹാരോള്‍ഡിനെ സ്ഥാനഭ്രഷ്ടനാക്കിയേക്കുമെന്ന് അദ്ദേഹത്തെ ഒരു ഭൃത്യന്‍ അറിയിക്കുന്നതായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.

ബായു റ്റാപ്പസ്റ്റ്രി(Bayeux tapestry)യുടെ ഒരു ഭാഗം: കാണികള്‍ ചൂണ്ടിക്കാണിക്കുന്നത് ഹാലി ധൂമകേതുവിനെ

ധൂമകേതുക്കളെക്കുറിച്ച് ആദ്യമായി ഒരു ശാസ്ത്രീയ വിശദീകരണം നല്കിയത് (ബി.സി. 350) അരിസ്റ്റോട്ടല്‍ ആണ്. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് വരണ്ടതും ചൂടുള്ളതുമായ നീരാവി ഉയര്‍ന്നുപൊങ്ങി അവ രൂപംകൊള്ളുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നൂറ്റാണ്ടുകളോളം ഈ അഭിപ്രായം നിലനിന്നു. അവ ഖഗോളവസ്തുക്കളാണെന്നു തിരിച്ചറിഞ്ഞത് ടൈക്കോ ബ്രാഹേ, കെപ്ലര്‍ എന്നീ ജ്യോതിശ്ശാസ്ത്രജ്ഞരാണ്. 1609-ല്‍ ഗലീലിയോ ദൂരദര്‍ശിനി കണ്ടുപിടിച്ചതോടെ ധൂമകേതുക്കളെ സംബന്ധിച്ച നിരീക്ഷണപഠനങ്ങള്‍ക്ക് ആക്കം വര്‍ധിച്ചു. ഏറെത്താമസിയാതെ മൂന്ന് ധൂമകേതുക്കളെ കണ്ടെത്താന്‍ (1618) ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്കു സാധിച്ചു. ഏകദേശം 24 ധൂമകേതുക്കളുടെ സഞ്ചാര

പഥം, വലുപ്പം, ക്രമീകരണം എന്നിവ നിര്‍ണയിച്ച ജ്യോതിശ്ശാസ്ത്രജ്ഞനാണ് സര്‍ എഡ്മണ്ട് ഹാലി (1656-1742).
എഡ്മണ്ട് ഹാലി

അദ്ദേഹം സര്‍ ഐസക് ന്യൂട്ടന്റെ സമകാലികനും ആത്മസുഹൃത്തും ആയിരുന്നു. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം ഉപയോഗിച്ച് അദ്ദേഹം ധൂമകേതുക്കളുടെ പഥനിര്‍ണയം നടത്തി. 1680-ല്‍ പ്രത്യക്ഷപ്പെട്ട ധൂമകേതുക്കളുടെ സഞ്ചാരപഥം ന്യൂട്ടണ്‍ കണക്കാക്കിയിരുന്നു. മിക്കവാറും എല്ലാ ധൂമകേതുക്കളുടെയും സഞ്ചാരപഥം ദീര്‍ഘവൃത്താകൃതിയിലാണെന്നും ചിലവ ബഹിര്‍വലയാകൃതി(Hyperbolic path)യിലോ പരാവലയാകൃതി(Parabolic path)യിലോ സഞ്ചരിക്കുന്നുവെന്നും ഇദ്ദേഹം കണ്ടെത്തി. തുടര്‍ന്ന്, യോഹാന്‍ എന്‍ഖെ (1791-1865) 3.3 വര്‍ഷം പ്രദക്ഷിണകാലമുള്ള ധൂമകേതുവിനെയും ജര്‍മന്‍ ഗലേ (1812-1910) മറ്റു മൂന്ന് ധൂമകേതുക്കളെയും കണ്ടെത്തി. സ്പെക്ട്രോസ്കോപ്പിന്റെ സഹായത്തോടെ ഡൊനാറ്റി ആദ്യമായി ധൂമകേതുക്കളുടെ വര്‍ണരാജിചിത്രമെടുത്തു (1858). ഹാലി ധൂമകേതു (1986), ഹയാകുറ്റാകേ ധൂമകേതു (1996), ഹെയ് ല്‍-ബോപ്പ് ധൂമകേതു (1997) തുടങ്ങിയവയെപ്പറ്റി ആധുനിക നിരീക്ഷണ ഉപകരണങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും സഹായത്തോടെ മനസ്സിലാക്കാന്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞു.

ഉറവിടം

ഊര്‍ട്ട് മേഘം

ധൂമകേതുക്കളുടെ പരിണാമത്തെക്കുറിച്ച് വളരെ കൃത്യമായ നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇവയുടെ ഉറവിടത്തെക്കുറിച്ച് ഡച്ച് ജ്യോതിശ്ശാസ്ത്രജ്ഞനായ യാന്‍ ഹെന്ഡ്രിക് ഊര്‍ട്ടിന്റെ (Jan Hendriek Oort: 1900-92) അഭിപ്രായം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൗരയൂഥത്തിന്റെ വിദൂര മേഖലകളില്‍, പ്ളൂട്ടോയ്ക്കും അപ്പുറം, സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന അനേക കോടി (10,000 കോടിയോളം) ഗോളങ്ങള്‍ ഉണ്ടെന്ന് ഊര്‍ട്ട് വാദിച്ചു. ഏകദേശം 70% വരെ ഐസും ബാക്കി പാറക്കഷണങ്ങളും ധൂളികളും അടങ്ങിയ ഇവയെ 'മലിന ഹിമം' (dirty ice) എന്നാണു വിളിക്കുന്നത്. ഈ മേഖലയെ ഊര്‍ട്ട് മേഘം (Oort cloud) എന്നു വിളിക്കുന്നു. സൗരയൂഥത്തിന്റെ രൂപീകരണഘട്ടത്തില്‍ത്തന്നെ സൗരയൂഥ നെബുല സങ്കോചിച്ച് രൂപംകൊണ്ടവയാണ് ഇവ എന്ന നിഗമനത്തിലാണ് ജെറാള്‍ഡ് കുയ്പ്പറും കെന്നത്ത് ഇ.എഡ്ജ്വര്‍ത്തും എത്തുന്നത്. പല കാരണങ്ങളാല്‍ ഈ ഹിമഗോളങ്ങള്‍ക്ക് അവയുടെ പഥങ്ങള്‍ നഷ്ടമാവുകയും (ഉദാ. ഒരു അന്യവസ്തുവിന്റെ ആഗമനം സൃഷ്ടിക്കുന്ന വിക്ഷോഭം മൂലം) ചിലത് സൂര്യസമീപത്തേക്കു പതിക്കുകയും ചെയ്യുന്നു. സഞ്ചാരദിശയില്‍ വ്യാഴം, ശനി എന്നിവപോലുള്ള ഭാരിച്ച ഗ്രഹങ്ങളുടെ സാമീപ്യമുണ്ടായാല്‍ അവയുടെ ആകര്‍ഷണംമൂലം ഇവ പഥം മാറി, സൂര്യനില്‍ പതിക്കാതെ, സൂര്യനെ ദീര്‍ഘവൃത്തത്തില്‍ ചുറ്റിക്കറങ്ങാന്‍ ഇടയാകുന്നു. ഇങ്ങനെയാണ് ധൂമകേതുക്കള്‍ ഉണ്ടാകുന്നത്. ഇരുപതോളം ദീര്‍ഘകാല ധൂമകേതുക്കളുടെ പ്രദക്ഷിണപഥത്തെക്കുറിച്ച് ഊര്‍ട്ട് വിശദീകരിച്ചിട്ടുണ്ട്.

പ്രദക്ഷിണകാലവും സഞ്ചാരരീതിയും

(a)1986-ലെ ഹാലി ധൂമകേതുവിന്റെ പഥം (b) സൗരസമീപസ്ഥാനം കാണിക്കുന്നു

ഓരോ ധൂമകേതുവിന്റെയും പ്രദക്ഷിണകാലം വ്യത്യസ്തമാണ്. മൂന്നേകാല്‍ വര്‍ഷം മുതല്‍ 10,00,000 വര്‍ഷം വരെ പ്രദക്ഷിണകാലമുള്ള ധൂമകേതുക്കളുണ്ട് (ഒരിക്കല്‍മാത്രം പ്രത്യക്ഷപ്പെട്ട് എന്നെന്നേക്കുമായി പോയ്മറയുന്നവയുമുണ്ട്). പ്രദക്ഷിണകാലം 200 വര്‍ഷത്തില്‍ കുറഞ്ഞവയെ ഹ്രസ്വകാല ധൂമകേതുക്കളെന്നും 200 വര്‍ഷത്തില്‍ കൂടിയവയെ ദീര്‍ഘകാല ധൂമകേതുക്കളെന്നും വിളിക്കുന്നു. ഹാലി ധൂമകേതു(75-76 വര്‍ഷം), എന്‍ഖെ ധൂമകേതു (3.3 വര്‍ഷം) എന്നിവ ഹ്രസ്വകാല ധൂമകേതുക്കളും 1864-ല്‍ ദൃശ്യമായ 'മഹാധൂമകേതു' (The Great Comet) ദീര്‍ഘകാല ധൂമകേതുവുമാണ് (പ്രദക്ഷിണകാലം 28 ലക്ഷം വര്‍ഷം).

യാന്‍ ഹെന്ഡ്രിക് ഊര്‍ട്ട്

സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പരിക്രമണതലത്തിലല്ല ധൂമകേതുക്കള്‍ മിക്കതും സഞ്ചരിക്കുന്നത്; അവയില്‍ ചിലതിന്റെ പഥങ്ങളെ മുറിച്ചുകടക്കുംവിധമാണ്. സൂര്യസമീപത്തെത്തുമ്പോള്‍ മണിക്കൂറില്‍ ഏതാനും ലക്ഷം കി.മീ. വരെ വേഗതയുണ്ടാകും ഇവയ്ക്ക്. ഓരോ തവണയും സൂര്യനോടടുക്കുമ്പോള്‍ ഇവയുടെ ഉപരിതലപാളിയില്‍നിന്ന് വാതകങ്ങളും ശിലാധൂളികളും നഷ്ടമായിക്കൊണ്ടിരിക്കും (ആകെ ഭാരത്തിന്റെ 1-2% വരെ). നൂറുതവണയില്‍ കൂടുതല്‍ സൂര്യനെ സമീപിക്കാന്‍ കഴിയുന്ന ധൂമകേതുക്കള്‍ അപൂര്‍വമാണ്. ചിലവ അവയുടെ സഞ്ചാരവേളയില്‍ ഗ്രഹങ്ങളുടെ (ഉദാ. വ്യാഴം) സമീപത്തെത്തുമ്പോള്‍ ഗ്രഹത്തിന്റെ ആകര്‍ഷണം കാരണം അവയുടെ കുറേ ഭാഗം നഷ്ടമാവുകയും ഇങ്ങനെ പല തവണ ആവര്‍ത്തിക്കപ്പെടുന്നതോടെ ശിഥിലീകരിക്കപ്പെടുകയും ചെയ്യും. 1994 ജൂല.-ല്‍ ഷുമാക്കര്‍-ലെവി 9 ധൂമകേതു (SL 9) വ്യാഴത്തിനു സമീപമെത്തിയതോടെ ഇരുപതിലേറെ കഷണങ്ങളായി ശിഥിലീകരിക്കപ്പെടുകയും അവ ഒന്നിനു പുറകെ ഒന്നായി വ്യാഴത്തില്‍ പോയി പതിച്ച് വന്‍ വിക്ഷോഭം സൃഷ്ടിക്കുകയും ചെയ്തു.

ഘടന

ധൂമകേതുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ന്യൂക്ലിയസ്സ് (Nucleus), കോമ (Coma), ഹൈഡ്രജന്‍ മേഘം (Hydrogen cloud), വാല്‍ (tail) എന്നിവ.

ന്യൂക്ലിയസ്സ്. ഘനീഭവിച്ച പദാര്‍ഥങ്ങള്‍ അടങ്ങിയ കേന്ദ്രത്തെയാണ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് എന്നു വിളിക്കുന്നത്. ഒരു ധൂമകേതുവിന്റെ പിണ്ഡം (സാധാരണയായി 1011 കി.ഗ്രാം മുതല്‍ 1016 കി. ഗ്രാം വരെ) മുഴുവന്‍ അതിന്റെ ന്യൂക്ലിയസ്സില്‍ അടങ്ങിയിരിക്കുന്നു. രൂപവൈകൃതം സംഭവിച്ച ഒരു ഗോളത്തോട് ന്യൂക്ലിയസ്സിനെ ഉപമിക്കാം.

ഏകദേശം 60 മീ. മുതല്‍ 40 കി.മീ. വരെ വ്യാസം ഇവയ്ക്കുണ്ടായിരിക്കും. ഘനീഭവിച്ച പദാര്‍ഥങ്ങള്‍ കൂടിച്ചേര്‍ന്ന പിണ്ഡത്തില്‍ ധൂളീകണികകള്‍ പതിച്ചുവച്ചപോലുള്ള ഇവയെ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ഫ്രെഡ് എല്‍. വിപ്പിള്‍ (1906- 2007) 'മലിന ഗോളം' (dirty snowball) എന്നാണ് വിശേഷിപ്പിച്ചത്. ന്യൂക്ലിയസ്സിന്റെ ഒരു മോഡല്‍ ഇദ്ദേഹം ഉണ്ടാക്കി. ഹാലി ധൂമകേതുവിന്റെ നിരീക്ഷണപഠനങ്ങളില്‍(1986)നിന്ന് ന്യൂക്ലിയസ്സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പില്ക്കാലത്തു ലഭ്യമായിട്ടുണ്ട്. ഇരുമ്പ്, നിക്കല്‍, മഗ്നീഷ്യം എന്നിവയുടെ ചെറിയ കഷണങ്ങളും ജലം, അമോണിയ, മീഥേന്‍ എന്നിവയുടെ ഹിമരൂപങ്ങളും സിലിക്കേറ്റിന്റെയും കാര്‍ബണിന്റെയും ശിലാധൂളികളും ന്യൂക്ലിയസ്സില്‍ അടങ്ങിയിരിക്കുന്നു. 70%-ത്തിലധികം ഹിമമായിരിക്കും.

ചില സന്ദര്‍ഭങ്ങളില്‍, ചില ധൂമകേതുക്കളുടെ ന്യൂക്ലിയസ്സ് രണ്ടോ അതില്‍ കൂടുതലോ കഷണങ്ങളായി വിഭജിച്ച രീതിയിലും കാണപ്പെടാറുണ്ട് (ഉദാ. മഹാധൂമകേതു വെസ്റ്റ് -1976 VI).

കോമ. സൂര്യനോട് അടുത്തുവരുമ്പോള്‍ സൂര്യകിരണങ്ങളും സൗരവാതവുമേറ്റ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സിനു ചുറ്റുമായി ഏകദേശം ഗോളാകൃതിയില്‍, അത്യന്തം നേര്‍ത്തതും ബൃഹത്തായതുമായ ഒരു വാതകാവരണം രൂപീകൃതമാകുന്നു. ഇതിനെയാണ് കോമ അഥവാ ധൂമകേതുവിന്റെ ശിരസ്സ് എന്നു പറയുന്നത്. ഏകദേശം 105 മുതല്‍ 106 വരെ കി.മീ. വ്യാസം ഇതിനുണ്ടായിരിക്കും. സെക്കന്‍ഡില്‍ ഒരു കിലോമീറ്ററോളം വേഗതയില്‍ ന്യൂക്ലിയസ്സില്‍നിന്ന് ഹൈഡ്രജന്‍, ഓക്സിജന്‍, സള്‍ഫര്‍, കാര്‍ബണ്‍, ഇരുമ്പ്, കാല്‍സിയം, വനേഡിയം, ക്രോമിയം, മാങ്ഗനീസ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ അറ്റോമിക കണങ്ങളും അവയുടെ റാഡിക്കലുകളും പ്രവഹിക്കുന്നുണ്ടാകും. ഇവയില്‍ പലതും അയോണീകൃതവും (ionized) ആയിരിക്കും. കോമയില്‍ ഉയര്‍ന്ന തോതില്‍ ഡോയിട്ടേറിയം (Deutarium) അടങ്ങിയിട്ടുണ്ടെന്ന് സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്. സൂര്യനോട് അടുത്തുവരുന്തോറും കൂടുതല്‍ വാതക തന്മാത്രകള്‍ സ്വതന്ത്രമാവുകയും കോമയുടെ വ്യാപ്തി വര്‍ധിക്കുകയും ചെയ്യും. ഒപ്പം (സൂര്യസാമീപ്യംമൂലം) ധൂമകേതുവിന്റെ സഞ്ചാരവേഗതയും വര്‍ധിക്കും. ചില ധൂമകേതുക്കളുടെ കോമയ്ക്ക് സൂര്യനെക്കാള്‍ വലുപ്പം ഉണ്ടാകാറുണ്ട്. സൂര്യനില്‍നിന്ന് 2.5 മുതല്‍ 3 വരെ അഡ അടുത്ത് എത്തിയാല്‍പ്പിന്നെ (സൂര്യശോഭമൂലം) ധൂമകേതുക്കളുടെ കോമ ദൃശ്യമാകില്ല.

ഹൈഡ്രജന്‍ മേഘം. കോമയ്ക്കു ചുറ്റും, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തരത്തില്‍, ഹൈഡ്രജന്‍ ആറ്റങ്ങളുടെ വളരെ ബൃഹത്തായ (കോടി കി.മീ. വ്യാസം) ഒരു ആവരണം ധൂമകേതുക്കളില്‍ രൂപംകൊള്ളാറുണ്ട്. ഇതാണ് ഹൈഡ്രജന്‍ മേഘം. 1970-ലാണ് ഹൈഡ്രജന്‍ മേഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്കു കിട്ടിയത്. ടാഗോ-സാറ്റോ-കൊസാകാ ധൂമകേതു (1969 g), ബെന്നറ്റ് ധൂമകേതു (1969 i) എന്നിവയുടെ കോമയ്ക്കു ചുറ്റും ഭീമാകാരമായ ഈ ആവരണമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് 1976-ല്‍ വെസ്റ്റ് ധൂമകേതുവിനും ഹൈഡ്രജന്‍ മേഘമുണ്ടെന്നു വ്യക്തമായിട്ടുണ്ട്.

ഹൈഡ്രജന്‍ മേഘത്തിന്റെ വ്യാപ്തി ന്യൂക്ലിയസ്സില്‍നിന്നു ബഹിര്‍ഗമിക്കുന്ന ഹൈഡ്രജന്‍ ആറ്റങ്ങളെ ആശ്രയിച്ചിരിക്കും. സെക്കന്‍ഡില്‍ 8 കി.മീ. വേഗത്തില്‍ ഹൈഡ്രജന്‍ ആറ്റങ്ങള്‍ പ്രവഹിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രകാശവിയോജനത്താല്‍ (Photodissociation) ഹൈഡ്രോക്സില്‍ (OH) ആറ്റങ്ങളില്‍നിന്നാണ് ഹൈഡ്രജന്‍ പ്രവഹിക്കുന്നതെങ്കില്‍ ഇവയുടെ പ്രവേഗം വര്‍ധിച്ചുവരും.

വാല്‍. ഒരു വലിയ ധൂമകേതുവിന് സൂര്യനില്‍നിന്ന് ഏതാണ്ട് 30 കോടി കി.മീ. അകലെവച്ച് വാല്‍ രൂപംകൊള്ളാന്‍ തുടങ്ങുന്നു. ദൂരം കുറയുന്തോറും അതിന്റെ വലുപ്പം വര്‍ധിച്ചുവരും. 1577 ന.-ല്‍ പ്രത്യക്ഷപ്പെട്ട മഹാധൂമകേതുവിന്റെ വാല്‍ 60° വളഞ്ഞാണിരിക്കുന്നതെന്ന് ടൈക്കോ ബ്രാഹേ (1546-1601) കണ്ടെത്തി. കൂടാതെ ഈ ധൂമകേതുവും ഭൂമിയും തമ്മിലുള്ള അകലവും ഇദ്ദേഹം നിര്‍ണയിച്ചു. വാലിന്റെ ദിശ സൂര്യന് പ്രതിമുഖമായിരിക്കുമെന്നുള്ള ഫ്രസ്കേറ്റര്‍ (Frascator: 1483-1553), പിയറി ഏപിയന്‍ (Pierre Apian :1495-1552), ടൈക്കോ എന്നിവരുടെ അഭിപ്രായത്തെ കെപ്ളര്‍ (1571-1630) സ്ഥിരീകരിച്ചു. കൂടാതെ, സൂര്യനില്‍നിന്നു പ്രസരിക്കുന്ന വികിരണസമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് വാല്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം കണ്ടെത്തി. ചിലവയുടെ വാലിന് വളരെയധികം നീളം ഉണ്ട്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ ഇരട്ടി നീളം ചില വാലുകള്‍ക്കുണ്ട്. 30 കോടി കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള വാലുള്ളവയെ കണ്ടെത്തിയിട്ടുണ്ട്.

ധൂളീകണികകളാല്‍ രൂപീകൃതമാകുന്നവയാണ് ധൂളീവാല്‍. കാഴ്ചയില്‍ വെളുത്ത നിറമോ ഇളം മഞ്ഞ നിറമോ ആണിതിന്. ഇത് അല്പം വളഞ്ഞാണിരിക്കുക. നീളം ഏകദേശം 106 കി.മീ.നും 107കി.മീ.നും ഇടയ്ക്കു വരും. ഒന്നിലേറെ വാലുകളുണ്ടെങ്കിലും ഏത് ധൂമകേതുവിനും പ്രാമുഖ്യം ഒരു വാലിനു മാത്രമായിരിക്കും. ഹെയ് ല്‍-ബോപ്പ് ധൂമകേതുവിന് ധൂളീവാലാണ് പ്രബലം. സാധാരണഗതിയില്‍ ധൂളീവാലുകളെല്ലാം ആപേക്ഷികമായി ഏകജാതീയമാണ്; ഇതില്‍നിന്നു വ്യത്യസ്തമായിട്ടുള്ളത് വെസ്റ്റ് ധൂമകേതുവിന്റേതാണ്. മിക്ക ധൂളീകണികകളുടെയും വ്യാസം ഒരു മൈക്രോമീറ്ററിനടുത്ത് ആയിരിക്കുമെന്നും ഘടനയില്‍ കൂടുതലും സിലിക്കേറ്റുകളാണെന്നും നിരീക്ഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു. അറെങ്-റൊളാങ് (Arend-Roland) ധൂമകേതു (1957), ഹാലി ധൂമകേതു (1986) എന്നിവയുടെ ധൂളീവാലുകള്‍ പ്രക്ഷേപപ്രഭാവം കാരണം സൂര്യനഭിമുഖമായിട്ടാണെന്നു തോന്നാറുണ്ട്. അതിനാല്‍ ഇവയെ പ്രതിപൃച്ഛങ്ങള്‍ (antitails) എന്നു വിളിക്കുന്നു.

അയോണീകൃത വാതകങ്ങളാണ് പ്ലാസ്മാവാലിനു രൂപംകൊടുക്കുന്നത്. നീലയോ നീലകലര്‍ന്ന പച്ചയോ നിറത്തില്‍ ഇവ ദൃശ്യമാകുന്നു. ഇവയ്ക്ക് ഏകദേശം 107കി.മീ.-നും 108 കി.മീ.-നും ഇടയ്ക്ക് നീളമുണ്ട്. 1843-ല്‍ പ്രത്യക്ഷപ്പെട്ട മഹാധൂമകേതുവിന്റെ പ്ലാസ്മാവാലിന് 2 AU-ല്‍ കൂടുതല്‍ നീളമുണ്ടായിരുന്നു. പ്ലാസ്മാവാല്‍ പ്രബലമായിട്ടുള്ള മറ്റൊരു ധൂമകേതു ഹയാകുറ്റാകേയാണ്.

പ്ലാസ്മാവാലിന്റെ രൂപീകരണത്തിന് സൗരവാതങ്ങളും സൂര്യന്റെ കാന്തികമണ്ഡലവും പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് 1957-ല്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ എച്ച്. ആല്‍ ഫ്വെന്‍ കണ്ടെത്തുകയുണ്ടായി. സൂര്യന്റെ കാന്തികമേഖലകളുടെ ദിശയിലായിരിക്കും പ്ലാസ്മാവാല്‍. ഹാലി ധൂമകേതു (1986), ഗിയാ കോബിനി-സിന്നര്‍ ധൂമകേതു (1985), ഗ്രിഗ്-സ്കെജെല്ലെറപ് (Grigg-skjellerup) ധൂമകേതു (1992) എന്നിവയിലെ നിരീക്ഷണഫലങ്ങള്‍ ഈ ആശയത്തെ സ്ഥിരീകരിക്കുന്നുണ്ട്.

നാമകരണം

ധൂമകേതുക്കളെ നാമകരണം ചെയ്യുന്ന രീതി ആരംഭിച്ചത് 16-ാം ശ.-ത്തിലാണ്. ധൂമകേതുക്കള്‍ പ്രത്യക്ഷപ്പെടുന്ന വര്‍ഷത്തോടൊപ്പം കണ്ടെത്തുന്ന ക്രമം സൂചിപ്പിക്കുംവിധം ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയ അക്ഷരങ്ങള്‍കൂടി ചേര്‍ത്ത് എഴുതുന്ന രീതിക്ക് ഉദാഹരണങ്ങളാണ് 1956 h, 1927 j എന്നിവ. മറ്റൊന്ന്, പ്രത്യക്ഷപ്പെടുന്ന വര്‍ഷത്തോട് റോമന്‍ അക്കങ്ങള്‍ കൂടി ചേര്‍ക്കുന്ന രീതിയാണ്. ഉദാ. 1862 III, 1913 III എന്നിങ്ങനെ. കണ്ടുപിടിക്കുന്ന ഉപകരണം, നിരീക്ഷണാലയം (SOLWIND,IRAS,SOHO തുടങ്ങിയവ) എന്നിവയുടെ പേരിനോടു ചേര്‍ത്തും ധൂമകേതുക്കള്‍ക്ക് പേര് നല്കുന്നുണ്ട്. കണ്ടുപിടിച്ച ശാസ്ത്രജ്ഞരുടെ പേരിലാണ് പല ധൂമകേതുക്കളും അറിയപ്പെടുന്നത്. ഉദാ. ഹാലി ധൂമകേതു, എന്‍ഖെ ധൂമകേതു, ഹെയ് ല്‍-ബോപ്പ് ധൂമകേതു മുതലായവ.

1995 മുതല്‍ ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ (IAU) ധൂമകേതുനാമകരണത്തിന് ഒരു നൂതനരീതി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇതിനായി, ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തരംതിരിച്ചിരിക്കുന്നു. ജനുവരി ഒന്നിനും പതിനഞ്ചിനും ഇടയ്ക്കാണ് ധൂമകേതു പ്രത്യക്ഷപ്പെടുന്നതെങ്കില്‍ വര്‍ഷത്തോടൊപ്പം A എന്നു ചേര്‍ക്കും. ഈ ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യമാദ്യം കണ്ടുപിടിക്കുന്നതിനനുസരിച്ച് Aയുടെ കൂടെ 1, 2, 3... എന്നുകൂടി ചേര്‍ക്കുന്നു. ജനുവരി 16-നും 31-നും ഇടയ്ക്കാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍, വര്‍ഷത്തോടൊപ്പം B എന്നു ചേര്‍ക്കും. ഫെബ്രുവരിയിലാണെങ്കില്‍ യഥാക്രമം C,D ഇവ ചേര്‍ക്കാം. ഈ രീതിയില്‍, ഡിസംബര്‍ 16-നും 31-നും ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ധൂമകേതുവിന് Y എന്നു ചേര്‍ക്കണം. I,Z എന്നീ അക്ഷരങ്ങളെ ഈ രീതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഹയാകുറ്റാകെ ധൂമകേതുവിന് C/1996 B2 എന്നും ഹെയ് ല്‍-ബോപ്പ് ധൂമകേതുവിന് C/ 1995 O1 എന്നുമാണ് നാമധേയം. കൃത്യമായി ആവര്‍ത്തിച്ചുവരുന്ന (periodic) ധൂമകേതുക്കളെ സൂചിപ്പിക്കാന്‍ P എന്ന സൂചകം ചേര്‍ ത്തെഴുതുന്ന രീതിയുമുണ്ട്. ഉദാ. P/ഹാലി, P/സ്വിഫ്റ്റ്-ടട്ടില്‍.

പ്രശസ്തമായ ചില ധൂമകേതുക്കള്‍

ഹാലി ധൂമകേതു (Halley's Comet). വളരെയധികം ശ്രദ്ധേയമായ ഹാലി ധൂമകേതുവാണ് ഏറ്റവും ആദ്യം കണ്ടെത്തിയ ഒരു ഹ്രസ്വകാല ധൂമകേതു. ഇത് ഒരു ആവര്‍ത്തന ധൂമകേതുവാണെന്നു കണ്ടെത്തിയതും ഇതിന്റെ ആവര്‍ത്തനകാലവും (75-76 വര്‍ഷം) പഥവും കണക്കാക്കിയതും 1682-ല്‍ സര്‍ എഡ്മണ്ട് ഹാലി എന്ന ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞനാണ്. ഹാലി ധൂമകേതുവിന്റെ ഔദ്യോഗിക നാമധേയം: 1P/1682 Q1 (അഥവാ 1P/ഹാലി). ധൂമകേതുക്കളുടെ ചരിത്രം പരിശോധിച്ച ഹാലി ബി.സി. 140, എ.ഡി. 1456, 1531, 1607, 1682 എന്നീ വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടത് ഒരേ ധൂമകേതുതന്നെയാണെന്നു കണ്ടെത്തുകയായിരുന്നു. 1759-ല്‍ അത് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അത് കാണാന്‍ അദ്ദേഹം ജീവിച്ചിരുന്നില്ലെങ്കിലും ധൂമകേതു പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. ധൂമകേതുക്കളെക്കുറിച്ചു നിലനിന്ന അന്ധവിശ്വാസങ്ങളും ഭീതിയും ഒട്ടൊക്കെ മാറാന്‍ ഇടയാക്കിയത് ഹാലിയുടെ പ്രവചനത്തിന്റെ ഫലമായാണ്. 1910-ലും 1986-ലും വീണ്ടും പ്രത്യക്ഷപ്പെട്ട ഹാലി ധൂമകേതുവിനെ 2061-62 കാലത്ത് വീണ്ടും പ്രതീക്ഷിക്കുന്നു. ഹാലി ധൂമകേതുവിനെ സംബന്ധിച്ച വിശദമായ പഠനത്തിലൂടെ ധൂമകേതുക്കളെ സംബന്ധിച്ച നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിട്ടുണ്ട്. സൂര്യന്‍ ഒരു ഫോക്കസ്സില്‍ വരുംവിധമുള്ള അതിദീര്‍ഘവൃത്തമാണ് അതിന്റെ പഥം. അതിന്റെ സൂര്യോച്ചം (aphelion) സൂര്യനില്‍നിന്ന് വളരെ അകലെ, നെപ്റ്റ്യൂണിന്റെ പ്രദക്ഷിണപഥത്തിനും അപ്പുറത്താണ് (500-600 കോടി കി.മീ. ദൂരെ). സൂര്യസമീപകം (perihelion) സൂര്യനില്‍നിന്ന് 9 കോടി കി.മീ. മാത്രം അകലെയും. അതിന്റെ ന്യൂക്ലിയസ്സിന് ഗോളാകാരമില്ല; 8 × 7 ×15 കി.മീ. വലുപ്പമുള്ള ഒരു പെട്ടിപോലെയാണ്. ദ്രവ്യമാനം 100 ബില്യണ്‍ മെട്രിക് ടണ്‍ വരും. ഓരോ തവണ സൂര്യനെ പ്രദക്ഷിണംചെയ്തു പോകുമ്പോഴും ഏകദേശം 12% ദ്രവ്യം ഇതില്‍നിന്നു നഷ്ടപ്പെടുന്നു. പ്രകാശപ്രതിഫലനശേഷി (Albedo) നന്നേ കുറവാണ് : 4%. അതായത് ന്യൂക്ലിയസ്സില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ 4% മാത്രമേ അതു പ്രതിഫലിപ്പിക്കുന്നുള്ളൂ.

എന്‍ഖെ ധൂമകേതു (Encke's Comet). കണ്ടെത്തിയ ധൂമകേതുക്കളില്‍ ഏറ്റവും ചുരുങ്ങിയ പ്രദക്ഷിണകാലമുള്ള (3.3 വര്‍ഷം) ധൂമകേതുവാണിത്. ഇതിനെ കണ്ടെത്തിയത് (1822) ജോഹന്‍ ഫ്രാന്‍സ് എന്‍ഖെ എന്ന ജര്‍മന്‍ ജ്യോതിശ്ശാസ്ത്രജ്ഞനാണ്. ഔദ്യോഗിക നാമധേയം: 2P/എന്‍ഖെ.

ഡൊനാറ്റി ധൂമകേതു. 1858-ല്‍ ഗിയോവാനി ഡൊനാറ്റിയാണ് ഇതിനെ കണ്ടെത്തിയത്. വളരെ പ്രദീപ്തമായ ശിരസ്സും വളഞ്ഞ വാലും ഇതിന്റെ പ്രത്യേകതകളാണ്.

ഇക്കേയ-സെക്കി ധൂമകേതു (Ikeya-Seki Comet). ഏകദേശം ഒരേ പഥത്തില്‍ക്കൂടി സഞ്ചരിക്കുന്ന, അല്പം വ്യത്യസ്ത പ്രദക്ഷിണകാലമുള്ള ധൂമകേതുക്കളെ ഒരു ധൂമകേതുഗ്രൂപ്പിലെ അംഗങ്ങളായി പരിഗണിക്കാം. ഇതിന് ഒരു ഉദാഹരണമാണ് ഇക്കേയ-സെക്കി ധൂമകേതു. ജപ്പാന്‍ ജ്യോതിശ്ശാസ്ത്രജ്ഞരായ ഇക്കേയയും സെക്കിയുമാണ് ഇതിനെ കണ്ടെത്തിയത് (1965 ഒ. 21). പ്രദക്ഷിണംചെയ്ത് സൂര്യനടുത്തെത്തിയപ്പോള്‍ അത് രണ്ട് കഷണങ്ങളായി പിളരുകയും തത്സമയം ചന്ദ്രനെക്കാള്‍ അഞ്ചുമടങ്ങ് ദീപ്തിയുണ്ടാവുകയും ചെയ്തു. വാലിന് മൂന്നുകോടിയിലധികം കി.മീ. നീളമുള്ള ഇതിന്റെ പ്രദക്ഷിണകാലം കൃത്യമായി അറിയില്ലെങ്കിലും, 500-1000 വര്‍ഷം കഴിഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാമെന്നു കരുതപ്പെടുന്നു.

മഹാധൂമകേതു (The Great Comet). മറ്റു ധൂമകേതുക്കളെ അപേക്ഷിച്ച് സാമാന്യം വലുപ്പവും ദീപ്തിയുമുള്ള ന്യൂക്ലിയസ്സും കോമയും പ്രവര്‍ത്തനക്ഷമമായ പ്രതലം ഉള്ളവയും സൂര്യനോടടുക്കുമ്പോഴും ഭൂമിയോടടുക്കുമ്പോഴും വളരെ നന്നായി നിരീക്ഷിക്കാനുള്ള സാഹചര്യം നല്കുന്നവയും ആയ ധൂമകേതുക്കളെയാണ് മഹാധൂമകേതുക്കള്‍ ആയി പരിഗണിക്കുന്നത്. ഉദാ. ഹെയ് ല്‍-ബോപ്പ് ധൂമകേതു, വെസ്റ്റ് ധൂമകേതു മുതലായവ.

ഹയാകുറ്റാകെ ധൂമകേതു (Hyakutake comet). ജാപ്പനീസ് ശാസ്ത്രജ്ഞനായ യൂചി ഹയാകുറ്റാകെ കണ്ടെത്തിയ(1996 ജനു. 30) ഈ ധൂമകേതുവിന്റെ പ്രദക്ഷിണകാലം 72,000 വര്‍ഷമാണ്. ഔദ്യോഗിക നാമധേയം: C/1996 B2. കാര്‍ബണ്‍, കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈഓക്സൈഡ്, മെഥനോള്‍, ഹൈഡ്രജന്‍ സയനൈഡ്, ഹൈഡ്രജന്‍ ഐസോ സയനൈഡ്, മീതൈല്‍ സയനൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ, സള്‍ഫര്‍ മോണോക്സൈഡ്, സള്‍ഫര്‍ ഡൈഓക്സൈഡ്, കാര്‍ബോനില്‍ സള്‍ഫൈഡ് (OCS), തയോഫോര്‍മാല്‍ഡിഹൈഡ് (H2CS), സയനോജന്‍ (CN) എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഹൈഡ്രോകാര്‍ബണുകളായ മീഥേന്‍ (CH4), അസറ്റലിന്‍ (C2H2), ഈഥേന്‍(C2H4) എന്നിവയുടെ തന്മാത്രകളും അടങ്ങിയത് കണ്ടെത്തിയിട്ടുണ്ട്.

ഹയാകുറ്റാകെ ധൂമകേതു (1996):നീളം കൂടിയതും പെട്ടെന്നു രൂപപ്പെടുന്നതുമായ വാല്‍

ഹെയ് ല്‍ ബോപ്പ് ധൂമകേതു (Hale-Bopp Comet). അലന്‍ ഹെയ്ലും തോമസ് ബോപ്പും ചേര്‍ന്ന് കണ്ടുപിടിച്ച ധൂമകേതുവാണിത്.1995 ജൂല. 23-ന് പ്രത്യക്ഷപ്പെട്ട ഇത് ഏറ്റവും കൂടുതല്‍ ദീപ്തമായത് 1997 മാ. 22-നാണ്. ഔദ്യോഗിക നാമധേയം: C/1995 01. പ്രദക്ഷിണകാലം 2,400 വര്‍ഷത്തിലേറെയാണ് എന്നു കണക്കാക്കുന്നു. ന്യൂക്ലിയസ്സിന് 40 കി.മീ. വ്യാസമുണ്ട്. ഈ ധൂമകേതുവിന് ധൂളീവാല്‍, പ്ലാസ്മാവാല്‍, സോഡിയംവാല്‍ എന്നീ മൂന്നുതരം വാലുകളുണ്ടായിരുന്നു. സോഡിയം, സള്‍ഫര്‍ മോണോക്സൈഡ്, സള്‍ഫര്‍ ഡൈഓക്സൈഡ്, നൈട്രജന്‍ സള്‍ഫൈഡ്, ഫോര്‍മിക് ആസിഡ്, മീതൈല്‍ ഫോമേറ്റ്, ഹൈഡ്രജന്‍ സയനൈഡ്, ഫോമൈഡ് (NH2 CHO) എന്നിവയും ജലം, ഘനജലം (HDO), ഫോമാല്‍ഡിഹൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ മോണോസള്‍ഫൈഡ്, കാര്‍ബോനൈല്‍ സള്‍ഫൈഡ്, സയനോജന്‍, മീതൈല്‍ സയനൈഡ്, ഹൈഡ്രജന്‍ ഐസോസയനൈഡ്, മെഥനോള്‍, അസറ്റലിന്‍, ഈഥേന്‍, അമോണിയ, മീഥേന്‍ എന്നിവയുടെ തന്മാത്രകളും ഇതിലടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.

ഉല്‍ക്കാവര്‍ഷവും ധൂമകേതുക്കളും

ധൂമകേതുക്കള്‍ മൂലം പലപ്പോഴും ഉല്‍ക്കാവര്‍ഷം (meteor shower) സംഭവിക്കാറുണ്ട്. ധൂമകേതുക്കള്‍ സൂര്യനെ പ്രദക്ഷിണം ചെയ്തു കടന്നുപോകുമ്പോള്‍ അവയില്‍നിന്നു നഷ്ടപ്പെടുന്ന ദ്രവ്യം ഗ്രഹാന്തരതലത്തില്‍ (Interplanetary space) തങ്ങിനില്ക്കും. (ധൂമകേതുവിന്റെ വാല്‍ അതില്‍നിന്നു നഷ്ടപ്പെടുന്ന ദ്രവ്യത്തിന്റെ ഒഴുക്കാണ്; വാല്‍ സ്ഥിരമല്ല.) ധൂമകേതുക്കളുടെ പ്രദക്ഷിണപഥത്തില്‍ക്കൂടി ഭൂമി കടന്നുപോകുമ്പോള്‍ ഇവ, പ്രത്യേകിച്ച് ധൂളികളും പാറക്കഷണങ്ങളും മറ്റും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച്, ഘര്‍ഷണംമൂലം കത്താനിടയാകുന്നു. ഇതാണ് ഉല്‍ക്കാവര്‍ഷമായി കാണപ്പെടുന്നത്. ചില ധൂമകേതുക്കളുടെ കാര്യത്തില്‍ ഈ പ്രതിഭാസം ക്രമമായിത്തന്നെ സംഭവിക്കുന്നു. വര്‍ഷംതോറും ആഗ. 9-നും 13-നും ഇടയ്ക്ക് ഉണ്ടാകാറുള്ള പെഴ്സീഡ് ഉല്‍ക്കാവര്‍ഷത്തിന്റെ (Perseid meteor shower) ഉറവിടം 2007 ആഗ.-ല്‍ വന്നുപോയ സ്വിഫ്റ്റ് ടട്ടില്‍ (Swift-Tuttle) ധൂമകേതുവാണ്. ഒക്ടോബറിലെ ഒറിയോണ്‍ ഉല്‍ക്കാവര്‍ഷത്തിനു കാരണം ഹാലി ധൂമകേതുവും നവംബറിലേതിന് ബിയേല ധൂമകേതു(Biela comet)വുമാണ്.

കൂട്ടിമുട്ടല്‍ സാധ്യത

ധൂമകേതുക്കള്‍ ഭൂമിയുമായി കൂട്ടിമുട്ടാനുള്ള സാധ്യത നന്നേ ചെറുതാണ്. കാരണം, അവയില്‍ മിക്കതിന്റെയും പരിക്രമണതലം ഭൂമിയുടെ പരിക്രമണതലത്തില്‍നിന്നു വ്യത്യസ്തമാണ്. കുറച്ചെണ്ണം മാത്രമേ ഭൂപഥത്തെ മുറിച്ച് കടന്നുപോകുന്നുള്ളൂ. ഇവയില്‍ ചിലത് ഭൂമിയില്‍ പതിച്ചുകൂടെന്നില്ല. അത്തരം സംഭവങ്ങളുടെ കുറച്ച് അടയാളങ്ങളേ ഭൂമിയില്‍ അവശേഷിച്ചിട്ടുള്ളൂ. മിക്കതും കാറ്റും മഴയും മഞ്ഞും സസ്യങ്ങളും എല്ലാം ചേര്‍ന്നു മായ്ച്ചുകളഞ്ഞിരിക്കുന്നു.

1908 ജൂണ്‍ 30-ന് സൈബീരിയയിലെ തുങ്കുഷ്ക്ക (Tungushka) എന്ന വനപ്രദേശത്ത് ഒരു കൊച്ചു ധൂമകേതു പതിച്ചതിന്റെ അടയാളം ഇപ്പോഴും ഉണ്ട്. ഭൂതലത്തില്‍നിന്ന് 8 കി.മീ. മുകളിലെത്തി, വായുവിന്റെ ഘര്‍ഷണം കൊണ്ട് ജ്വലിച്ച് പൊട്ടിത്തെറിച്ച അത് 10 മെഗാടണ്‍ ടി.എന്‍.ടി.ക്കു തുല്യമായ ഊര്‍ജം (നിരവധി ഹിരോഷിമാ ബോംബുകള്‍ക്കു സമം) ചുറ്റും വിതറി. അത് സൃഷ്ടിച്ച ഷോക്ക് തരംഗങ്ങള്‍ അനേകം കി.മീ. ചുറ്റളവിലുള്ള വനത്തെ നാമാവശേഷമാക്കി.

ധൂമകേതുവിന്റെ വലുപ്പം ഒരു കിലോ മീറ്ററിലധികമാണെങ്കില്‍ അത് നിരവധി ദശലക്ഷം മെഗാ ടണ്‍ ഊര്‍ജം പുറത്തുവിടുകയും ആഗോള ദുരന്തത്തിനിടയാക്കുകയും ചെയ്യും. ഭൂമിയില്‍നിന്ന് ഉയരുന്ന ധൂളീപടലവും അഗ്നിബാധ സൃഷ്ടിക്കുന്ന പുകയും ദീര്‍ഘകാലത്തേക്ക് സൂര്യപ്രകാശത്തെ തടയുകയും കാലാവസ്ഥയെ തകിടം മറിക്കുകയും ചെയ്യും. 6.5 കോടി വര്‍ഷം മുമ്പ് ചിക്സുലബ് പ്രദേശം ദിനോസോറുകളുള്‍പ്പെടെ നിരവധി ജീവിവര്‍ഗങ്ങളുടെ ഉന്മൂലനത്തിനിടയാക്കിയത് ഇത്തരം ഒരു ധൂമകേതു പതനമാണെന്ന് കരുതപ്പെടുന്നു. ഏതാനും ദശലക്ഷം വര്‍ഷത്തിലൊരിക്കല്‍ ഇത്തരം ആപത്തുകള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. അത് തടയാന്‍ ആവശ്യമായ മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷ.

ആധുനിക പഠനങ്ങള്‍

ബഹിരാകാശ വാഹനങ്ങളുടെ സഹായത്തോടെ ധൂമകേതു നിരീക്ഷണം കൂടുതല്‍ പുരോഗതി നേടാന്‍ തുടങ്ങിയത് 1985 മുതലാണ്. ഇന്റര്‍നാഷണല്‍ സണ്‍-എര്‍ത്ത് എക്സ്പ്ളോറര്‍ അഥവാ ഇന്റര്‍നാഷണല്‍ കോമറ്റ് എക്സ്പ്ളോറര്‍ (ISEE-3/ICE) ആയിരുന്നു ഇതിനായി നിയോഗിക്കപ്പെട്ട ആദ്യ ബഹിരാകാശ വാഹനം. 21 P/ ഗിയാകോബിനി-സിന്നര്‍ (Giacobini-Zinner) ധൂമകേതുവിന്റെ വാലില്‍ക്കൂടി കടന്നുപോയ ഈ പേടകത്തിന് വാലിന്റെ ഘടനയെക്കുറിച്ചും മറ്റു പ്രത്യേകതകളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സോഹോ(Solar and Heliospheric Observatory-SOHO)

യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സി നിയോഗിച്ച ഗിയോട്ടോ (Giotto), മുന്‍ സോവിയറ്റ് യൂണിയന്റെ വേഗ-1 (1986 മാ. 4), വേഗ-2, ജപ്പാന്റെ സൂയിസെയ് (Suisei), സാക്കിഗാകേ തുടങ്ങിയവയാണ് ഹാലി ധൂമകേതുവിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ പ്രധാന ബഹിരാകാശ ദൗത്യങ്ങള്‍. ഇവയില്‍ ഗിയോട്ടോ ദൗത്യമാണ് (1986 മാ. 14) ഹാലി ധൂമകേതു പഠനത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയത്. ധൂമകേതുവിന്റെ വളരെ അടുത്തെത്തിയ (600 കി.മീ.) ഗിയോട്ടോവിന് ന്യൂക്ലിയസ്സിന്റെ 2112 വര്‍ണചിത്രങ്ങളെടുത്ത് ഭൂമിയിലേയ്ക്കയയ്ക്കാന്‍ കഴിഞ്ഞു. ഈ ചിത്രങ്ങള്‍, മുന്‍ധാരണയ്ക്കതീതമായി ന്യൂക്ലിയസ്സിന് കൂടുതല്‍ വലുപ്പമുള്ളതായി (15 കി.മീ. നീളം, 7-10 കി.മീ. വീതി) കാണിച്ചു. കൂടാതെ, ന്യൂക്ലിയസ്സിന്റെ ഏകദേശം 10% വരുന്ന പുറംഭാഗം മാത്രമേ സൂര്യസമീപത്തെത്തുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്നുള്ളൂവെന്നും സു. 4.5 × 109 വര്‍ഷം മുമ്പാണ് ഈ ധൂമകേതു രൂപീകൃതമായതെന്നും ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുന്‍ ധാരണയ്ക്കു വിരുദ്ധമായി ധൂമകേതുക്കളിലെ പ്രധാന ഘടകം ധൂളീകണികകളാണെന്നുള്ള കണ്ടെത്തല്‍ ഈ ദൗത്യത്തിന്റെ മറ്റൊരു സുപ്രധാന നേട്ടമായിരുന്നു. ഈ ധൂളീകണികകളില്‍ ഭൂരിഭാഗവും സാന്ദ്രീകരിച്ച ഹൈഡ്രജന്‍, കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍ കണികകളാണെന്നും കണ്ടെത്തി. കൂടാതെ ധാതുക്കളുടെയും കാര്‍ബണിക പദാര്‍ഥങ്ങളുടെയും സാന്നിധ്യമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ധൂളീകണികകളുടെ പിണ്ഡം 10-17 ഗ്രാമിനും 4 ×10-2 ഗ്രാമിനും ഇടയ്ക്കാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ധൂമകേതുക്കളുടെ വാല്‍, കാന്തികമണ്ഡലം, ഹൈഡ്രജന്‍ അയോണുകളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ ഗിയോട്ടോ പര്യവേക്ഷണത്തിനു കഴിഞ്ഞിട്ടുണ്ട്. ഗിയോട്ടോ ദൗത്യം, 26 P/ഗ്രിഗ്-സ്കെജെല്‍റപ്പ് (Grigg-skjellerup) ധൂമകേതുക്കളിലുള്ള അയോണുകളുടെ സാന്നിധ്യം കണ്ടെത്തി.

ധൂമകേതുപഠന നിരീക്ഷണങ്ങള്‍ ധൂമകേതുവില്‍നിന്ന് എക്സ്-റേ ഉത്സര്‍ജനം നടക്കുന്നുവെന്ന് വെളിവാക്കുന്നു (1990). ധൂമകേതുക്കളും സൗരവാതങ്ങളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടായിരിക്കണം ഇതുണ്ടാകുന്നതെന്നു കരുതപ്പെടുന്നു. ഹയാകുറ്റാകെ ധൂമകേതുനിരീക്ഷണങ്ങളില്‍ നിന്നാണ് ഈ ഉത്സര്‍ജനം മനസ്സിലാക്കാന്‍ കഴിഞ്ഞത്. പിന്നീട് ഹെയ് ല്‍-ബോപ്പ് ധൂമകേതു പഠനങ്ങളിലൂടെയും (1992) ഇത് സ്ഥിരീകരിക്കപ്പെട്ടു.

ഗിയോട്ടോ ദൗത്യത്തിന്റെ നിരീക്ഷണ ഫലങ്ങള്‍ റോസറ്റ ഉള്‍ പ്പെടെയുള്ള നിരവധി ധൂമകേതു നിരീക്ഷണ ദൗത്യങ്ങള്‍ക്ക് പ്രചോദനം നല്കി. നാസയുടെ ഡീപ്പ് സ്പേയ്സ്-1 (19 P/ബോറല്ലി ധൂമകേതു; 2001 സെപ്. 22), സ്റ്റാര്‍ഡസ്റ്റ് (P/വൈല്‍ഡ് 2; 2004 ജനു. 2), ഡീപ്പ് ഇംപാക്റ്റ് (9 P/ടെമ്പല്‍; 2005 ജൂല. 4), ക്രാഫ് (കോഫ് ധൂമകേതു; 2000 ആഗ.) തുടങ്ങിയവയെല്ലാം ധൂമകേതു ദൗത്യങ്ങളില്‍ ഉള്‍ പ്പെടുന്നു. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന സോഹോ (SOHO) നിരീക്ഷണാലയമാണ് ഇന്ന് കൂടുതല്‍ ധൂമകേതുക്കളെയും കണ്ടെത്തുന്നത്. സോഹോ കണ്ടെത്തിയ ധൂമകേതുക്കളില്‍, ആയിരാമത്തേതിനെ 2005-ലാണ് കണ്ടെത്തിയത്. സൂര്യന് വളരെ അടുത്തുകൂടി കടന്നുപോകുന്ന ധൂമകേതുക്കളില്‍ (Sungrazing comets) ഭൂരിഭാഗവും സോഹോ നിരീക്ഷണാലയം കണ്ടെത്തിയവയാണ്.

ഗിയോട്ടോ

21-ാം ശ.-ത്തില്‍ ആദ്യം കണ്ടെത്തിയ മഹാധൂമകേതുവാണ് മക് നോട്ട് (Comet Mc Naught). 2007 ജനു. മാസത്തിലാണ് ഇത് ദൃശ്യമായത്. റോസറ്റ ദൗത്യം പല ധൂമകേതുക്കളുടെയും ന്യൂക്ലിയസ്സ്, ഉപരിതലത്തിലെ ഊര്‍ജ സന്തുലനം, വാതകപ്രവാഹം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 2014-ല്‍ 67 P/ചുര്യുമോഫ്-ഗെറാസിമെങ്കോ (67 P/Churyumov-Gerasimenko) ധൂമകേതുവിന്റെ ഭൗതികസവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങള്‍ റോസറ്റ ദൗത്യം ശേഖരിക്കുമെന്നാണ് പ്രതീക്ഷ.

ധൂമകേതുക്കളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രമാണ് കോമറ്റോളജി. സ്മിത്ത്സോണിയന്‍ നിരീക്ഷണാലയം ധൂമകേതുക്കളെ കണ്ടെത്തുന്നവര്‍ക്കായി സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് (1998). 'വില്‍സണ്‍ പ്രൈസ്' എന്ന് ഇത് അറിയപ്പെടുന്നു.

റോസറ്റ

2003-ല്‍ വിക്ഷേപിച്ച റോസറ്റ ദൗത്യം എട്ട് വര്‍ഷത്തിനുശേഷം 2011-ല്‍ ജ/വിര്‍ട്ടാനെന്‍ ധൂമകേതു(P/Wirtanen comet)വിനടുത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. അന്ന് ഈ ദൗത്യം സൂര്യനില്‍നിന്ന് 5 AU അകലെയായിരിക്കും. ധൂമകേതുവും റോസറ്റയും സൂര്യനില്‍നിന്ന് 4 AU അകലത്തില്‍ കുറയുമ്പോള്‍ ധൂമകേതുവിന്റെ ന്യൂക്ലിയസ്സിനെക്കുറിച്ചുള്ള നിരീക്ഷണം തുടങ്ങുമെന്നാണ് അനുമാനം. ന്യൂക്ലിയസ്സിന്റെ വലുപ്പം, ആകൃതി, പിണ്ഡം, സാന്ദ്രത, ഭ്രമണാവസ്ഥ, താപനില, ഉപരിതല ഘടന, ആന്തരിക ഘടന, ബാഹ്യപാളിയുടെ തന്മാത്രീയ സംയോഗം, ധാതവഘടന (mineralogical composition) തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ കരുതുന്നു. ധൂമകേതുവിന്റെ പഠനങ്ങള്‍ക്കായി നിയോഗിച്ച എല്ലാ ദൗത്യങ്ങളും ധൂമകേതുക്കളെക്കുറിച്ചും സൗരയൂഥോത്പത്തിയെക്കുറിച്ചും ഉള്ള പഠനങ്ങള്‍ക്ക് ഉപയോഗപ്രദമായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാധാരണക്കാരില്‍ പ്പോലും ജ്യോതിശ്ശാസ്ത്രത്തോടു താത്പര്യം വളര്‍ത്തുന്നതില്‍ ധൂമകേതുക്കള്‍ എന്നും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ധൂമകേതുക്കളുടെ ബാഹുല്യവും വൈവിധ്യവും മനുഷ്യന് ഇപ്പോഴും അദ്ഭുതമായി അവശേഷിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B5%82%E0%B4%AE%E0%B4%95%E0%B5%87%E0%B4%A4%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍