This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രാക്ഷാദി കഷായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്രാക്ഷാദി കഷായം

അഷ്ടാംഗഹൃദയത്തില്‍ ജ്വരചികിത്സാ അധ്യായത്തില്‍ വാത പിത്ത ജ്വര ചികിത്സയ്ക്കായി നിര്‍ദേശിച്ചിരിക്കുന്ന ഔഷധയോഗം. മുന്തിരിങ്ങാപ്പഴം, ഇലിപ്പപ്പഴം, അതിമധുരം, പാച്ചോറ്റിത്തൊലി, കുമിഴിന്‍പഴം, നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, നെല്ലിക്കാത്തോട്, ഇരുവേലി, താമരയല്ലി, പതിമുകം, താമരവളയം, ചന്ദനം, രാമച്ചം, കരിംകൂവളക്കിഴങ്ങ്, ചിറ്റീന്തല്‍ എന്നിവ ചേരുന്നതാണ് ദ്രാക്ഷാദി കഷായ യോഗം.

'ദ്രാക്ഷാ, മധൂകം മധുകംലോധ്ര കാശ്മര്‍യ്യശാരിബാഃ

മുസ്താമലക ഹ്രീ ബേര പത്മകേസര പത്മകം

മൃണാളചന്ദനോശീരനീലോല്പല പരൂഷകം

ഫാണ്ടോ ഹിമോ വാ ദ്രാക്ഷാദിര്‍ജാതീ കുസുമ വാസിതഃ

യുക്തോ മധുസിതാലാജൈര്‍ ജയത്യനിലപിത്തജം

ജ്വരം മദാത്യയം ഛര്‍ദ്ദീം മൂര്‍ച്ഛാം ദാഹം ശ്രമം ഭ്രമം

ഊര്‍ദ്ധ്വഗം രക്തപിത്തം ച പിപാസാം കാമലാമപി'

(അഷ്ടാംഗഹൃദയം)

ഈ വിധ ദ്രവ്യങ്ങള്‍ ഫാണ്ട കഷായമായിട്ടോ ശീത കഷായമായിട്ടോ സംസ്കരിച്ച് പിച്ചിപ്പൂവിന്റെ വാസന പിടിപ്പിച്ച് തേനും പഞ്ചസാരയും മലര്‍ പ്പൊടിയും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. വാതപിത്തജ്വരം, മദാത്യയം, ഛര്‍ദി, മൂര്‍ച്ഛ, തളര്‍ച്ച, ഭ്രമം, ഊര്‍ധഗാമിയായ രക്തപിത്തം, തണ്ണീര്‍ദാഹം, കാമല എന്നീ രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നു.

സഹസ്രയോഗം തുടങ്ങിയ മറ്റു ചികിത്സാ ഗ്രന്ഥങ്ങളില്‍ ഇതില്‍ നിന്നു വ്യത്യസ്തമായ ദ്രാക്ഷാദി കഷായ യോഗങ്ങളും നിര്‍ദേശിച്ചിരിക്കുന്നതായി കാണാം.

'ദ്രാക്ഷായാ ഫലിനീഭിര്‍വാ ബലയാ നാഗരേണ വാ

ശ്വദംഷ്ടയാ ശതാവര്യാ രക്തജിത് സാധിതം പയഃ'

(സഹസ്രയോഗം)

മുന്തിരിങ്ങാപ്പഴം, ഞാവല്‍പ്പൂവ്, കുറുന്തോട്ടിവേര്, ചുക്ക്, ഞെരിഞ്ഞില്‍, ശതാവരിക്കിഴങ്ങ് ഇവകൊണ്ട് ഉണ്ടാക്കുന്ന കഷായവും പാല്‍ കഷായവും രക്തപിത്തത്തെ ശമിപ്പിക്കും.

മുന്തിരിങ്ങാപ്പഴം, ചിറ്റമൃത്, കുമിഴിന്‍വേര്, ബ്രഹ്മി, നറുനീണ്ടിക്കിഴങ്ങ് ഇവ കഷായം വച്ച് ശര്‍ക്കര മേമ്പൊടി ചേര്‍ത്തു സേവിച്ചാല്‍ വാതജ്വരം ശമിക്കുമെന്നും മുന്തിരിങ്ങാപ്പഴം, ചിറ്റമൃത്, കരിമ്പ് എന്നിവകൊണ്ടുള്ള കഷായം കാമലയ്ക്ക് ഏറ്റവും വിശേഷപ്പെട്ട ഔഷധമാണ് എന്നും സഹസ്രയോഗം പറയുന്നു.

മുന്തിരിങ്ങാപ്പഴം, കുമിഴിന്‍വേര്, ചിറ്റീന്തല്‍വേര്, കയ്പന്‍ പടവലത്തണ്ട്, വേപ്പിന്‍പട്ട, ആടലോടകവേര്, മലര്, നെല്ലിക്കാത്തോട്, കൊടുത്തൂവവേര് എന്നിവ ചേര്‍ത്ത് കഷായം വച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കൊടുത്താല്‍ പിത്തകോപംകൊണ്ടും രക്ത കോപംകൊണ്ടും ഉണ്ടാകുന്ന മസൂരി ശമിക്കും.

മുന്തിരിങ്ങാപ്പഴവും അനുബന്ധ ദ്രവ്യങ്ങളും ചേര്‍ത്തുള്ള അരിഷ്ടം, ഘൃതം എന്നീ ഔഷധകല്പനകളും ലഭ്യമാണ്.

ദ്രാക്ഷാരിഷ്ടം

'ദ്രാക്ഷാ തുലാര്‍ദ്ധം ദ്വിദ്രോണേ ജലസ്യ വിപചേല്‍ സുധഃ

പാദശേഷേ കഷായേ ച പൂതേ ശീതേ വിനിക്ഷിപേല്‍

ഗുഡസ്യ ദ്വിതുലാം തത്ര ത്വഗേലാപത്രകേസരം

പ്രിയംഗു മരിചം കൃഷ്ണാ വിഡംഗേതി വിചൂര്‍ണയേല്‍

പൃഥക് പലോന്മീതൈര്‍ ഭാഗൈര്‍ ഘൃത

ഭാണ്ഡേ നിധാപയേല്‍

സമന്തതോ ഘട്ടയിത്വാ പിബേജ്ജാതരസം തതഃ

ഉരക്ഷതം ക്ഷയം ഹന്തി കാസശ്വാസഗളാമയാന്‍

ദ്രാക്ഷാരിഷ്ടാഹ്വയഃ പ്രോക്തോബലകൃന്മലശോധനഃ'

(സഹസ്രയോഗം)

മുന്തിരിങ്ങാപ്പഴം പലം അമ്പത്, മുപ്പത്തിരണ്ടിടങ്ങഴി വെള്ളത്തില്‍ കഷായം വച്ച് എട്ടിടങ്ങഴി ആക്കി പിഴിഞ്ഞരിച്ച് തണുത്തശേഷം രണ്ടുതുലാം ശര്‍ക്കര ചേര്‍ത്തു കലക്കണം. ഇലവര്‍ങ്ങത്തൊലി, ഏലത്തരി, പച്ചില, നാഗപ്പൂവ്, ഞാവല്‍പ്പൂവ്, കുരുമുളക്, ചെറുതിപ്പലി, വിളയുപ്പ് എന്നിവ ഒരു പലം വീതം പൊടിച്ചു ചേര്‍ത്ത് നെയ്യ് ചേര്‍ത്ത് മയക്കിയ കുടത്തിലാക്കി അടച്ചുകെട്ടി വച്ചിരുന്ന് ഒരു മാസം കഴിഞ്ഞ് അരിച്ച് തെളിച്ചെടുക്കുക. ഉരക്ഷതം, ക്ഷയം, ചുമ, ശ്വാസവൈഷമ്യം, കണ്ഠരോഗം എന്നിവയ്ക്ക് പ്രയോജനകരമാണ്. ശക്തി വര്‍ധിപ്പിക്കുകയും മലശോധനയെ ഉണ്ടാക്കുകയും ചെയ്യും.

ദ്രാക്ഷാഘൃതം.

'പുരാണസര്‍പ്പിഷഃ പ്രാസ്ഥോദ്രാക്ഷാര്‍ദ്ധ പ്രസ്ഥസാധിതം

കാമിലാഗുന്മ പാണ്ഡ്വര്‍ത്തി ജ്വരമേഹോദരാപഹഃ'

(സഹസ്രയോഗം)

എട്ടു പലം മുന്തിരിങ്ങാപ്പഴം അരച്ച് കല്ക്കമാക്കി ചേര്‍ത്ത് ഒരിടങ്ങഴി പഴയ നെയ്യ് ചേര്‍ത്ത് കാച്ചി അരിച്ചെടുക്കുക. കാമല, ഗുന്മം, പാണ്ഡ്, ജ്വരം, പ്രമേഹം, ഉദരം എന്നീ രോഗശമനാര്‍ഥം ദ്രാക്ഷാഘൃതം ഉപയോഗിക്കാറുണ്ട്.

(ഡോ. കെ. ശങ്കരന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍