This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രോണാചാര്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്രോണാചാര്യര്‍

ഒരു പുരാണ കഥാപാത്രം. മഹാഭാരതത്തില്‍ പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥന്‍. ഭരദ്വാജ മഹര്‍ഷിയുടെ പുത്രനാണ് ഇദ്ദേഹം. ദ്രോണ(കുടം)ത്തില്‍നിന്ന് ജനിച്ചവനാകയാലാണ് ദ്രോണര്‍ എന്നു പേര് ലഭിച്ചത്. ഭരദ്വാജന്‍ ഒരിക്കല്‍ കുളിക്കുന്നതിനായി ഗംഗയിലിറങ്ങുമ്പോള്‍ ഘൃതാചി എന്ന അപ്സരസ്സിനെ കാണുന്നു. മുനിയെ കണ്ടമാത്രയില്‍ ഘൃതാചി ഓടിയകന്നെങ്കിലും അവളുടെ വസ്ത്രം ഒരു പുല്ലിലുടക്കി ഊര്‍ന്നുവീണുപോയി. പൂര്‍ണരൂപത്തില്‍ ആ കോമളരൂപം കണ്ട മഹര്‍ഷിക്ക് ഇന്ദ്രിയസ്ഖലനമുണ്ടായി. സ്ഖലിച്ച ദ്രവം ഒരു ദ്രോണത്തില്‍ സൂക്ഷിച്ചു. അതില്‍നിന്ന് ജനിച്ച ശിശുവാണ് ഇദ്ദേഹം.

അഗ്നിവേശമുനിയില്‍നിന്നാണ് ദ്രോണര്‍ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. തന്റെ പ്രിയ ശിഷ്യനായ അര്‍ജുനനെക്കാള്‍ കേമനായ ഒരു വില്ലാളി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച ദ്രോണര്‍ വേടകുമാരനായ ഏകലവ്യനോട് പെരുവിരല്‍ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്ത്വത്തിന് കളങ്കമായി നിലനില്ക്കുന്നു. ഭാരതയുദ്ധത്തിനു തൊട്ടുമുമ്പ് ആശീര്‍വാദം വാങ്ങാനെത്തിയ ധര്‍മപുത്രരെ ദ്രോണര്‍ അനുഗ്രഹിക്കുകയും തനിക്ക് കൗരവപക്ഷത്ത് നില്ക്കേണ്ടിവന്നതെന്തെന്നു വിശദീകരിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തില്‍ ഭീഷ്മപിതാമഹന്‍ നിലംപതിച്ചപ്പോള്‍ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. അശ്വത്ഥാമാവ് മരിച്ചുവെന്ന ധര്‍മപുത്രരുടെ വാക്കുകള്‍ കേട്ടപാടെ ഇദ്ദേഹം ആയുധം താഴെവച്ച് മരണത്തിനു കീഴടങ്ങി.

ദ്രുപദരാജപുത്രനും ദ്രോണരും ഒരേ ഗുരുവിന്റെ സമീപത്തായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. അന്ന് ഉറ്റസുഹൃത്തുക്കളായിരുന്നു ഇവര്‍. രാജാവാകുമ്പോള്‍ തന്റെ പകുതിരാജ്യം ദ്രോണര്‍ക്കു നല്കുമെന്ന് ദ്രുപദരാജകുമാരന്‍ പറഞ്ഞിരുന്നു. കാലം കടന്നുപോയി. ദ്രോണാചാര്യര്‍ ദാരിദ്ര്യദുഃഖത്തിലായി. പഴയ സുഹൃത്തിനെക്കണ്ട് സഹായം അഭ്യര്‍ഥിക്കാമെന്നു കരുതി രാജധാനിയിലെത്തിയ ദ്രോണരെ ദ്രുപദരാജാവ് പരിഹസിച്ച് അയയ്ക്കുകയാണുണ്ടായത്. വ്രണിതഹൃദയനായി ദ്രോണര്‍ ദേശാടനം നടത്തവെ ഹസ്തിനപുരിയിലെത്തിയ സമയത്ത് പാണ്ഡവ-കൗരവ കുമാരന്മാരുടെ അസ്ത്രാഭ്യാസത്തിന് ഭീഷ്മര്‍ ദ്രോണരോട് അഭ്യര്‍ഥിച്ചു. അങ്ങനെയാണ് ദ്രോണാചാര്യര്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്. വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ എന്താണ് ഗുരുദക്ഷിണയായി വേണ്ടതെന്ന് ശിഷ്യന്മാര്‍ ആചാര്യനോടു ചോദിക്കുകയും ദ്രുപദരാജനെ പിടിച്ചുകെട്ടി തന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആചാര്യന്‍ മറുപടി പറയുകയും ചെയ്തു. ആദ്യം ദുര്യോധനന്‍ അനുയായികളോടൊപ്പം എത്തി ദ്രുപദനെ എതിരിട്ടെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല. അര്‍ജുനന്‍ ദ്രുപദനോടെതിരിട്ട് അയാളെ ബന്ധനസ്ഥനാക്കി ആചാര്യന്റെ മുമ്പിലെത്തിച്ചു. ദ്രുപദനെ വധിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. പകരം പാഞ്ചാലരാജ്യം രണ്ടായി വിഭജിച്ച് ദക്ഷിണപാഞ്ചാലം ദ്രോണരെടുക്കുകയും ഉത്തരപാഞ്ചാലം ദ്രുപദന് നല്കി തിരിച്ചയയ്ക്കുകയും ചെയ്തു. വ്രണിതഹൃദയനായ ദ്രുപദന്‍ ദ്രോണാചാര്യരെ വധിക്കുവാന്‍ പ്രാപ്തിയുള്ള സന്താനത്തിനുവേണ്ടി യജ്ഞം നടത്തുകയും യാഗാഗ്നിയില്‍നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രത്യക്ഷരാവുകയും ചെയ്തു. ഇവരാണ് ധൃഷ്ടദ്യുമ്നനും പാഞ്ചാലിയും. ഭാരതയുദ്ധത്തില്‍ പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നനാണ് യുദ്ധഭൂമിയില്‍വച്ച് ദ്രോണാചാര്യരെ വധിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍