This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിഭാഷാപദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്വിഭാഷാപദ്ധതി

രണ്ട് ഭാഷകള്‍ക്ക് പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള പദ്ധതി. ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് കേരളം മൂന്ന് ഭരണമണ്ഡലങ്ങളായാണ് സംസ്ഥാനഭരണം നിര്‍വഹിച്ചുപോന്നിരുന്നത്. തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ രാജഭരണവും മലബാറില്‍ ബ്രിട്ടിഷ് ഭരണവും ആയിരുന്നു നിലനിന്നത്. ഈ മൂന്ന് പ്രവിശ്യകളിലും ഔദ്യോഗികഭാഷ ഇംഗ്ലീഷ് ആയിരുന്നു. ഭരണരംഗത്ത് മുകളിലത്തെ തലത്തില്‍നിന്ന് താഴേക്കു വരുമ്പോള്‍ തിരുവിതാംകൂര്‍, കൊച്ചി എന്നീ പ്രദേശങ്ങളില്‍ രാജഭരണമാണ് നിലനിന്നതെങ്കിലും ഭരണനിര്‍വഹണത്തിന് ദിവാന്‍ജിമാരും സെക്രട്ടേറിയറ്റും ഡിപ്പാര്‍ട്ട്മെന്റുകളും ജില്ലാഭരണത്തിനായി കളക്റ്റര്‍മാരും താലൂക്കില്‍ തഹസീല്‍ദാര്‍മാരും ഉണ്ടായിരുന്നു. സാമ്രാജ്യാധികാരം ബ്രിട്ടിഷ് സര്‍ക്കാരിന്റെ കൈയില്‍ തുടര്‍ന്നിരുന്നതിനാല്‍ ഇംഗ്ലീഷ് ഭരണഭാഷയായി ആധിപത്യം നേടി. ഇംഗ്ലീഷ് പഠനം ഉദ്യോഗം കിട്ടാനും ഉയരാനും ഉള്ള മാര്‍ഗമായി ജനങ്ങള്‍ കരുതിപ്പോന്നതിനാല്‍ ഒട്ടേറെപ്പേര്‍ ആ വഴി തിരഞ്ഞെടുത്തു. ക്രമേണ ഇംഗ്ലീഷ് കൂടാതെ മാന്യജീവിതം സാധ്യമല്ലെന്ന നില വന്നുചേര്‍ന്നു. ഇംഗ്ലീഷിലെഴുതുന്നതും സംസാരിക്കുന്നതും സാംസ്കാരിക മഹിമയായി കരുതിപ്പോന്നു. ഇംഗ്ലീഷിന്റെ മഹത്ത്വം മാത്രമല്ല, മലയാളത്തിന്റെ പിന്നോക്കാവസ്ഥയും അംഗീകരിക്കപ്പെട്ടു. മലയാളം സ്കൂളുകള്‍ താഴേക്കിടയിലുള്ള വെര്‍ണാക്കുലര്‍ സ്കൂളുകളായി. നാട്ടുഭാഷ പഠിക്കുന്നവര്‍ മുന്‍ഷിമാരായി.

എ.ഡി. 18-ാം ശ.-ത്തിന്റെ മധ്യംവരെ, അതായത് വീരമാര്‍ത്താണ്ഡവര്‍മ വേണാട് മഹാരാജാവായ 1729-വരെ ഭരണഭാഷ മലയാളവും തമിഴുമായിരുന്നു. തിരുവിതാംകൂറില്‍ ഈ രണ്ടുഭാഷകളും പ്രചരിച്ചിരുന്നു. കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളില്‍ മലയാളമായിരുന്നു ഭരണഭാഷ. 1050-ല്‍ (കൊ.വ. 925) തിരുവിതാംകൂര്‍ സംസ്ഥാനം ശ്രീപദ്മനാഭന് സമര്‍പ്പിക്കാന്‍ മാര്‍ത്താണ്ഡവര്‍മ എഴുതിയ ഓലക്കരണം മലയാളത്തിലാണ്. (സദസ്യതിലക സ്റ്റേറ്റ് മാനുവല്‍ II). തുടര്‍ന്ന് 933-ല്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ കാലത്തും ഭരണഭാഷ മലയാളംതന്നെയായിരുന്നു. ഇദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന ബാലരാമവര്‍മയുടെ കാലത്തുള്ള കുണ്ടറ വിളംബരവും മലയാളഭാഷയിലാണ് തയ്യാറാക്കിയിട്ടുള്ളത്. വേലുത്തമ്പി ദളവയാണ് അതു തയ്യാറാക്കിയത്. ഇദ്ദേഹത്തിന്റെ പതനത്തോടുകൂടിയാണ് തിരുവിതാംകൂറില്‍ ബ്രിട്ടിഷ് ഭരണം ഉറച്ചതും മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് മുരടിപ്പു തുടങ്ങുന്നതും. കോട്ടയം കേരളവര്‍മയുടെ മരണവും ബ്രിട്ടിഷ് ആധിപത്യം സ്ഥാപിക്കാന്‍ നിമിത്തമായി. പില്ക്കാലത്ത് ബ്രിട്ടിഷ് ആധിപത്യം ശക്തിപ്പെടുകയും ഇംഗ്ലീഷിന് യജമാനസ്ഥാനം കൈവരുകയും ചെയ്തു. നാട്ടുഭാഷ ദാസഭാഷയായി മാറി. ബ്രിട്ടിഷ് ഗവണ്മെന്റുമായുള്ള എഴുത്തുകുത്ത് ഇംഗ്ലീഷിലായി: ഹജൂര്‍ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു മാറ്റി. ഇംഗ്ലീഷ് സ്കൂളുകള്‍ ആരംഭിച്ചു. പാവപ്പെട്ടവര്‍ക്കായി ചെലവുകുറഞ്ഞ നാട്ടുഭാഷാവിദ്യാലയങ്ങളും ധനസ്ഥിതിയുള്ളവര്‍ക്കായി മെച്ചപ്പെട്ട ഇംഗ്ലീഷ് സ്കൂളുകളും ആരംഭിച്ചു. ക്രമേണ ഇംഗ്ലീഷ് പഠിച്ചവര്‍ക്കുമാത്രമേ വലിയ ഉദ്യോഗങ്ങള്‍ ലഭ്യമാകുന്നുള്ളൂ എന്ന നില വന്നുചേര്‍ന്നു. മണ്‍റോയ്ക്കുശേഷം വന്ന ഭരണാധികാരികളും ബ്രിട്ടിഷ് റസിഡന്റുമാരും ഇംഗ്ലീഷ് പരിപോഷണത്തിനും ഇംഗ്ലീഷിനെ ഭരണഭാഷാ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനും യത്നിച്ചു. അങ്ങനെ കൊ.വ. 1080-നുശേഷം തിരുവിതാംകൂറില്‍ വ്യാപകമായി ഇംഗ്ലീഷ് ഭരണഭാഷയായി മാറി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്മാരുടെ കുറിപ്പുകളും അതിന്മേലുള്ള ഉത്തരവുകളും പുറത്തേക്കു പോകുന്ന ഗവണ്മെന്റ് രേഖകളുമെല്ലാം ഇംഗ്ലീഷിലായി. കോടതിഭാഷയും വിധിപ്രസ്താവവും ഇംഗ്ലീഷിലായിരുന്നു. തുടര്‍ന്നാണ് ഔദ്യോഗികഭാഷാപ്രശ്നം വിദ്യാഭ്യാസമേഖലയിലേക്കും വ്യാപിച്ചത്.

ഇംഗ്ലീഷിനുവേണ്ട പരിരക്ഷ വ്യവസ്ഥപ്പെടുത്തിക്കൊണ്ട് ഹിന്ദിയെ ഔദ്യോഗികഭാഷയാക്കിയാല്‍ അഹിന്ദിക്കാരുടെ എതിര്‍പ്പ് ഉണ്ടാകില്ലെന്നും എന്നാല്‍ ഹിന്ദിഭാഷാ നൈപുണ്യത്തെമാത്രം ആസ്പദമാക്കി ഉദ്യോഗനിയമനം നടത്തിയാല്‍ അഹിന്ദി പ്രദേശങ്ങളില്‍നിന്ന് ആര്‍ക്കും ഉദ്യോഗം കിട്ടാത്ത ദുഃസ്ഥിതിയുണ്ടാകും എന്നുമുള്ള നില വന്നുചേര്‍ന്നു. ഈ അവസ്ഥയ്ക്കു പരിഹാരം കാണുന്നതിനായാണ് 1967-ല്‍ ഭാഷാ നയരൂപീകരണം നടന്നത്. 1967 ജൂല. 19-ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ത്രിഗുണ സെന്‍ ലോക്സഭയില്‍ ഭാഷാനയത്തെപ്പറ്റി പ്രസ്താവന നടത്തി. 1967 ന. 27-ന് ഭാഷാനയം അവതരിപ്പിക്കുകയും ഡിസംബര്‍ 16-ന് പാസ്സാക്കുകയും ചെയ്തു. അങ്ങനെയാണ് ദ്വിഭാഷാപദ്ധതിക്ക് രൂപമുണ്ടായത്. ഇതനുസരിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ ഇപ്രകാരമാണ്.

1. ഭരണഘടന നിലവില്‍വന്ന് 15 വര്‍ഷത്തിനുശേഷം യൂണിയനിലെ ഔദ്യോഗിക കാര്യങ്ങള്‍ക്കും പാര്‍ലമെന്റ് നടപടികള്‍ക്കും ഹിന്ദിയോടൊപ്പം ഇംഗ്ലീഷും തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. ഹിന്ദി ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടില്ലാത്ത ഒരു സംസ്ഥാനവും യൂണിയനും തമ്മിലോ ആ സംസ്ഥാനവും മറ്റൊരു സംസ്ഥാനവും തമ്മിലോ നടത്തുന്ന എഴുത്തുകുത്തുകള്‍ ഇംഗ്ലീഷില്‍ ആയിരിക്കണം. എന്നാല്‍ ഉഭയസമ്മതപ്രകാരം ഹിന്ദി ആകാവുന്നതാണ്.

2. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളും കേന്ദ്രഗവണ്മെന്റ് നിയന്ത്രിക്കുന്ന വ്യാവസായിക സ്ഥാപനങ്ങളും എഴുത്തുകുത്തിന് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കുമ്പോള്‍, ആ ലേഖനത്തോടൊപ്പം അതിന്റെ ഇതരഭാഷാ തര്‍ജുമയും ചേര്‍ത്തിരിക്കേണ്ടതാണ്.

3. പ്രധാനപ്പെട്ട ഔദ്യോഗിക പത്രങ്ങളും രേഖകളും ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ടായിരിക്കേണ്ടതാണ്.

4. സര്‍ക്കാര്‍ കാര്യങ്ങളുടെ യഥോചിത നിര്‍വഹണത്തിന് വ്യക്തമായ നടപടിക്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും തുല്യ നൈപുണ്യം നേടിയിട്ടില്ലെന്ന കാരണം ഒരു ഉദ്യോഗസ്ഥനെയും പ്രതികൂലമായി ബാധിക്കരുതാത്തതാണ്.

5. ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയിട്ടില്ലാത്ത എല്ലാ സംസ്ഥാനങ്ങളിലെ നിയമസഭകളും ഇംഗ്ലീഷ് നിര്‍ത്തിക്കളയാന്‍ ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസ്സാക്കുകയും അവ പരിഗണിച്ചശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇതുപോലുള്ള പ്രമേയം പാസ്സാക്കുകയും ചെയ്യുന്നതുവരെ മേല്‍പ്രകാരം ഇംഗ്ലീഷിന്റെ ഉപയോഗം തുടരേണ്ടതുമാണ്.

ഇത്തരത്തിലാണ് ഭരണഘടന പ്രകാരമുള്ള ദ്വിഭാഷാപദ്ധതി നടപ്പില്‍വന്നത്. ത്രിഭാഷാപദ്ധതിയുടെ ആവിര്‍ഭാവത്തോടെ ദ്വിഭാഷാപദ്ധതിക്ക് പ്രസക്തി നഷ്ടപ്പെടുകയാണുണ്ടായത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍