This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൗലത്താബാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൗലത്താബാദ്

ദൗലത്താബാദ് കോട്ട
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലുള്ള ഒരു പട്ടണം. ഔറംഗബാദിന് 14.5 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കോട്ടകൊത്തളങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ പട്ടണം മധ്യകാല ഘട്ടത്തില്‍ ഏറെ പ്രശസ്തമായിരുന്നു. ചരിത്രപരമായും മതപരമായും ഏറെ പ്രാധാന്യമുള്ള പട്ടണമാണ് ദൌലത്താബാദ്. മുസ്ലിം വാസ്തുവിദ്യാ മാതൃകയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. 13-ാം ശ.-ത്തിലെ വലിയ കോട്ടയാണ് ദൗലത്താബാദിലെ ശ്രദ്ധാകേന്ദ്രം. സു. 180 മീറ്ററാണ് ഇതിന്റെ ഉയരം. 1453-ല്‍ നിര്‍മിച്ച ചാന്ദ്മിനാര്‍ എന്ന വിജയസ്തംഭം, മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ധ്യാനത്തിനും വിശ്രമത്തിനും ഉപയോഗിച്ചിരുന്ന ബറാദരി എന്ന രമ്യഹര്‍മ്യം, മുസ്ലിം-ജൈന-ഹിന്ദു മതസ്ഥരുടെ ആരാധനാലയങ്ങള്‍ തുടങ്ങിയവ ഈ പ്രദേശത്തിന് ഏറെ വിനോദസഞ്ചാരപ്രാധാന്യം നേടിക്കൊടുത്തിരിക്കുന്നു. യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്. 13-ാം ശ.-ത്തില്‍ ദേവഗിരി അലാവുദ്ദീന്‍ കില്‍ജിയുടെ ആക്രമണത്തിനു വിധേയമായി. ദക്ഷിണേന്ത്യയിലേക്ക് തന്റെ അധീശത്വം വ്യാപിപ്പിക്കുവാനുള്ള ആഗ്രഹവും ദേവഗിരിയുടെ അളവറ്റ സമ്പത്തുമായിരുന്നു വിന്ധ്യയ്ക്ക് തെക്കോട്ടു നീങ്ങാന്‍ അലാവുദ്ദീനെ പ്രേരിപ്പിച്ചത്. 1296-ല്‍ അലാവുദ്ദീനുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ സന്ധിക്കു മുതിര്‍ന്ന ദേവഗിരിയിലെ രാമചന്ദ്ര രാജാവ് വര്‍ഷംതോറും ഡല്‍ഹിക്കു കപ്പം നല്കാന്‍ തയ്യാറായി. എന്നാല്‍, ഇതില്‍ വീഴ്ചവരുത്തിയ പശ്ചാത്തലത്തില്‍ മാലിക് കഫൂറിന്റെ (അലാവുദ്ദീന്റെ സേനയുടെ ജനറല്‍) നേതൃത്വത്തിലുള്ള കില്‍ജിസേന ദേവഗിരി ആക്രമിക്കുകയും യാദവരെ പരാജയപ്പെടുത്തുകയും ചെയ്തു (1307). അലാവുദ്ദീന്റെ സന്നിധിയില്‍ ഹാജരാക്കപ്പെട്ട രാമചന്ദ്രനെയും കുടുംബത്തെയും സുല്‍ത്താന്‍ ബഹുമാനപൂര്‍വമാണ് സ്വീകരിച്ചത്. ദേവഗിരിയുടെ രാജപദവി അലാവുദ്ദീന്‍ ഇദ്ദേഹത്തിനു തിരിച്ചുനല്കിയതോടെ രാമചന്ദ്രന്‍ സുല്‍ത്താന്റെ അനുഭാവിയായി മാറി. തുടര്‍ന്ന് ഡെക്കാണ്‍, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള കില്‍ജികളുടെ സൈനിക പര്യടനങ്ങളിലെ ഒരു ഇടത്താവളമായി ദേവഗിരി വര്‍ത്തിച്ചു.

രാമചന്ദ്രന്റെ മരണശേഷം അധികാരത്തില്‍ വന്ന സിങ്കാന II-ാമന്‍ (രാമചന്ദ്രന്റെ പുത്രന്‍) ഡല്‍ഹിയില്‍നിന്ന് സ്വാതന്ത്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദേവഗിരി ആക്രമിച്ച മാലിക് കഫൂര്‍ ആ രാജ്യത്തെ ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ഭാഗമാക്കി (1313). ഡല്‍ഹിക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 1316-ല്‍ ഹരപാലദേവന്‍ (രാമചന്ദ്രന്റെ മരുമകന്‍) സ്വാതന്ത്യം പ്രഖ്യാപിച്ചെങ്കിലും 1318-ല്‍ മുബാരക് (അലാവുദ്ദീന്റെ പുത്രന്‍) ദേവഗിരി വീണ്ടെടുത്തു.

മുഹമ്മദ് ബിന്‍ തുഗ്ളക്ക് ഭരണ സൗകര്യത്തിനായി 1327-ല്‍ തലസ്ഥാനം ഡല്‍ഹിയില്‍നിന്ന് ദേവഗിരിയിലേക്കു മാറ്റിയെങ്കിലും ഡല്‍ഹിയെ വീണ്ടും തലസ്ഥാനമാക്കി. ഇദ്ദേഹമായിരുന്നു ദേവഗിരിയെ ദൌലത്താബാദ് എന്നു നാമകരണം ചെയ്തത്. തുഗ്ളക്കിന്റെ ഭരണത്തില്‍ അമര്‍ഷംപൂണ്ട ഡെക്കാണിലെ പ്രഭുക്കന്മാര്‍ ദൗലത്താബാദ്കോട്ട പിടിച്ചെടുക്കുകയും സ്വതന്ത്ര ബാഹ്മനി സാമ്രാജ്യത്തിന് അടിത്തറ ഇടുകയും ചെയ്തു (1347). ദൗലത്താബാദില്‍ വച്ചായിരുന്നു അലാവുദ്ദീന്‍ ബാഹ്മന്‍ ഷായുടെ (ബാഹ്മനി രാജ്യത്തിന്റെ സ്ഥാപകന്‍) സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഭരണ സൌകര്യത്തിനായി സാമ്രാജ്യത്തെ ദൗലത്താബാദ് ഉള്‍പ്പെടെ നാല് പ്രവിശ്യകളായി ഇദ്ദേഹം വിഭജിച്ചിരുന്നു.

15-ാം ശ.-ത്തോടെ ശിഥിലമായിത്തീര്‍ന്ന ബാഹ്മനി രാജ്യം ബിജാപ്പൂര്‍, ഗോല്‍ക്കൊണ്ട, അഹമ്മദ്നഗര്‍, ബീദാര്‍, ബീറാര്‍ എന്നീ അഞ്ച് സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. 1499-ല്‍ ദൗലത്താബാദ് അഹമ്മദ്നഗറിന്റെ സ്ഥാപകനായ മാലിക് അഹമ്മദിന്റെ അധീനതയിലായി. 1633-ല്‍ മുഗള്‍ ജനറലായിരുന്ന മഹബത് ഖാന്‍ ദൗലത്താബാദ് പിടിച്ചടക്കുന്നതുവരെ ഇവിടം അഹമ്മദ്നഗറിന്റെ അധീനതയിലായിരുന്നു. മുഗളര്‍ക്കുശേഷം നൈസാം (ഹൈദരാബാദ്), മറാത്തര്‍ എന്നിവരായിരുന്നു ദൗലത്താബാദില്‍ അധീശത്വം സ്ഥാപിച്ചിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍