This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിവേദി, സുരേന്ദ്രനാഥ് (1913 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്വിവേദി, സുരേന്ദ്രനാഥ് (1913 - 2001)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1913-ല്‍ ഒറീസയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ജനനം. സ്കൂള്‍വിദ്യാഭ്യാസകാലത്ത് സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കെടുത്തതോടെ പഠനം തടസ്സപ്പെട്ടെങ്കിലും വായനയിലുള്ള അതിയായ താത്പര്യം ഇദ്ദേഹത്തെ ഒരു വാഗ്മിയും ചിന്തകനുമാക്കി മാറ്റി. ഒറീസയിലെ നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയില്‍ ലയിപ്പിക്കുന്നതില്‍ ദ്വിവേദി വഹിച്ച പങ്ക് പ്രധാനമായിരുന്നു. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി.) അംഗം, ഒറീസയിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഒറീസാ കര്‍ഷക സംഘടനാ ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ ഇദ്ദേഹം വഹിക്കുകയുണ്ടായി.

സിവില്‍ നിയമലംഘന പ്രസ്ഥാനം ശക്തിപ്രാപിച്ച 1930-കളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിച്ച ദ്വിവേദി 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന് ഒറീസയില്‍ നേതൃത്വം നല്കിയവരില്‍ പ്രമുഖനായിരുന്നു. സിവില്‍ നിയമലംഘനകാലത്തും ക്വിറ്റ് ഇന്ത്യാ സമരകാലത്തും തടവുശിക്ഷ അനുഭവിക്കുകയുണ്ടായി. സ്വതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസ്സിന്റെ നയവുമായി യോജിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

1957-62 കാലയളവില്‍ രാജ്യസഭയിലും 1962-71-ല്‍ ലോക്സഭയിലും അംഗമായിരുന്നു. അനുഗൃഹീതനായ സാഹിത്യകാരന്‍ കൂടിയായിരുന്ന ദ്വിവേദി, ക്രുഷക എന്ന ഒറിയ വാരികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ഏതാനും കൃതികള്‍ ഒറിയയിലേക്കു തര്‍ജുമ ചെയ്ത ഇദ്ദേഹം നിരവധി ബാലസാഹിത്യ കൃതികളുടെയും രചയിതാവാണ്. ഏഷ്യ ഓണ്‍ ദ് പാത്ത് ഒഫ് സോഷ്യലിസം എന്നതാണ് പ്രധാന കൃതി. 1991 മുതല്‍ 93 വരെ അരുണാചല്‍പ്രദേശ് ഗവര്‍ണറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു.

2001 ഒ. 1-ന് ദ്വിവേദി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍