This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രുപദന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്രുപദന്‍

പുരാണ കഥാപാത്രം. ദ്രൗപദിയുടെ പിതാവും പാഞ്ചാല രാജ്യത്തെ രാജാവുമായിരുന്നു. ദ്രുപദന്‍ മരുത്ഗണങ്ങളുടെ അംശത്തില്‍നിന്നാണ് ഭൂമിയില്‍ ജനിച്ചതെന്ന് മഹാഭാരതം ആദിപര്‍വം 67-ാം അധ്യായം 80-ാം പദ്യത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. പാഞ്ചാലന്‍, പാഞ്ചാല്യന്‍, പാഞ്ചാലരാജാവ്, പാര്‍ഷതന്‍,പൃഷ്താത്മജന്‍, സൗമകി, യജ്ഞസേനന്‍ തുടങ്ങിയ പേരുകള്‍ ഇദ്ദേഹത്തിന്റെ പര്യായങ്ങളായി പ്രയോഗിച്ചുകാണുന്നു.

ഭരദ്വാജമുനിയുടെ ആശ്രമത്തില്‍ ആയുധാഭ്യാസം നടത്തുന്ന വേളയില്‍ സഹപാഠി ആയിരുന്ന ദ്രോണരുമായി ദ്രുപദന്‍ പ്രത്യേക സൗഹൃദം പുലര്‍ത്തിയിരുന്നു. താന്‍ രാജാവാകുമ്പോള്‍ ദ്രോണര്‍ക്ക് പകുതി രാജ്യം നല്കും എന്ന് ദ്രുപദന്‍ പറഞ്ഞിരുന്നു. വിദ്യാഭ്യാസാനന്തരം ദ്രുപദന്‍ പാഞ്ചാല രാജ്യത്തിന്റെ അധിപനായി. ഒരിക്കല്‍ ദ്രോണര്‍ ദാരിദ്ര്യം മൂലം പഴയ സുഹൃത്തിനോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പാഞ്ചാലരാജ്യത്തെത്തി. എന്നാല്‍ ദ്രുപദന്‍ ദ്രോണരെ അവഹേളിച്ചു. ഇത് ദ്രോണരില്‍ പക ഉളവാക്കുകയും അദ്ദേഹം പിന്നീട് തന്റെ ശിഷ്യനായ അര്‍ജുനനെക്കൊണ്ട് ദ്രുപദനെ ബന്ധനസ്ഥനാക്കി തന്റെ മുമ്പില്‍ വരുത്തുകയും ചെയ്തു. പാഞ്ചാലരാജ്യം രണ്ടായി പകുത്ത് ദക്ഷിണപാഞ്ചാലം ദ്രോണര്‍ ഏറ്റെടുക്കുകയും ഉത്തരപാഞ്ചാലം ദ്രുപദനു നല്കുകയും ചെയ്തു.

ദ്രോണരെ ജയിക്കാന്‍ ശക്തിയുള്ള ഒരു പുത്രന്‍ ജനിക്കുവാന്‍ വേണ്ടി ദ്രുപദന്‍ യാഗം നടത്തി. യാഗാഗ്നിയില്‍നിന്ന് ധൃഷ്ടദ്യുമ്നനും ദ്രൗപദിയും ഉയര്‍ന്നുവന്നു. ധൃഷ്ടദ്യുമ്നന്‍ ദ്രോണരെ വധിക്കുമെന്നൊരു അശരീരിയും ആ സമയത്തുണ്ടായി.

യൗവനയുക്തയായ ദ്രൗപദിയുടെ സ്വയംവരത്തിനായി ദ്രുപദന്‍ ചില മത്സരങ്ങള്‍ ഏര്‍ പ്പെടുത്തി. സ്വയംവരത്തില്‍ വേഷപ്രച്ഛന്നനായി പങ്കെടുത്ത അര്‍ജുനന്‍ മത്സരത്തില്‍ ജയിക്കുകയും ദ്രൗപദിയെ സ്വന്തമാക്കുകയും ചെയ്തു.

ഭാരതയുദ്ധത്തില്‍ പാണ്ഡവ പക്ഷത്തെ ഏഴ് സേനാപതികളില്‍ ഒരാളായിരുന്നു ദ്രുപദന്‍ എന്നും (ഉദ്യോഗപര്‍വം 157-ാം അധ്യായം 11-ാം പദ്യം) കുരുക്ഷേത്രത്തില്‍വച്ച് ദ്രോണാചാര്യര്‍ ദ്രുപദനെ വധിച്ചു എന്നും (ദ്രോണപര്‍വം 25-ാം അധ്യായം 18-ാം പദ്യം) മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. ദ്രുപദന്‍ മരണാനന്തരം സ്വര്‍ഗത്തില്‍ പ്രവേശിച്ച് വിശ്വദേവന്മാരില്‍ ലയിച്ചുചേര്‍ന്നതായി സ്വര്‍ഗാരോഹണപര്‍വം 5-ാം അധ്യായം 25-ാം പദ്യത്തില്‍ തുടര്‍ന്നു വര്‍ണിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍