This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രവ്യഗുണവിജ്ഞാനം, ആയുര്‍വേദത്തില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്രവ്യഗുണവിജ്ഞാനം, ആയുര്‍വേദത്തില്‍

ദ്രവ്യത്തിന്റെ ഗുണം, ഉപയോഗം, മാത്ര, ഔഷധകല്പനകള്‍, ലക്ഷണം എന്നിവയെപ്പറ്റി സവിസ്തരം വിവരിക്കുന്ന ആയുര്‍വേദ വിഭാഗം. ആയുര്‍വേദ ചികിത്സാശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകമാണ് ദ്രവ്യം. ദ്രവ്യത്തിന്റെ രസം, ഗുണം, വീര്യം, വിപാകം, പ്രഭാവം, ദോഷങ്ങളെ ശമിപ്പിക്കാനുള്ള ശക്തി എന്നിവ മനസ്സിലാക്കി അവയെ ഔഷധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഒരു നല്ല ദ്രവ്യത്തിന് പ്രധാനമായും നാല് അടിസ്ഥാന ഗുണങ്ങള്‍ ഉണ്ടായിരിക്കും. ബഹുകല്പം, ബഹുഗുണം, സമ്പന്നം, യോഗ്യം എന്നിവയാണ് ഇവ. ബഹുകല്പം' എന്നതിന് ഒരു ദ്രവ്യം തന്നെ ആസവം, അരിഷ്ടം, ചൂര്‍ണം, ഗുളിക, ഘൃതം, ലേഹ്യം എന്നിങ്ങനെ പല രൂപത്തില്‍ സംസ്കരിച്ച് ഉപയോഗിക്കാന്‍ കഴിയുന്നത് എന്നാണ് അര്‍ഥം. 'ബഹുഗുണം' എന്നതുകൊണ്ട് ഒരു ദ്രവ്യംതന്നെ പല രോഗങ്ങളെ ശമിപ്പിക്കാന്‍ കഴിവുള്ളത് എന്ന് സാരം, 'സമ്പന്നം' എന്നതിന് എപ്പോഴും എല്ലായിടത്തും സുലഭമായി ലഭ്യമാകുന്നത് എന്നും 'യോഗ്യം' എന്നതിന് നല്ല ഫലഭൂയിഷ്ഠമായ സ്ഥലത്ത് അന്തരീക്ഷ മലിനീകരണമോ മറ്റ് രാസപ്രദൂഷണമോ ഇല്ലാതെ വളരുന്നതെന്നും ആണ് അര്‍ഥം. ഒരു ഭിഷഗ്വരനെ മഹാനായ ഭിഷഗ്വരനാക്കുന്നതില്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ദ്രവ്യങ്ങളെ സംബന്ധിക്കുന്ന അറിവിന് വളരെ പ്രധാനമായ പങ്കാണുള്ളത്. അതുകൊണ്ടുതന്നെയാണ് ആയുര്‍വേദത്തിലെ ചരകം, സുശ്രുതം, അഷ്ടാംഗഹൃദയം തുടങ്ങിയ ഗ്രന്ഥങ്ങളിലും അതിനുശേഷം ഉണ്ടായിട്ടുള്ള ഭാവപ്രകാശം, ശാര്‍ങ്ഗധരസംഹിത, രാജനിഘണ്ടു, ധന്വന്തരി നിഘണ്ടു എന്നിവയിലുമെല്ലാം ദ്രവ്യങ്ങളുടെ ഔഷധഗുണങ്ങളെ ശാസ്ത്രീയമായി സവിസ്തരം പ്രതിപാദിച്ചിട്ടുള്ളത്.

ഔഷധങ്ങളുടെ ഗുണങ്ങളെ ആധാരമാക്കി ചരകന്‍ ദ്രവ്യങ്ങളെ 50 ഗണങ്ങളാക്കി വേര്‍തിരിച്ചിട്ടുണ്ട്. ചരകസംഹിതയിലെ ജീവനീയഗണം, ബൃംഹണീയഗണം, ലംഘനീയഗണം, വയസ്ഥാവനീയഗണം, വിരേചനീയഗണം, വിരേചനോപഗണം, ജ്വരഹരഗണം, ദാഹപ്രശമനഗണം, കുഷ്ഠഘനം, അംഗമര്‍ദപ്രശമനം, ശൂലപ്രശമനം, കാസഹരഗണം, ശ്വാസഹരഗണം തുടങ്ങിയ ഔഷധഗുണത്തെ ആസ്പദമാക്കിയുള്ള വര്‍ഗീകരണം (Pharmacological classification of drugs) ആധുനിക ഫാര്‍മാക്കോളജിക്കുപോലും അദ്ഭുതം ഉളവാക്കുന്ന വസ്തുതയാണ്.

ദ്രവ്യഗുണത്തെ മാത്രം അധികരിച്ച് പില്ക്കാലത്ത് അനേകം ഔഷധനിഘണ്ടുക്കള്‍ രൂപംകൊണ്ടിട്ടുണ്ട്. ഇവയില്‍ ഭാവപ്രകാശന്‍ എഴുതിയ ഭാവപ്രകാശം, ചക്രപാണയുടെ ദ്രവ്യഗുണസംഗ്രഹം, ചന്ദ്രനന്ദന്റെ രാജനിഘണ്ടു, ഭോജരാജാവിന്റെ ഭോജരാജനിഘണ്ടു, കയ്യദേവന്റെ കയ്യദേവനിഘണ്ടു, ബാപലാല്‍ വൈദ്യന്റെ നിഘണ്ടു ആദര്‍ശ് , പ്രിയവദശര്‍മയുടെ ദ്രവ്യഗുണ വിജ്ഞാനം, തയ്യില്‍ കുമാരന്‍ കൃഷ്ണന്‍ വൈദ്യന്റെ മഹൗഷധി നിഘണ്ടു തുടങ്ങിയവ ഏറെ ശ്രദ്ധേയങ്ങളാണ്.

(ഡോ. നേശമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍