This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ് മെയ്സ്ത്ര്, ഷൊസെഫ് - മരീ (1753 - 1821)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ് മെയ്സ്ത്ര്, ഷൊസെഫ് - മരീ (1753 - 1821)

De Maistre,Joseph-Marie

ഷൊസെഫ് - മരീ ദ് മെയ്സ്ത്ര്

ഫ്രഞ്ച് രാഷ്ട്രീയ സൈദ്ധാന്തികനും നയതന്ത്രജ്ഞനും വൈദികഭരണത്തിന്റെ പ്രമുഖ വക്താവും. 1753-ല്‍ ജനിച്ചു. ടൂറിനില്‍ ജെസ്യൂട്ടുകളുടെ കൂടെയായിരുന്നു വിദ്യാഭ്യാസം. വിപ്ളവവിരുദ്ധ മനോഭാവം പുലര്‍ത്തിയ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ തത്ത്വചിന്ത വിപ്ളവാനന്തര യൂറോപ്പില്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും സദാചാരത്തിന്റെയും അടിത്തറയുടെ പുനഃസ്ഥാപനം ലക്ഷ്യമാക്കിയുള്ളതായിരുന്നു. ജ്ഞാനോദയ ദര്‍ശനങ്ങള്‍ക്കെതിരായി ഇദ്ദേഹം തോമിസത്തെ പുനരുദ്ധരിക്കുകയും ജന്മനാ ലഭിക്കുന്ന രാജാധികാരത്തെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ പോപ്പിന്റെ പരമാധികാരം അഭംഗുരമായി നിലനിര്‍ത്തണമെന്നും ഇദ്ദേഹം വാദിച്ചു. മതപരവും സദാചാരപരവുമായ മൂല്യങ്ങളുടെ ശോഷണമാണ് 1789-ലെ 'പൈശാചിക'മായ ഫ്രഞ്ച് വിപ്ളവത്തിന് കാരണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. ജ്ഞാനോദയ ദര്‍ശനവും ക്രിസ്തുമതവും കടുത്ത പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും അന്തിമ വിജയം ക്രൈസ്തവാദര്‍ശങ്ങള്‍ക്കുതന്നെയായിരിക്കുമെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. വ്യവസ്ഥയ്ക്കും അച്ചടക്കത്തിനുമുള്ള മനുഷ്യവാഞ്ഛയിലാണ് ഇദ്ദേഹം അധികാരത്തിന്റെ ഉത്പത്തി കാണുന്നത്. തത്ത്വചിന്ത മതത്തിനും യുക്തി വിശ്വാസത്തിനും കീഴടങ്ങണമെന്നും ഇദ്ദേഹം വാദിച്ചു. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ദ് പോപ്പ് (1821), കണ്‍സിഡറേഷന്‍സ് ഓണ്‍ ഫ്രാന്‍സ് (1796), എസ്സേ ഓണ്‍ ദ് ജനറേറ്റിങ്ങ് പ്രിന്‍സിപ്പിള്‍ ഒഫ് പൊളിറ്റിക്കല്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍സ്, സെന്റ് പീറ്റേര്‍സ്ബര്‍ഗ് ഈവ്നിങ്സ് (1821) എന്നിവയാണ്.

1821-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍