This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിഭരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്വിഭരണം

Dyarchy

ഒരു രാഷ്ട്രത്തിലെ ഗവണ്മെന്റ് ഒരേ സമയം രണ്ട് ഭരണകൂടങ്ങളായി പ്രവര്‍ത്തിക്കുന്ന സംവിധാനം. പല രാഷ്ട്രങ്ങളിലും പലപ്പോഴും ഈ സംവിധാനം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുരാതന ഇന്ത്യയിലെ മൗര്യസാമ്രാജ്യത്തില്‍ ചന്ദ്രഗുപ്ത മൗര്യന്‍ ചക്രവര്‍ത്തിയായിരുന്ന കാലത്ത് ഈ പദ്ധതി നിലനിന്നിരുന്നു. ചക്രവര്‍ത്തി, സാമ്രാജ്യത്തിലെ ഭരണത്തിന്റെ പൂര്‍ണ അധികാരി ആയിരുന്നു.
റോബര്‍ട്ട് ക്ലൈവ്
അതോടൊപ്പംതന്നെ വിവിധ പ്രവിശ്യകളില്‍ ഭരണം നടത്തുന്നതിന് സ്വതന്ത്രാധികാരത്തോടുകൂടിയ യുവരാജാക്കന്മാരും ഉണ്ടായിരുന്നു. ഇത്തരം സംവിധാനത്തെ ദ്വൈരാജ്യം അഥവാ ദ്വിഭരണം എന്നു വിളിക്കുന്നു.

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയില്‍ മൂന്നുതവണ ദ്വിഭരണം ഏര്‍ പ്പെടുത്തി. 1765-ലെ അലഹാബാദ് ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാര്‍ക്ക് ബംഗാളില്‍ ഏറെക്കുറെ പരമാധികാരം കൈവന്നു. റോബര്‍ട്ട് ക്ലൈവ് ആയിരുന്നു അന്നത്തെ ബംഗാള്‍ ഗവര്‍ണര്‍. അതേസമയം ബംഗാളിലെ നവാബിനും കുറെ അധികാരങ്ങള്‍ നിലനിര്‍ത്തി. നീത്യനായ പരിപാലനം, വിദ്യാഭ്യാസം, ക്രമസമാധാനപാലനം തുടങ്ങിയ വകുപ്പുകള്‍ നിയന്ത്രിച്ചിരുന്നത് ബ്രിട്ടിഷ് ഗവര്‍ണര്‍ ആയിരുന്നു. മറ്റുള്ള അധികാരങ്ങള്‍ ബംഗാളിലെ നവാബിനു നല്കി. ഈ വിധത്തില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരും നവാബിന്റെ നേതൃത്വത്തില്‍ ബംഗാള്‍ ഗവണ്മെന്റും കൂടിയുള്ള ദ്വിഭരണം ബംഗാളില്‍ നിലവില്‍വന്നു. ബ്രിട്ടീഷുകാരുടെ ദുര്‍ഭരണം കാരണം 1796-ല്‍ ബംഗാളില്‍ കൊടിയ ക്ഷാമം ഉണ്ടായി. ഈ ക്ഷാമത്തോടുകൂടി ബംഗാളിലെ ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗത്തോളം ചത്തൊടുങ്ങി. 1772-ല്‍ ബംഗാളിലെ ദ്വിഭരണം നിറുത്തല്‍ ചെയ്തു.

മൊണ്ടേഗു-ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാരങ്ങളെത്തുടര്‍ന്ന് 1919-ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഗവണ്മെന്റ് ഒഫ് ഇന്ത്യ ആക്റ്റ് പ്രകാരം പ്രവിശ്യാഭരണ സംവിധാനത്തില്‍ ദ്വിഭരണം ഏര്‍ പ്പെടുത്തി. പ്രവിശ്യാഭരണം, ബ്രിട്ടിഷ് സര്‍ക്കാര്‍ നിയമിക്കുന്ന ഗവര്‍ണറും തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാരുംകൂടി നടത്തണം എന്നായിരുന്നു വ്യവസ്ഥ. പ്രവിശ്യാഗവണ്മെന്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭരണവകുപ്പുകളെ 'കരുതല്‍ വകുപ്പുകള്‍' (reserved subjects) എന്നും 'കൈമാറിയ വകുപ്പുകള്‍' (transferred subjects) എന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചു. പൊലീസ്, നീത്യനായ പരിപാലനം, ജലവിതരണം, ഭൂനികുതി തുടങ്ങിയ പ്രധാന വകുപ്പുകളാണ് കരുതല്‍ വകുപ്പുകളുടെ കൂട്ടത്തില്‍ ഉള്‍ പ്പെടുത്തിയിരുന്നത്. ഈ വകുപ്പുകളെ നിയന്ത്രിച്ചിരുന്നത് നിയമസഭയോട് ഉത്തരവാദിത്വം ഇല്ലാത്ത, വൈസ്രോയിയോടും സ്റ്റേറ്റ് സെക്രട്ടറിയോടുംമാത്രം ഉത്തരവാദിത്വമുള്ള ഗവര്‍ണര്‍ ആയിരുന്നു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ഇന്ത്യക്കാരുടെ (യൂറോപ്യന്മാര്‍ അല്ലാത്ത) വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുമരാമത്തു പണികള്‍, കൃഷി, സഹകരണം തുടങ്ങിയ വകുപ്പുകളായിരുന്നു മാറ്റിവയ്ക്കപ്പെട്ട വകുപ്പുകളില്‍ ഉള്‍ ക്കൊള്ളിച്ചിരുന്നത്. ഈ വകുപ്പുകളെ നിയന്ത്രിച്ചിരുന്നത് പ്രാദേശിക നിയമസഭയോട് ഉത്തരവാദിത്വമുള്ള തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ ആയിരുന്നു.

1935-ലെ ഇന്ത്യാ ഗവണ്മെന്റ് ആക്റ്റ് പാസ്സാക്കിയതോടുകൂടി പ്രവിശ്യകളിലെ ദ്വിഭരണം അവസാനിച്ചു. എന്നാല്‍ ഈ ആക്റ്റിലൂടെ കേന്ദ്രഗവണ്മെന്റില്‍ ദ്വിഭരണം ഏര്‍ പ്പെടുത്തി. വിദേശകാര്യം, പ്രതിരോധം, ക്രൈസ്തവമതപരമായ കാര്യങ്ങള്‍ എന്നീ വകുപ്പുകളുടെ ഭരണച്ചുമതല ഗവര്‍ണര്‍ ജനറലിനു നല്കി. കേന്ദ്രഗവണ്മെന്റിലെ മറ്റു വകുപ്പുകളുടെ ഭരണം കേന്ദ്രനിയമസഭയോട് ഉത്തരവാദിത്വമുള്ള മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവര്‍ണര്‍ ജനറല്‍ വഹിക്കുമെന്നും തീരുമാനമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പുമൂലം ഈ ആക്റ്റ് പൂര്‍ണമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല. 1937-ല്‍ പ്രവിശ്യാഭരണത്തെ സംബന്ധിച്ച വകുപ്പുകള്‍ മാത്രം നടപ്പിലാക്കി.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍