This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാരാവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:34, 22 മേയ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ധാരാവി

മുംബൈ നഗരത്തിലെ ഒരു ചേരിപ്രദേശം. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയില്‍ പത്തുലക്ഷത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്നു. സെന്‍ട്രല്‍ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 1.75 ച.കി.മീ. വിസ്തൃതിയില്‍ ഈ ചേരി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെതന്നെ വാടക കൂടിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കുറഞ്ഞ വരുമാനക്കാര്‍ക്കും മറ്റു നാടുകളില്‍നിന്ന് തൊഴില്‍തേടി എത്തിയവര്‍ക്കും ഇവിടം അഭയമായി. മുംബൈയിലെ രണ്ട് പ്രധാന സബ്അര്‍ബന്‍ റെയില്‍പ്പാതകളായ വെസ്റ്റേണ്‍, സെന്‍ട്രല്‍ റെയില്‍പ്പാതകള്‍ക്ക് ഇടയ്ക്കാണ് ധാരാവിയുടെ സ്ഥാനം. ഇത് ജോലിക്കു പോകുന്നവര്‍ക്കും ചെറുകിട ഉത്പാദകര്‍ക്കും സൗകര്യമായിത്തീരുന്നു. വസ്ത്രനിര്‍മാണം, കളിമണ്‍പാത്രനിര്‍മാണം എന്നീ പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍ക്കു പുറമേ 'റീസൈക്ളിങ്' വ്യവസായവും ഇവിടെ വന്‍തോതിലുണ്ട്. കയറ്റുമതിനിലവാരത്തിലുള്ള തുകല്‍സാധനങ്ങള്‍, എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങള്‍ എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര കമ്പോളങ്ങളിലും ഇവ വിറ്റഴിയുന്നു. ചേരിയിലെ ഓരോ മുറിയും ഇത്തരം വസ്തുക്കളുടെ ഓരോ ചെറിയ ഉത്പാദക യൂണിറ്റുകളാണ്. 15,000-ല്‍പ്പരം 'ഒറ്റമുറി ഫാക്റ്ററികള്‍' ഇവിടെ ഉള്ളതായി കണക്കാക്കപ്പെടുന്നു.

മുംബൈയിലെ ധാരാവി ചേരി

വളരെക്കാലം മുമ്പ്, ധാരാവി ഒരു ചേരിപ്രദേശമായിരുന്നില്ല. അന്ന് ഇതൊരു മുക്കുവ ഗ്രാമമായിരുന്നു. 1909-ല്‍ പ്രസിദ്ധീകരിച്ച ഗസറ്റിയര്‍ ഒഫ് ബോംബെ ആന്‍ഡ് ഐലന്‍ഡില്‍ ധാരാവിയെപ്പറ്റി പരാമര്‍ശമുണ്ട്. 'ബോംബെയിലെ മത്സ്യബന്ധന വിഭാഗക്കാരുടെ വിശാലമായ ആറ് കേന്ദ്രങ്ങളില്‍ ഒന്ന്' (one of the six great kowliwadas of Bombay) എന്നാണ് അതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അക്കാലത്ത് ധാരാവി ഒരു ചതുപ്പുനിലമായിരുന്നു. 'കോളി' മുക്കുവരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാര്‍. അറബിക്കടലിലേക്കു തള്ളിനിന്ന മുനമ്പായിരുന്നു അവരുടെ അധിവാസകേന്ദ്രം. ധാരാവിക്കടുത്ത് സിയോനില്‍ (Sion) പണിത ഒരു അണക്കെട്ടുമൂലം വേറിട്ടുകിടന്ന രണ്ട് വ്യത്യസ്ത ദ്വീപുകള്‍ ക്രമേണ തമ്മില്‍ ചേര്‍ന്ന് നീണ്ട് വീതികുറഞ്ഞ ഒരു പ്രദേശമായി മാറി. ഇത് 'ഐലന്‍ഡ് സിറ്റി ഒഫ് ബോംബെ'യുടെ രൂപീകരണത്തിനു വഴിതെളിച്ചു. നദി വറ്റിവരണ്ടതോടെ മുക്കുവര്‍ക്ക് പരമ്പരാഗതരീതിയിലുള്ള ജീവിതമാര്‍ഗം അന്യമായി. കാലക്രമേണ നികന്ന ചതുപ്പുനിലങ്ങള്‍ പുറംനാടുകളില്‍നിന്നു വന്ന കുടിയേറ്റക്കാര്‍ താവളമാക്കി. ഈ കുടിയേറ്റക്കാരില്‍ രണ്ട് വിഭാഗമുണ്ടായിരുന്നു. ഗുജറാത്തില്‍നിന്നും കൊങ്കണ്‍പ്രദേശത്തുനിന്നും വന്നവരാണ് ആദ്യ കൂട്ടര്‍. ഇവരില്‍ സൗരാഷ്ട്രയില്‍നിന്നു വന്ന കളിമണ്‍പാത്രനിര്‍മാണക്കാരും ഉള്‍ പ്പെടുന്നു. ധാരാവിയില്‍ ഇന്നു കാണുന്ന 'കുംഭര്‍വാഡകള്‍' ഇങ്ങനെ നിലവില്‍ വന്നവയാണ്. ഏതെങ്കിലും ഒരു പ്രത്യേക തൊഴിലില്‍ വൈദഗ്ധ്യം നേടി ധാരാവിയിലെത്തി സ്ഥിരവാസമുറപ്പിച്ചവരാണ് രണ്ടാമത്തെ കൂട്ടര്‍. ഉദാഹരണമായി തമിഴ്നാട്ടില്‍നിന്ന് ധാരാവിയിലെത്തിയ മുസ്ലിങ്ങളായ തുകല്‍പ്പണിക്കാര്‍ ഇവിടെ ടാനിങ് വ്യവസായത്തിനു തുടക്കമിട്ടു. ഉത്തര്‍പ്രദേശില്‍നിന്നു വന്ന എംബ്രോയ്ഡറിതൊഴിലാളികള്‍ റെഡിമെയ്ഡ് വസ്ത്രവ്യാപാരം ആരംഭിച്ചു. തമിഴ്നാട്ടില്‍നിന്നു വന്ന തൊഴിലാളികള്‍ ഇവിടെ മുറുക്ക്, ചിക്കി, മൈസൂര്‍പാക്ക് തുടങ്ങിയ പലഹാരങ്ങളുടെ കച്ചവടം തുടങ്ങി. അങ്ങനെ ക്രമേണ പണ്ടത്തെ മുക്കുവഗ്രാമത്തോട് യാതൊരു സാദൃശ്യവുമില്ലാത്ത ഇന്നത്തെ ചേരിപ്രദേശമായി ധാരാവി മാറി.

അടിസ്ഥാന പൊതുജനാരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ കുറവ് ധാരാവി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. കുടിവെള്ളക്ഷാമം വളരെ രൂക്ഷമാണിവിടെ. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മോശപ്പെട്ട ഡ്രെയിനേജ് സംവിധാനവും മണ്‍സൂണ്‍കാലങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ഈ ചേരിയുടെഉദ്ധാരണത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. സ്ലം റീഹാബിലിറ്റേഷന്‍ അതോറിറ്റി(SRA)യുടെ മേല്‍നോട്ടത്തില്‍ 'റീഡെവലപ്മെന്റ് ഒഫ് ധാരാവി' എന്ന പ്രോജക്റ്റ് 2007 ജൂണ്‍ 1-ന് പ്രവര്‍ത്തനമാരംഭിച്ചു. മതിയായ പാര്‍പ്പിടസൗകര്യങ്ങളും ഷോപ്പിങ് ക്ലോംപക്സും ആശുപത്രികളും സ്കൂളുകളും ഒക്കെയുള്ള ഒരു ആധുനിക ടൗണ്‍ഷിപ്പ് ആയി ധാരാവിയെ മാറ്റിയെടുക്കാനാണ് ഈ പുനരധിവാസ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍