This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോഹാബന്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദോഹാബന്ധ

അപഭ്രംശ സാഹിത്യത്തിലെ ഒരു കാവ്യശാഖ. ദോഹ അഥവാ ദൂഹ എന്ന ഛന്ദസ്സില്‍ രചിതമായിട്ടുള്ള കാവ്യശാഖയാണിത്. അപഭ്രംശകാവ്യശാഖയിലെ കൂടുതല്‍ കൃതികളും ഈ ഛന്ദസ്സിലായതിനാല്‍ ദോഹാബന്ധ എന്ന പേര് അപഭ്രംശകാവ്യത്തെ പ്രതിനിധാനം ചെയ്യാറുണ്ട്. ഇതേസ്ഥാനത്ത് പ്രാകൃതകാവ്യങ്ങള്‍ കൂടുതലും ഗാഥാവൃത്തത്തിലായതിനാല്‍ ഗാഥാബന്ധ എന്ന പേര് പ്രാകൃത കാവ്യത്തെയും പ്രതിനിധാനം ചെയ്യുന്നു.

ഉത്തേരന്ത്യന്‍ കാവ്യശാഖയിലെ പ്രധാന ഛന്ദസ്സായ ദോഹ ആദ്യം പ്രയുക്തമായത് അപഭ്രംശ കാവ്യങ്ങളിലാണ്. സൂര്‍ദാസ്, തുളസീദാസ്, കബീര്‍ദാസ്, ജായസി, ബിഹാരി തുടങ്ങിയവരുടെ ദോഹകളിലൂടെ ഈ ഛന്ദസ്സും കാവ്യശാഖയും പ്രസിദ്ധമായി. അപഭ്രംശ സാഹിത്യത്തിലെന്നപോലെ ഹിന്ദിയിലും പല ഉത്തരേന്ത്യന്‍ ഭാഷകളിലും ദോഹ ഒരു പ്രത്യേക കാവ്യശാഖയാണ്. ഒന്നും മൂന്നും പാദങ്ങളില്‍ 13 മാത്രകളും രണ്ടും നാലും പാദങ്ങളില്‍ 11 മാത്രകളുമാണ് ദോഹാഛന്ദസ്സിനുള്ളത.് രണ്ടും നാലും പാദങ്ങള്‍ക്ക് അന്ത്യപ്രാസവുമുണ്ടായിരിക്കും.

അപഭ്രംശകാവ്യശാഖയിലെ ദോഹാബന്ധയില്‍ വ്യത്യസ്ത തരത്തില്‍പ്പെടുന്ന വിഷയങ്ങള്‍ പ്രതിപാദിക്കുന്ന കൃതികള്‍ ഉള്‍പ്പെടുന്നു. ജൈനധര്‍മ പ്രതിപാദകമായ മുക്തകങ്ങളാണ് ഒരു വിഭാഗം. ഹേമചന്ദ്രന്റെ കൃതികളില്‍ ഇത്തരത്തിലുള്ള മുക്തകങ്ങള്‍ സുലഭമാണ്. ആധ്യാത്മികതത്ത്വപരവും ലൌകികധര്‍മപരവുമായ വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. ബൌദ്ധ ധര്‍മാചാര്യന്മാരുടെ ഈ കാലഘട്ടത്തിലെ കൃതികളിലും ദോഹാഛന്ദസ്സിലുള്ള രചനകള്‍ സുലഭമാണ്. ധര്‍മപ്രതിപാദനം, ദാര്‍ശനിക ചിന്തകളുടെ അവതരണം എന്നിവയോടൊപ്പം മന്ത്ര-തന്ത്രാദികര്‍മ കാണ്ഡത്തിന്റെ ഖണ്ഡനവും അപഭ്രംശഭാഷയിലെ ദോഹകളില്‍ കാണാം.

ശൃംഗാരരസപ്രതിപാദകങ്ങളും വീരരസപ്രതിപാദകങ്ങളും നീതിവിഷയകവുമായ ദോഹകളും ദോഹാബന്ധയിലുള്‍പ്പെടുന്നു. ഹേമചന്ദ്രന്റെ പ്രാകൃതവ്യാകരണം, മേരുതുംഗാചാര്യന്റെ പ്രബന്ധചിന്താമണി തുടങ്ങിയ കൃതികളില്‍ ശൃംഗാരരസപരമായ ദോഹകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സ്വാധീനം രീതികാല കവികളുടെ കൃതികളില്‍ പ്രകടമാണ്. നായികമാര്‍ തങ്ങളുടെ പതികളുടെ വീരേതിഹാസ കഥകള്‍ അവതരിപ്പിക്കുന്ന രീതിയിലുള്ള പ്രതിപാദ്യം അപഭ്രംശ സാഹിത്യത്തിലെ ദോഹകളിലാണ് ആദ്യം കാണുന്നത്. രാജസ്ഥാനിയിലെയും പഞ്ചാബിയിലെയും സാഹിത്യത്തില്‍ ഇതിന്റെ സ്വാധീനം തുടര്‍ന്നുവന്നു.

നീതിവിഷയകമായ ദോഹകളാണ് ദോഹാബന്ധയിലെ മറ്റൊരു പ്രധാന വിഭാഗം. ഹേമചന്ദ്രന്റെ കൃതികളില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന കാവ്യാത്മകമായ ദോഹകള്‍ ശ്രദ്ധേയമാണ്. റഹിം, തുളസീദാസ്, ബിഹാരി തുടങ്ങിയ പില്ക്കാല കവികളുടെ ദോഹകള്‍ ദോഹാബന്ധയിലെ നീതിവിഷയകമായ ദോഹകളുടെ മാതൃക സ്വീകരിച്ച് രചിച്ചവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍