This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൗസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:31, 5 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദൗസ

ദൗസയില്‍നിന്നു കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങള്‍
രാജസ്ഥാന്‍ സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. 1991-ല്‍ രൂപവത്കൃതമായ ദൗസ ജില്ലയ്ക്ക് 3,432 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 13,16, 790 (2001); ജനസാന്ദ്രത: 384/ച.കി.മീ. (2001). അതിരുകള്‍: വ. ആല്‍വാര്‍ ജില്ല, കിഴക്കും തെക്കും സവായ് ജില്ലയും മാധോപൂര്‍ ജില്ലയും, പ. ജയ്പൂര്‍ ജില്ല.

ആരവല്ലി നിരകളുടെ തുടര്‍ച്ചയായ മലനിരകള്‍ (ഉയരം സു. 200 മീ.) ഈ ജില്ലയിലുണ്ട്. മണലും കാറ്റിനാല്‍ നിക്ഷേപിക്കപ്പെടുന്ന മണല്‍ മണ്ണും എക്കല്‍ മണ്ണും സമൃദ്ധമായി കാണപ്പെടുന്ന ഇവിടെ വനങ്ങള്‍ പൊതുവേ കുറവാണ്. ബന്‍ഗംഗയും മോറെലുമാണ് പ്രധാന നദികള്‍. ജയ്പൂര്‍ നഗരത്തിന്റെ പ്രധാന ശുദ്ധജല സ്രോതസ്സാണ് ബന്‍ഗംഗ നദി.

മുഖ്യമായും മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ജില്ലയിലേത്. ജലസേചനത്തിനുവേണ്ടി കുഴല്‍ക്കിണറുകളെയും കനാലുകളെയും ആശ്രയിക്കുന്നതും വിരളമല്ല. ഗോതമ്പ്, ബാര്‍ലി, നിലക്കടല, ചോളം, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ദൗസയിലെ മുഖ്യ വിളകളാണ്. കന്നുകാലി-കോഴി-പന്നി വളര്‍ത്തലിനും ജില്ലയുടെ ധനാഗമ മാര്‍ഗത്തില്‍ പ്രധാന സ്ഥാനമുണ്ട്. വ്യവസായ മേഖല വികസിതമല്ല. എന്നാല്‍ മാര്‍ബിള്‍ പ്രതിമകള്‍, തുകല്‍ പാദരക്ഷകള്‍, കാര്‍പെറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണം, ബീഡി തെറുപ്പ് എന്നിവയെ കേന്ദ്രീകരിച്ച് ചില ചെറുകിട വ്യവസായങ്ങള്‍ ജില്ലയിലുണ്ട്.

2001-ലെ കണക്കനുസരിച്ച് 62.75% ആയിരുന്നു ജില്ലയിലെ സാക്ഷരതാ നിരക്ക്. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദി, രാജസ്ഥാനി എന്നീ ഭാഷകള്‍ ഉപയോഗിക്കുന്നു. രാജകീയ സംസ്കൃത കോളജ്, സഞ്ജയ റ്റി.റ്റി. കോളജ് എന്നിവ ഉള്‍പ്പെടെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദൗസകോട്ട, നീല്‍കണ്ഠ മഹാദിയോ ക്ഷേത്രം, മെഹന്തിപൂര്‍ ബാലാജി ക്ഷേത്രം (ബിനോറി), സോമനാഥ ക്ഷേത്രം, സഹജ്നാഥ ക്ഷേത്രം, ഗുപ്തേശ്വര്‍ ക്ഷേത്രം, രഘുനാഥ്ജി ക്ഷേത്രം, ദുര്‍ഗാമാതാ ക്ഷേത്രം, പൌതാമാന ക്ഷേത്രം, സൂഫിവര്യനായ ഹസറത് ജമാല്‍ സാഹിബിന്റെ ദര്‍ഗ എന്നിവയാണ് ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഈ പ്രദേശത്തുനിന്ന് മധ്യകാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പശ്ചിമ റെയില്‍വേയിലെ മീറ്റര്‍ഗേജ് റെയില്‍ ശൃംഖല ജില്ലയില്‍ വിപുലമായ ഗതാഗത സൗകര്യങ്ങളൊരുക്കുന്നു. ഡല്‍ഹി-അഹമ്മദാബാദ്, ആഗ്രാ-ജോധ്പൂര്‍ പാതകളിലെ ഒരു മുഖ്യ പട്ടണമാണ് ദൗസ. ജില്ലയിലെ റോഡ് ഗതാഗത ശൃംഖലയും താരതമ്യേന വികസിതമാണ്. ദേശീയപാത -1 ദൗസയെ ജയ്പൂര്‍, ബിക്കാനീര്‍, ആഗ്ര എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ജയ്പൂരാണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%97%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍