This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വന്ദ്വയുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്വന്ദ്വയുദ്ധം

Duel

സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിച്ച് ചില സാക്ഷികളുടെ സാന്നിധ്യത്തില്‍ രണ്ട് ആയുധധാരികള്‍ നടത്തുന്ന യുദ്ധം. തര്‍ക്കം തീര്‍ക്കുവാനും അഭിമാനപ്രശ്നങ്ങള്‍ പരിഹരിക്കുവാനും മറ്റുമാണ് പലപ്പോഴും ദ്വന്ദ്വയുദ്ധങ്ങള്‍ നടന്നിരുന്നത്. (വ്യക്തികളുടെയോ സമൂഹത്തിന്റെയോ നിലനില്പിനായുള്ള സമരമെന്നും ഈ വാക്കിന് അര്‍ഥമുണ്ട്.)

വാള്‍, തോക്ക് മുതലായ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ദ്വന്ദ്വയുദ്ധങ്ങള്‍ നടക്കാറുള്ളത്. ഭാരതീയ ഇതിഹാസങ്ങളില്‍ ഗദയാണ് ദ്വന്ദ്വയുദ്ധത്തിലെ പ്രധാന ആയുധം. ഗ്രീസില്‍ കത്തിയാണ് ഉപയോഗിച്ചിരുന്നത്.

യൂറോപ്പില്‍ പ്രാചീന കാലത്ത് ദ്വന്ദ്വയുദ്ധം പ്രചാരത്തിലുണ്ടായിരുന്നു എന്നതിന് തെളിവില്ല. എ.ഡി. ആറാം ശ.-ത്തില്‍ ബെര്‍ഗുണ്ടിയയിലെ (Burgundia) രാജാവായിരുന്ന ഗുണ്ടോബാദാണ് ദ്വന്ദ്വയുദ്ധത്തിന് നിയമസാധുത നല്കിയത്.
ജുഡീഷ്യല്‍ ദ്വന്ദ്വയുദ്ധം : ഒരു ചിത്രീകരണം
കേസുകള്‍ നേരിട്ടു തീര്‍പ്പാക്കാന്‍ കഴിയാതെവരുമ്പോള്‍ വാദിയും പ്രതിയും തമ്മില്‍ യുദ്ധംചെയ്ത് പ്രശ്നംതീര്‍പ്പാക്കുന്ന സമ്പ്രദായമായിരുന്നു (Judicial Duel) അദ്ദേഹം തുടങ്ങിവച്ചത്. 'ദൈവത്തിന്റെ വിധി' (Judgment of God) എന്നാണ് ഇത്തരം വിധികളെ അക്കാലങ്ങളില്‍ വിളിച്ചിരുന്നത്.

രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ജുഡീഷ്യല്‍ ദ്വന്ദ്വയുദ്ധം നടന്നത് എ.ഡി. 590-ല്‍ ആണ്. ക്രമേണ ഇത് യൂറോപ്പില്‍ വ്യാപകമായെങ്കിലും ഇംഗ്ലണ്ടില്‍ പ്രചാരം നേടിയത് പിന്നീടാണ്. 1096-ലാണ് അവിടെ ഇത്തരമൊരു സംഭവം ആദ്യമായി നടന്നത്. എന്നാല്‍ ഹെന്റി II ന്റെ കാലത്ത് 'ദൈവവിധിക്ക്' പകരം തിരഞ്ഞെടുക്കപ്പെട്ട ജൂറി തീര്‍പ്പു കല്പിക്കുന്ന സമ്പ്രദായം തുടങ്ങിവച്ചു. 1919 മാ. 22-ന് ബ്രിട്ടിഷ് പാര്‍ലമെന്റ് ജുഡീഷ്യല്‍ ദ്വന്ദ്വയുദ്ധത്തെ നിയമപരമായി നിരോധിച്ചു.

ഹാമില്‍ടണും അരോണ്‍ ബറും തമ്മില്‍ നടന്ന ദ്വന്ദ്വയുദ്ധം

ജുഡീഷ്യല്‍ ദ്വന്ദ്വയുദ്ധങ്ങള്‍ക്കുപുറമേ, അഭിമാനസംരക്ഷണത്തിനും പകപോക്കലിനും ധീരാഭ്യാസപ്രകടനങ്ങള്‍ക്കുമായുള്ള നിരവധി ദ്വന്ദ്വയുദ്ധങ്ങള്‍ (Chivarlic duels) ചരിത്രത്തില്‍ അരങ്ങേറിയിട്ടുണ്ട്. 858-ല്‍ ചാള്‍സ് ചക്രവര്‍ത്തിയും സഹോ ദരന്‍ ലൂയി II-ഉം നടത്തിയ യുദ്ധം ഇതില്‍ ആദ്യത്തേതായി കണക്കാക്കപ്പെടുന്നു.

മധ്യകാല യൂറോപ്യന്‍സംസ്കാരത്തില്‍ ദ്വന്ദ്വയുദ്ധങ്ങള്‍ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് അക്കാലങ്ങളില്‍ വലിയ പ്രചാരം ലഭിച്ചിരുന്നു. 19, 20 ശ.-ങ്ങളില്‍ ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ദ്വന്ദ്വയുദ്ധങ്ങള്‍ക്ക് നിയമസാധുത ലഭിച്ചു.

ചാള്‍സ് XIII-ഉം ലൂയി XII-ഉം ആണ് യൂറോപ്പിലെ ദ്വന്ദ്വയുദ്ധത്തിന്റെ പ്രചാരകരായി അറിയപ്പെടുന്നത്. ഹെന്റി IV-ന്റെ കാലത്ത് 4,000 ആളുകള്‍ ദ്വന്ദ്വയുദ്ധങ്ങളില്‍ കൊല്ലപ്പെട്ടുവെന്നത് ഇതിന്റെ വ്യാപകത്വമാണ് കാണിക്കുന്നത്.

മെന്‍സൂര്‍

റഷ്യയിലും ഇക്കാലത്ത് ദ്വന്ദ്വയുദ്ധത്തിന് വമ്പിച്ച പ്രചാരം ലഭിച്ചിരുന്നു. റഷ്യന്‍ വിപ്ലവകാലത്തും ഇത് നിലനിന്നിരുന്നതായി കാണാം. റഷ്യയിലെ പ്രഗല്ഭ എഴുത്തുകാരായ പുഷ്കിന്‍, ലെര്‍ മോന്‍ടോസ് എന്നിവര്‍ കൊല്ലപ്പെട്ടത് ദ്വന്ദ്വയുദ്ധത്തിലായിരുന്നു.

ഫെന്‍സിങ്

19-ാം ശ.-ത്തില്‍ ജര്‍മനിയില്‍ ദ്വന്ദ്വയുദ്ധത്തിന് മെന്‍സുര്‍ എന്ന ഒരു വകഭേദം ഉണ്ടായിരുന്നു. വാളേന്തിയ യോദ്ധാക്കള്‍ പ്രത്യേക രക്ഷാകവചമണിഞ്ഞായിരുന്നു മെന്‍സുര്‍ യുദ്ധത്തിലേര്‍ പ്പെട്ടിരുന്നത്. ആസ്റ്റ്രിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും മെന്‍സുര്‍ നിലനിന്നിരുന്നതിന് തെളിവുകളുണ്ട്. കായികയിനമായ ഫെന്‍സിങ്ങിന് ഈ യുദ്ധമുറയുമായി ബന്ധമുണ്ട്.

യൂറോപ്പിലെപ്പോലെ അത്രതന്നെ പ്രചാരം ലഭിച്ചിരുന്നില്ലെങ്കിലും അമേരിക്കയിലും ദ്വന്ദ്വയുദ്ധങ്ങള്‍ നടന്നിരുന്നു. 1804-ല്‍ ഇവിടത്തെ രാഷ്ട്രീയനേതാക്കളായ അലക്സാണ്ടര്‍ ഹാമില്‍ടണും അരോണ്‍ ബറും തമ്മില്‍ നടന്ന യുദ്ധം പ്രസിദ്ധമാണ്. ഇതില്‍ ഹാമില്‍ടണ്‍ കൊല്ലപ്പെടുകയായിരുന്നു. 1830 - 40 കാലഘട്ടത്തില്‍ അമേരിക്കയില്‍ നിരവധി ദ്വന്ദ്വയുദ്ധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. സ്ത്രീകള്‍ തമ്മിലുള്ള ദ്വന്ദ്വയുദ്ധങ്ങളും (Petticoat duels) ഇവിടെ നടന്നിരുന്നു.

ഏഷ്യയിലും ദ്വന്ദ്വയുദ്ധങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. ശ്രീലങ്ക, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് വ്യാപകമായിരുന്നു. ശ്രീലങ്കയിലെ റുഹൂണിയിലെ രാജാവായിരുന്ന ദുത്തു ജമുനുവും അനുരാധപുരിയിലെ രാജാവായിരുന്ന എലാറയും തമ്മില്‍ നടന്ന യുദ്ധം, 1612-ല്‍ മിയോ മൊട്ടോസി മുനാപ്പിയും സസാക്കി കെമിറോയും ജപ്പാനിലെ ഫുനാജിറ ദ്വീപില്‍വച്ചുനടന്ന യുദ്ധം തുടങ്ങിയവ ഏഷ്യയില്‍ നടന്ന ദ്വന്ദ്വയുദ്ധങ്ങളില്‍ ശ്രദ്ധേയങ്ങളാണ്. 1906-ല്‍ ഇസ്താംബൂളിലെ ഓട്ടോമന്‍ രാജാവായിരുന്ന അബ്ദുല്‍ ഹാമിദ് II-ഉം ഖുര്‍ദിഷ് ഫ്യൂഡല്‍ പ്രഭുവായിരുന്ന അബ്ദുറസ്സാഖ് ബദ്രിഖാജും തമ്മില്‍ നടന്ന പോരാട്ടവും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യയിലും ദ്വന്ദ്വയുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഭീമനും ദുര്യോധനനും തമ്മില്‍ നടന്ന ഗദായുദ്ധം മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമായി കരുതപ്പെടുന്നു. കേരളത്തിലും ദ്വന്ദ്വയുദ്ധത്തിന് വലിയ പ്രചാരം ലഭിച്ചിരുന്നു. കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റ് ദ്വന്ദ്വയുദ്ധത്തിന്റെ വകഭേദമായി കാണാവുന്നതാണ്. തച്ചോളി ഒതേനനും ആരോമല്‍ ചേകവരുമെല്ലാം ഏറെ അറിയപ്പെടുന്ന പോരാളികളാണ്. പ്രശ്ന പരിഹാരത്തിനായി പ്രതിഫലം പറ്റുന്ന അങ്കച്ചേകവരെക്കൊണ്ട് ദ്വന്ദ്വയുദ്ധം നടത്തിക്കുന്ന സമ്പ്രദായം കേരളത്തില്‍ നിലനിന്നിരുന്നതായി വടക്കന്‍പാട്ടുകള്‍ വ്യക്തമാക്കുന്നു.

ചില വ്യക്തമായ നിയമങ്ങളില്‍ അധിഷ്ഠിതമാണ് ദ്വന്ദ്വയുദ്ധങ്ങള്‍. ദ്വന്ദ്വയുദ്ധത്തിന് ആദ്യമായി നിയമാവിഷ്കാരം നടത്തിയത് ഇറ്റാലിയന്‍ തത്ത്വജ്ഞാനിയായ ആന്‍ഡ്രിയ അലിയാറ്റി ആയിരുന്നു. എന്നാല്‍ നിയമങ്ങള്‍ക്ക് ദേശാന്തരങ്ങളില്‍ വകഭേദങ്ങളുണ്ട്. ഉദാഹരണമായി, യൂറോപ്യന്‍ രാജ്യങ്ങളില്‍ യുദ്ധം അവസാനിക്കാന്‍ പോരാളികളിലൊരാള്‍ കൊല്ലപ്പെടണമെന്നില്ല; പരിക്കേല്‍ക്കുകയോ യുദ്ധം തുടരാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാവുകയോ ചെയ്താല്‍ മതി. എന്നാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പോരാളികളിലൊരാള്‍ കൊല്ലപ്പെടണം.

ആയുധങ്ങളുടെ പ്രയോഗം, ക്ഷമത, പോരാട്ടസ്ഥലം, സമയം തുടങ്ങിയവയെ സംബന്ധിച്ച പൊതു നിയമങ്ങളും ഉണ്ട്. പോരാളികള്‍ ഒരേതരം ആയുധങ്ങളായിരിക്കണം ഉപയോഗിക്കേണ്ടത്. ദ്വന്ദ്വയുദ്ധത്തില്‍ പോരാളിയോടൊപ്പം എപ്പോഴും ഒരു 'രണ്ടാമന്‍' ഉണ്ടായിരിക്കും. പോരാളിയുടെ ആയുധങ്ങളുടെ ലഭ്യതയും ക്ഷമതയും ഉറപ്പുവരുത്തല്‍, എന്തെങ്കിലും അപകടം പിണഞ്ഞാല്‍ ശുശ്രൂഷിക്കല്‍ തുടങ്ങിയവയാണ് ഇയാളുടെ ജോലി.

അസാധാരണങ്ങളായ ചില ദ്വന്ദ്വയുദ്ധങ്ങളും ചരിത്രത്തിലുണ്ടായിട്ടുണ്ട്. 1808-ല്‍ രണ്ട് ഫ്രഞ്ചുകാര്‍ തമ്മില്‍ ബലൂണുകളില്‍ പറന്ന് തോക്കുപയോഗിച്ച് യുദ്ധം ചെയ്തിട്ടുണ്ട്. 1843-ല്‍ രണ്ട് ആളുകള്‍ ബില്യാര്‍ഡ് ബോള്‍ പരസ്പരം എറിഞ്ഞുകൊണ്ടാണ് ഏറ്റുമുട്ടിയത്. സാധാരണ യുദ്ധങ്ങളില്‍ ഉപയോഗിക്കാറുള്ള ആയുധങ്ങള്‍ക്കു പകരം ഹാമര്‍ പോലുള്ളവ ഉപയോഗിച്ചും യുദ്ധം നടത്താറുണ്ട്.

19-ാം ശ.-ത്തിന്റെ അവസാനത്തോടെ ദ്വന്ദ്വയുദ്ധങ്ങള്‍ക്ക് പ്രചാരം കുറഞ്ഞുതുടങ്ങി. വിവിധ രാജ്യങ്ങളില്‍ ജനാധിപത്യ ഭരണക്രമം നിലവില്‍ വന്നതും ക്രിസ്തീയ സഭകളുടെ ഇടപെടലുകളുമായിരുന്നു ഇതിനു കാരണം. ബ്രിട്ടണില്‍ 1888-ല്‍ ദ്വന്ദ്വയുദ്ധം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. ഫ്രാന്‍സില്‍ ഒന്നാം ലോകയുദ്ധം വരെ ദ്വന്ദ്വയുദ്ധം നിലനിന്നിരുന്നു. 1940-ലാണ് ജര്‍മനി ദ്വന്ദ്വയുദ്ധം നിരോധിച്ചത്. 1900-ാമാണ്ടിനുശേഷം അമേരിക്കയിലും ഏഷ്യയിലും ദ്വന്ദ്വയുദ്ധങ്ങള്‍ വളരെ വിരളമായി.

ചില രാജ്യങ്ങളില്‍ ദ്വന്ദ്വയുദ്ധങ്ങള്‍ക്ക് ഇപ്പോഴും നിയമ പരിരക്ഷയുണ്ട്. തെക്കേ അമേരിക്കയിലെ പരാഗ്വയില്‍ അപൂര്‍വമെങ്കിലും ഇപ്പോഴും ദ്വന്ദ്വയുദ്ധങ്ങള്‍ നടക്കാറുണ്ട്. 2005-മെയ് മാസത്തില്‍ ജപ്പാനിലെ 12 ചെറുപ്പക്കാരെ ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ടതിന് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ബ്രിട്ടിഷ് ആര്‍മിയില്‍ ചില പ്രശ്നപരിഹാരങ്ങള്‍ക്കായി പട്ടാളക്കാര്‍ തമ്മില്‍ ബോക്സിങ് റിങ്ങില്‍ ഏറ്റുമുട്ടാറുണ്ടത്രെ. ദ്വന്ദ്വയുദ്ധത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ മനഃപൂര്‍വമുള്ള കൊലപാതകത്തിന് കേസെടുക്കാമെന്ന നിയമമാണ് ഇന്ന് പല രാജ്യങ്ങളിലും നിലനില്ക്കുന്നത്.

ദ്വന്ദ്വയുദ്ധത്തെ ഇതിവൃത്തമാക്കി നിരവധി പ്രസിദ്ധ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. സ്റ്റാന്‍ലി കുബ്രിക്സിന്റെ ബാരി ലിന്‍ഡന്‍ (Barry Lyndon)1975, റിഡ്ലി സ്കോട്ടിന്റെ ദ് ഡ്യുവലിസ്റ്റ്സ് (The Duelists)1977 തുടങ്ങിയവ ഇതിലുള്‍ പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍