This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൈവദശകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൈവദശകം

ശ്രീനാരായണ ഗുരുവിന്റെ സര്‍വേശ്വരസ്തുതി രൂപത്തിലുള്ള സ്തോത്ര കൃതി. ദേശകാലങ്ങള്‍ക്കതീതമായി നാനാജനങ്ങള്‍ക്കും ഒത്തൊരുമിച്ചു പ്രാര്‍ഥിക്കാനാവുംവിധം ചിട്ടപ്പെടുത്തിയിട്ടുള്ള പത്ത് ശ്ളോകങ്ങളാണ് ഉള്ളടക്കം.

'ദൈവദശകം മനുഷ്യരുടെ ആത്മാവിന്റെ അടിത്തട്ടുവരെ ആഴ്ന്നിറങ്ങാന്‍പോന്ന സാര്‍വലൌകിക പ്രാര്‍ഥനയാണ്' എന്നും 'ഇതുപോലൊരെണ്ണം ലോകസാഹിത്യത്തില്‍ത്തന്നെ അത്യപൂര്‍വമാണ്' എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

'ദൈവമേ കാത്തുകൊള്‍കങ്ങു

കൈവിടാതിങ്ങു ഞങ്ങളെ,

നാവികന്‍ നീ ഭവാബ്ധിക്കൊ-

രാവിവന്‍തോണി നിന്‍പദം'

എന്നു തുടങ്ങുന്ന ഭക്തിനിര്‍ഭരമായ വരികള്‍ ഗുരുദേവന്റെ മനോഹരമായ കല്പനകളില്‍ക്കൂടി ആഴമേറുന്ന ഈശ്വരമനസ്സിലേക്ക് ഉയരുകയാണ്.

'നീ സത്യംജ്ഞാനമാനന്ദം

നീ തന്നെ വര്‍ത്തമാനവും

ഭൂതവും ഭാവിയും വേറ-

ല്ലോതും മൊഴിയുമോര്‍ക്കില്‍നീ'

എന്ന വരികളിലൂടെ വിശ്വമാനവനെ ദര്‍ശിക്കുന്ന കവി, അദ്ദേഹത്തിന്റെ ഓരോ വരിയുടെ രചനയിലും സമഗ്രഭാവം ഉള്‍ക്കൊള്ളുകയും ആ സമഗ്രത സര്‍വത്തിലും ദര്‍ശിക്കുകയും അനുവാചകരുടെ അന്തരംഗങ്ങളില്‍ അലൌകികമായ അനുഭൂതിവിശേഷം പകരുകയും ചെയ്യുന്നു. സാധാരണബുദ്ധിക്കും യുക്തിക്കും അനഭിഗമ്യമായ നിത്യസത്യങ്ങളെ സരളവും ലളിതവുമായി അനുഭവവേദ്യമാക്കുകയാണ് ഈ വരികള്‍. ആലോചനാമൃതവും ആപാദമധുരവുമായ ഈ സ്തോത്രകാവ്യം അവസാനിക്കുന്നത് സര്‍വര്‍ക്കും സൗഖ്യം നല്കണമെന്ന

'ആഴമേറും നിന്‍ മനസ്സാ-

മാഴിയില്‍ ഞങ്ങളാകവേ,

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം'

എന്ന വരികളോടെയാണ്. ഗുരുദേവന്റെ ആശയസമ്പുഷ്ടവും അതീവ ഹൃദ്യവുമായ ഈ വരികള്‍ വിശ്വമതമൈത്രിയുടെ അനശ്വരപ്രതീകമായി പരിലസിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%88%E0%B4%B5%E0%B4%A6%E0%B4%B6%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍