This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിപക്ഷക്കുറിപ്പ് സമ്പ്രദായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്വിപക്ഷക്കുറിപ്പ് സമ്പ്രദായം

Double entry system

പണം ഇടപാടുകളെക്കുറിച്ച് വിശദവിവരങ്ങള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തുവാനായി ആഗോളവ്യാപകമായി അനുവര്‍ത്തിച്ചുവരുന്ന സമ്പ്രദായം. വൈവിധ്യമാര്‍ന്ന പണം ഇടപാടുകളില്‍ ഓരോന്നും വ്യത്യസ്തങ്ങളായ രണ്ട് അക്കൗണ്ടുകളെ ബാധിക്കുന്നുവെന്നതാണ് ഈ സമ്പ്രദായത്തിന്റെ അടിസ്ഥാന പ്രമാണം. അതായത്, ഓരോ ഇടപാടിലും ഒരു അക്കൗണ്ടില്‍ നേട്ടവും മറ്റൊരു അക്കൗണ്ടില്‍ കോട്ടവും ഉണ്ടാകുന്നുവെന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ബന്ധപ്പെട്ട രണ്ട് അക്കൗണ്ടുകളിലും കുറിപ്പുകള്‍ നടത്തുന്നത്. ഉദാഹരണമായി രൊക്കം പണം നല്കി 500 രൂപയുടെ സാധനം വാങ്ങുമ്പോള്‍ കൈവശമുള്ള സാധനങ്ങളുടെ മൂല്യത്തില്‍ 500 രൂപയുടെ വര്‍ധനവുണ്ടാകുന്നു; രൊക്കം പണത്തില്‍ 500 രൂപയുടെ കുറവും ഉണ്ടാകുന്നു. മറ്റൊരു ഇടപാടില്‍ 500 രൂപയുടെ സാധനം രൊക്കം പണം കൈപ്പറ്റി വില്ക്കുമ്പോള്‍ നീക്കിയിരിപ്പില്‍ 500 രൂപയുടെ സാധനം കുറയുന്നു; കൈവശം ഉള്ള രൊക്കം പണത്തില്‍ 500 രൂപ കൂടുന്നു. ഓരോ ഇടപാടിലും ഇവ്വിധമുണ്ടാകുന്ന സ്ഥിതിഭേദങ്ങള്‍ കണക്കില്‍ പ്പെടുത്തുന്നതിനായി രണ്ട് അക്കൗണ്ടുകളിലും കുറിപ്പുകള്‍ നടത്തേണ്ടിവരും. ഇപ്രകാരം ഓരോ സാമ്പത്തിക ഇടപാടിന്റെയും വിവരങ്ങള്‍ രണ്ട് അക്കൗണ്ടുകളിലും രേഖപ്പെടുത്തുന്നതിനെയാണ് ദ്വിപക്ഷക്കുറിപ്പുകള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഒരു അക്കൗണ്ടില്‍ ഡെബിറ്റും മറ്റൊരു അക്കൗണ്ടില്‍ ക്രെഡിറ്റും സംബന്ധിച്ച കുറിപ്പുകള്‍ നടത്തിയാണ് ഇവ പ്രായോഗികമാക്കുന്നത്.

ചരിത്രം. ദ്വിപക്ഷക്കുറിപ്പ് സമ്പ്രദായത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. 1494-ല്‍ ഇറ്റലിയിലെ ഫ്രാന്‍സിസ്കന്‍ മിഷനറിയായ ഫീയാലുക്കാ ഡാബര്‍ഗോഫസിയോലിയാണ് ദ്വിപക്ഷക്കുറിപ്പുകളുടെ ശാസ്ത്രീയ വിശകലനം ആദ്യമായി നല്കിയത്. സങ്കീര്‍ണമായ കണക്കെഴുത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ആവിഷ്കരിച്ചത് ഫസിയോലിയാണ് എന്നതുകൊണ്ട് അദ്ദേഹം ഡബിള്‍ എന്‍ട്രി സിസ്റ്റത്തിന്റെ പിതാവായി അറിയപ്പെടുന്നു. അഞ്ച് നൂറ്റാണ്ടില്‍പ്പരം പഴക്കം ഉണ്ടെങ്കിലും ഫസിയോലി ആവിഷ്കരിച്ച തത്ത്വങ്ങള്‍ ഇന്നത്തെ കംപ്യൂട്ടര്‍ അധിഷ്ഠിതലോകത്തും കണക്കെഴുത്തിന് മാര്‍ഗദര്‍ശകമായി നിലകൊള്ളുന്നു. അതേസമയം, വേദോപനിഷത്തുകളുടെ കാലഘട്ടം മുതല്‍തന്നെ ഭാരതത്തില്‍ ചിട്ടയായ കണക്കെഴുത്ത് നിലനിന്നിരുന്നുവെന്ന വാദവും നിലവിലുണ്ട്.

പ്രയോജനങ്ങള്‍. ഓരോ ഇടപാടിന്റെയും രണ്ട് ഭാവങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ കണക്കെഴുത്തില്‍ പരിഗണിക്കപ്പെടുന്നുവെന്നതുകൊണ്ട് സാമ്പത്തിക ഇടപാടുകളുടെ പൂര്‍ണരൂപം ലഭിക്കുന്നതിന് ദ്വിപക്ഷക്കുറിപ്പുകള്‍ പ്രയോജനപ്പെടുന്നു. ഓരോ ഇടപാടും രണ്ട് അക്കൗണ്ടുകളില്‍ രേഖപ്പെടുത്തുന്നുവെന്നതുകൊണ്ട് വര്‍ഷാവസാനത്തിലോ മറ്റേതെങ്കിലും കാലയളവിലോ അക്കൗണ്ടുകളുടെ ശിഷ്ടസൂചിക (ട്രയല്‍ ബാലന്‍സ്) തയ്യാറാക്കുമ്പോള്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് ഒറ്റനോട്ടത്തില്‍ അറിയാനാവും. കാരണം, ഒരു കാലയളവിന്റെ അന്ത്യഘട്ടത്തില്‍ തയ്യാറാക്കുന്ന ശിഷ്ടസൂചികയിലെ ഡെബിറ്റ് ബാലന്‍സും ക്രെഡിറ്റ് ബാലന്‍സും വെവ്വേറെ കൂട്ടിനോക്കുമ്പോള്‍ രണ്ട് ബാലന്‍സുകളുടെയും ആകെത്തുക തുല്യമായിരിക്കണം. ഓരോ ഇടപാടിലും ഒരു അക്കൗണ്ടില്‍ ഡെബിറ്റും മറ്റൊരു അക്കൗണ്ടില്‍ ക്രെഡിറ്റും കുറിപ്പുകള്‍ രേഖപ്പെടുത്തുന്നുവെന്നതുകൊണ്ടാണ് ആകെത്തുക തുല്യമായി വരുന്നത്. ആകെത്തുക തുല്യമാകാതെ വരുമ്പോള്‍ കണക്കില്‍ പിഴവ് പിണഞ്ഞിട്ടുണ്ട് എന്ന് വെളിവാകുന്നു. ഒപ്പം ശിഷ്ടസൂചിക തയ്യാറാക്കുമ്പോള്‍ പിഴവുകള്‍ കണ്ടുപിടിക്കാമെന്നതിനാല്‍, ധനദുര്‍വിനിയോഗവും മറ്റു കൃത്യവിലോപങ്ങളും ഒരു പരിധിവരെ കണ്ടുപിടിക്കാനും അവയ്ക്ക് തട ഇടാനും ദ്വിപക്ഷക്കുറിപ്പുകള്‍ സഹായിക്കുന്നു.

ശിഷ്ടസൂചികയുടെ സഹായത്തോടെ ലാഭനഷ്ടക്കണക്ക് തയ്യാറാക്കി ഒരു പ്രത്യേക കാലയളവിലെ സാമ്പത്തിക ഇടപാടുകളില്‍ ഉണ്ടായ ലാഭം അല്ലെങ്കില്‍ നഷ്ടം (വ്യാപാരേതര സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇതിനു പകരമായി മിച്ചം അല്ലെങ്കില്‍ കമ്മി) എത്രയെന്ന് തിട്ടപ്പെടുത്താനാവും. ആസ്തിബാധ്യതകളെ സംബന്ധിച്ചുള്ള ബാക്കിപത്രം (ബാലന്‍സ് ഷീറ്റ്) തയ്യാറാക്കുന്നതിനും ദ്വിപക്ഷക്കുറിപ്പുകളിലൂടെ തയ്യാറാക്കിയ ശിഷ്ടസൂചിക സഹായിക്കുന്നു. അതായത്, ശാസ്ത്രീയമായി ലാഭനഷ്ടം തിട്ടപ്പെടുത്തുന്നതിനും സാമ്പത്തികനില കണ്ടറിയുന്നതിനും ഉതകുന്ന രേഖകള്‍ തയ്യാറാക്കുവാന്‍ ദ്വിപക്ഷക്കുറിപ്പുകള്‍ അനിവാര്യമാണ്.

വിവിധതരം അക്കൗണ്ടുകള്‍ . ഓരോ സാമ്പത്തിക ഇടപാടിലും രണ്ട് അക്കൗണ്ടുകളില്‍ ദ്വിപക്ഷക്കുറിപ്പുകള്‍ നടത്തുന്നത് യുക്തിഭദ്രമാക്കാനായി സാര്‍വലൌകികമായി അംഗീകരിച്ച ചില തത്ത്വങ്ങള്‍ ഉണ്ട്. ഈ തത്ത്വങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിക്കുന്നതിനായി അക്കൗണ്ടുകളെ മൂന്ന് ഗണങ്ങളില്‍ പ്പെടുത്തിയിരിക്കുന്നു. വൈയക്തിക കണക്കുകള്‍ (Personal Accounts), നിജ കണക്കുകള്‍ (Real Accounts), നാമിക കണക്കുകള്‍ (Nominal Accounts) എന്നിങ്ങനെയാണ് ഈ തരംതിരിവ് നടത്തിയിരിക്കുന്നത്.

വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ച അക്കൗണ്ടുകളാണ് വൈയക്തിക കണക്കുകള്‍. ഉദാഹരണമായി രാമന്‍, രാമലക്ഷ്മണന്മാര്‍, ഭരതന്‍ ആന്‍ഡ് കമ്പനി, ശത്രുഘ്നന്‍ ആന്‍ഡ് കമ്പനി ക്ലിപ്തം, ഭാരത് അസോസിയേഷന്‍ തുടങ്ങിയ അക്കൗണ്ടുകള്‍. സ്ഥാവരജംഗമ വസ്തുക്കളെ സംബന്ധിച്ച അക്കൗണ്ടുകളാണ് നിജ കണക്കുകള്‍. ഉദാഹരണമായി ഭൂമി, കെട്ടിടം, മെഷീനറി, ഫര്‍ണിച്ചര്‍, മോട്ടോര്‍ കാര്‍, രൊക്കം പണം തുടങ്ങിയ അക്കൗണ്ടുകള്‍. വരവ്-ചെലവ് ഇനങ്ങളെ സംബന്ധിച്ച അക്കൗണ്ടുകളാണ് നാമിക കണക്കുകള്‍. ഉദാഹരണമായി ശമ്പളം, പലിശ, വാടക, പരസ്യം, ലാഭവിഹിതം തുടങ്ങിയ അക്കൗണ്ടുകള്‍.

ദ്വിപക്ഷക്കുറിപ്പുകള്‍ നടത്തുന്നതിനുള്ള തത്ത്വങ്ങള്‍. ഡബിള്‍ എന്‍ട്രി നിയമങ്ങള്‍ അനുസരിച്ച് ഒരു അക്കൗണ്ടിനെ ഡെബിറ്റ് ചെയ്തും മറ്റൊരു അക്കൗണ്ടിനെ ക്രെഡിറ്റ് ചെയ്തും ആണ് ദ്വിപക്ഷക്കുറിപ്പുകള്‍ നടത്തുന്നത്. (ഡെബിറ്റിന് 'പറ്റ്' എന്നും, ക്രെഡിറ്റിന് 'വരവ്' എന്നുമുള്ള പ്രയോഗങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കണക്കെഴുത്തുമായി ബന്ധപ്പെട്ട് പ്രചാരത്തിലിരുന്നുവെന്നത് ശ്രദ്ധേയമാണ്).

ഏത് അക്കൗണ്ടാണ് ഡെബിറ്റ് ചെയ്യേണ്ടതെന്നും ഏത് അക്കൗണ്ടാണ് ക്രെഡിറ്റ് ചെയ്യേണ്ടതെന്നും നിശ്ചയിക്കുന്നതിനുള്ള തത്ത്വങ്ങള്‍ ലോകവ്യാപകമായി ഏകീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, ഈ തത്ത്വങ്ങളുടെ പ്രയോഗവുമായി ബന്ധപ്പെട്ട് രണ്ട് സമീപനങ്ങള്‍ നിലവിലുണ്ട്. അമേരിക്കന്‍ സമീപനവും ബ്രിട്ടിഷ് സമീപനവുമാണ് അവ.

അമേരിക്കന്‍ സമീപനം. ഡെബിറ്റും ക്രെഡിറ്റും നിര്‍ണയിക്കുന്നതിനായി അമേരിക്കന്‍ സമീപനത്തില്‍ ഇടപാടുകളെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.

1. സ്വന്തം ഇടപാടുകള്‍ (മുടക്കുമുതല്‍, തന്‍ചെലവ് തുടങ്ങിയവ).

2. ബാധ്യതകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ (കടമായി സാധനങ്ങള്‍ വാങ്ങുന്നത്, വായ്പ വാങ്ങുന്നത്, ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് എടുക്കുന്നത് തുടങ്ങിയവ).

3. ആസ്തികളുമായി ബന്ധപ്പെട്ട ഇളവുകള്‍ (ഭൂമി, കെട്ടിടം, മെഷീനറി, ഫര്‍ണിച്ചര്‍ തുടങ്ങിയവ).

4. ചെലവുകളുമായി ബന്ധപ്പെട്ട ഇളവുകള്‍ (ശമ്പളം, പലിശ, കമ്മീഷന്‍, പരസ്യം തുടങ്ങിയവ).

5. വരുമാനങ്ങളുമായി ബന്ധപ്പെട്ട ഇളവുകള്‍ (വില്പന, പലിശ, കമ്മീഷന്‍ എന്നിവയിലെ വരുമാനം).

ഈ അഞ്ചുതരം ഇടപാടുകളിലേക്കും അക്കൗണ്ടുകളുടെ ഡെബിറ്റും ക്രെഡിറ്റും നിശ്ചയിക്കുന്നതിനുള്ള നിയമങ്ങള്‍ ചുവടെ ചേര്‍ക്കുംവിധമാണ്.

1. മുടക്കുമുതല്‍: തന്‍ചെലവിലൂടെ കുറയുമ്പോള്‍ ഡെബിറ്റ് ചെയ്യുക; കൂടുതല്‍ മുടക്കുന്നതിലൂടെ കൂടുമ്പോള്‍ ക്രെഡിറ്റ് ചെയ്യുക.

2. ബാധ്യതകള്‍: കുറയുമ്പോള്‍ ഡെബിറ്റ് ചെയ്യുക; കൂടുമ്പോള്‍ ക്രെഡിറ്റ് ചെയ്യുക.

3. ആസ്തികള്‍: കൂടുമ്പോള്‍ ഡെബിറ്റ് ചെയ്യുക; കുറയുമ്പോള്‍ ക്രെഡിറ്റ് ചെയ്യുക.

4. ചെലവുകള്‍: കൂടുമ്പോള്‍ ഡെബിറ്റ് ചെയ്യുക; കുറയുമ്പോള്‍ ക്രെഡിറ്റ് ചെയ്യുക.

5. വരുമാനങ്ങള്‍: കുറയുമ്പോള്‍ ഡെബിറ്റ് ചെയ്യുക; കൂടുമ്പോള്‍ ക്രെഡിറ്റ് ചെയ്യുക.

ബ്രിട്ടിഷ് സമീപനം. ബ്രിട്ടിഷ് സമീപനത്തില്‍ ഡെബിറ്റും ക്രെഡിറ്റും നിശ്ചയിക്കുന്നതിനായി വൈയക്തിക കണക്കുകള്‍, നിജ കണക്കുകള്‍, നാമിക കണക്കുകള്‍ എന്നിവ ഓരോന്നിനും വെവ്വേറെ നിയമങ്ങളുണ്ട്.

1. വൈയക്തിക കണക്കുകള്‍: പണമോ മറ്റു നേട്ടങ്ങളോ കൈപ്പറ്റുന്ന വ്യക്തിയുടെ/സ്ഥാപനത്തിന്റെ അക്കൗണ്ട് ഡെബിറ്റ് ചെയ്യുക; പണമോ മറ്റു നേട്ടങ്ങളോ ലഭ്യമാക്കുന്ന വ്യക്തിയുടെ/സ്ഥാപനത്തിന്റെ അക്കൗണ്ട് ക്രെഡിറ്റ് ചെയ്യുക.

2. നിജ കണക്കുകള്‍: സ്വീകരിക്കുന്ന ആസ്തിയുടെ അക്കൗണ്ട് ഡെബിറ്റ് ചെയ്യുക; വില്ക്കുന്ന/പുറത്തേക്കു പോകുന്ന ആസ്തിയുടെ അക്കൗണ്ട് ക്രെഡിറ്റ് ചെയ്യുക.

3. നാമിക കണക്കുകള്‍: ചെലവ്/നഷ്ട ഇനത്തിലെ അക്കൗണ്ട് ഡെബിറ്റ് ചെയ്യുക; വരവ്/നേട്ട ഇനങ്ങളിലെ അക്കൗണ്ട് ക്രെഡിറ്റ് ചെയ്യുക.

കണക്ക് പുസ്തകങ്ങള്‍/രേഖകള്‍. ഇടപാടുകള്‍ പ്രാഥമികമായി ഡബിള്‍ എന്‍ട്രി നിയമങ്ങള്‍ അനുസരിച്ച് രേഖപ്പെടുത്തുന്നത് 'നാള്‍വഴി'(ജേര്‍ണല്‍)യിലാണ്. തുടര്‍ന്ന്, നാള്‍വഴിയില്‍ നിന്ന് പേരേടിലേക്ക് (ലഡ്ജര്‍) പതിക്കും. ഓരോ കാലയളവിന്റെയും അവസാനഘട്ടത്തില്‍ (സാധാരണനിലയില്‍ വര്‍ഷാവസാനം ആകാം) പേരേടിലെ ഓരോ അക്കൗണ്ടിലുമുള്ള ഡെബിറ്റും ക്രെഡിറ്റും തട്ടിക്കിഴിച്ച് നീക്കിബാക്കി തിട്ടപ്പെടുത്തും. ഓരോ അക്കൗണ്ടിലെയും നീക്കിബാക്കി കണക്കിലെടുത്ത് ശിഷ്ടപത്രിക തയ്യാറാക്കിയാല്‍ ദ്വിപക്ഷക്കുറിപ്പുകളുടെ കൃത്യത അറിയാം.

(ഡോ.എം. ശാര്‍ങ്ഗധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍