This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൈവദത്താവകാശ സിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൈവദത്താവകാശ സിദ്ധാന്തം

Theory of Divine Orgine

രാഷ്ട്രത്തിന്റെ ഉദ്ഭവത്തെ സംബന്ധിച്ചു വിവരിക്കുന്ന ഒരു ആദ്യകാല സിദ്ധാന്തം. ഈ സിദ്ധാന്തമനുസരിച്ച് രാഷ്ട്രത്തെ സൃഷ്ടിച്ചത് ദൈവമാണ്. ഇപ്രകാരം സൃഷ്ടിക്കപ്പെട്ട രാഷ്ട്രത്തെ ഒന്നുകില്‍ ദൈവം നേരിട്ടു ഭരിക്കുന്നു, അല്ലാത്തപക്ഷം തന്റെ പ്രതിപുരുഷനെന്നവിധം ഭരണം നടത്തുന്നതിനായി ഒരു രാജാവിനെ നിയോഗിക്കുന്നു. ഭരണാധികാരിയായ രാജാവിനെ നിയമിക്കുന്നത് ദൈവമായതുകൊണ്ട് രാജാവിനെ അനുസരിക്കേണ്ടത് ജനങ്ങളുടെ കടമയാണെന്നും ഈ സിദ്ധാന്തം പഠിപ്പിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ രാജാവിനെ എതിര്‍ക്കുന്നത് പാപമായാണ് കരുതപ്പെടുന്നത്. ദൈവത്തോടുമാത്രം ഉത്തരവാദിത്വമുള്ള രാജാവ് പ്രജകള്‍ക്കും നിയമങ്ങള്‍ക്കും അതീതനായ വ്യക്തിയാണെന്ന് ഈ സിദ്ധാന്തം അനുശാസിക്കുന്നു. രാജാവിന്റെ അധികാരം നിയന്ത്രിക്കുന്നതിന് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അവകാശമില്ല. ഇപ്രകാരം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രങ്ങളെല്ലാം മതരാഷ്ട്രങ്ങള്‍ (Theocratic states) ആയിരുന്നു.

രാഷ്ട്രം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട സ്ഥാപനം ആണെന്ന വിശ്വാസം അതിപുരാതനകാലം മുതല്‍ നിലനിന്നിരുന്നു. കേരളത്തെ സൃഷ്ടിച്ചത് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ ആണെന്ന വിശ്വാസം കേരളീയര്‍ പുലര്‍ത്തുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന പുരോഹിതന്മാരോ മാന്ത്രികരോ ആയിരുന്നു ആദ്യകാല ഭരണാധികാരികള്‍. റോം ഉള്‍ പ്പെടെയുള്ള പല പുരാതന രാഷ്ട്രങ്ങളിലും ചക്രവര്‍ത്തിമാരെ ദൈവമായി ജനങ്ങള്‍ ആരാധിച്ചിരുന്നു. രാഷ്ട്രത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന വാദത്തിന് ഉപോദ്ബലകമായ പഠനങ്ങള്‍ പല മതങ്ങളുടെയും തത്ത്വസംഹിതകളില്‍ കടന്നുകൂടിയിരുന്നു. രാഷ്ട്രത്തിന്റെ ഉദ്ഭവത്തിനു മുമ്പുണ്ടായിരുന്ന ദശയില്‍ നിയമരാഹിത്യവും അരാജകത്വവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍, തങ്ങളുടെയിടയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ഒരു ഭരണാധികാരിയെ നല്കണമെന്ന അപേക്ഷയുമായി ദൈവത്തെ സമീപിച്ച കഥ മഹാഭാരതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതനകാലത്തെ യഹൂദരും ദൈവദത്താവകാശ സിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നു. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തോടുകൂടി യഹൂദനാട്ടില്‍ ഈ സിദ്ധാന്തത്തിന് അല്പം വ്യതിയാനം വന്നു. 'ദൈവത്തിനുള്ളത് ദൈവത്തിനും, സീസര്‍ക്കുള്ളത് സീസറിനും' എന്ന ക്രിസ്തുവിന്റെ പ്രസ്താവന ദൈവീകാധികാരമെന്നും രാഷ്ട്രീയാധികാരമെന്നും പറയുന്നത് ഒന്നല്ലെന്നു ചിന്തിക്കുവാന്‍ പര്യാപ്തമായി. ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തെത്തുടര്‍ന്ന് ഉടലെടുത്ത ഇസ്ലാമിക രാഷ്ട്രങ്ങളും ദൈവദത്താവകാശ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായിരുന്നു. 1959 വരെയും തിബത്തിലെ ജനങ്ങള്‍ അവരുടെ ഭരണാധികാരിയായ ദലൈലാമയെ ദൈവത്തിന്റെ അവതാരമെന്നവണ്ണം പൂജിച്ചിരുന്നു.

ജെയിംസ് ഒന്നാമന്‍

ദൈവദത്താവകാശ സിദ്ധാന്തത്തിന്റെ ഒരു പരിണതഫലം എന്ന വണ്ണം ഉടലെടുത്ത ആശയമായിരുന്നു രാജാക്കന്മാരുടെ ദൈവാധികാരം. മാര്‍പാപ്പയെയും കത്തോലിക്കാ സഭയെയും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍കഴിഞ്ഞ ചില രാജാക്കന്മാരാണ് ഈ ആശയത്തിനു രൂപംനല്കിയത്. തങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് ഈ രാജാക്കന്മാര്‍ സ്വയം അവകാശപ്പെട്ടു. ഇംഗ്ളണ്ടിലെ രാജാവായിരുന്ന ജെയിംസ് ഒന്നാമന്‍ ആണ് ഈ ചിന്താഗതി ആദ്യം പ്രചരിപ്പിച്ചത്. ദ് ലോ ഒഫ് പ്രീ മൊണാര്‍ക്കീസ് എന്ന ഗ്രന്ഥത്തിലൂടെ ജെയിംസ് ഒന്നാമന്‍ രാജാവ് അവകാശപ്പെട്ടത് തന്റെ അധികാരങ്ങളെല്ലാം ദൈവത്തില്‍നിന്നു ലഭിച്ചതാണെന്നായിരുന്നു. ഇക്കാരണത്താല്‍ രാജാവ് പ്രജകള്‍ക്കും നിയമത്തിനും അതീതനായിത്തീര്‍ന്നു. ജനങ്ങളോട് രാജാവിന് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല. 'ഭൂമിയിലെ ദൈവത്തിന്റെ ജീവനുള്ള പ്രതിമകള്‍' (breathing images of God on earth)ആണ് രാജാവ് എന്ന് ജെയിംസ് ഒന്നാമന്‍ അവകാശപ്പെട്ടു. ജനങ്ങള്‍ക്ക് രാജാവിനെ ചോദ്യംചെയ്യുവാന്‍ അവകാശമില്ല. രാജാവ് ദുഷ്ടനായാല്‍പ്പോലും ജനങ്ങള്‍ അതു സഹിച്ചേ തീരൂ. തങ്ങള്‍ ചെയ്തിട്ടുള്ള ദുഷ്പ്രവൃത്തികള്‍ക്ക് ദൈവം നല്കിയിട്ടുള്ള ശിക്ഷയായിട്ടാണ് ദുഷ്ടനായ ഒരു രാജാവിനെ ജനങ്ങള്‍ വീക്ഷിക്കേണ്ടത്. ജെയിംസ് ഒന്നാമന്‍ രാജാവിന്റെ ചിന്താഗതികളെ ബ്രിട്ടിഷ് രാഷ്ട്രതന്ത്രജ്ഞനായ റോബര്‍ട്ട് ഫില്‍മെന്‍ പിന്താങ്ങിയിരുന്നു. പില്ക്കാലത്ത് ഫ്രാന്‍സില്‍ ലൂയി പതിനാലാമന്‍ രാജാവിന്റെ സ്വേച്ഛാധിപത്യത്തെ സാധൂകരിക്കുന്നതിനുവേണ്ടി ബുസ്സേ (Bousset) എന്ന ചിന്തകന്‍ ദൈവദത്താവകാശ സിദ്ധാന്തത്തിന്റെ വക്താവായി പ്രത്യക്ഷപ്പെട്ടു. 18-ാം ശ. വരെയും യൂറോപ്യന്‍ ജനതയുടെ ചിന്താഗതികളെ സാരമാംവിധം രാജാക്കന്മാര്‍ക്കനുകൂലമായി സ്വാധീനിക്കുന്നതിന് ദൈവദത്താവകാശ സിദ്ധാന്തത്തിനു കഴിഞ്ഞിരുന്നു. ജനാധിപത്യ സിദ്ധാന്തങ്ങളുടെ പ്രചാരത്തോടുകൂടി മാത്രമാണ് ദൈവദത്താവകാശ സിദ്ധാന്തം അപ്രത്യക്ഷമായത്.

ആധുനികകാലത്ത് ദൈവദത്താവകാശ സിദ്ധാന്തത്തിന് വലിയ പ്രസക്തിയില്ലെങ്കിലും മനുഷ്യ സംസ്കാരത്തിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഈ സിദ്ധാന്തം ഏറെ സഹായകരമായിരുന്നിട്ടുണ്ട്. ജനങ്ങളുടെയിടയില്‍ അധികാരികളോടുള്ള വിധേയത്വവും നിയമങ്ങളോടുള്ള ബഹുമാനവും നിലനിര്‍ത്തുന്നതിന് ദൈവദത്താവകാശ സിദ്ധാന്തം സഹായിച്ചു. രാഷ്ട്രം ദൈവത്താല്‍ സ്ഥാപിക്കപ്പെട്ടതായതുകൊണ്ട് അതിന്റെ പരിശുദ്ധിയും മഹത്ത്വവും നിലനിര്‍ത്തുവാന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു. ജനങ്ങളെ പീഡിപ്പിക്കുന്നതിനല്ല, അവരെ സംരക്ഷിക്കുന്നതിനും അവര്‍ക്കുവേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വേണ്ടിയാണ് ദൈവം രാജാവിനെ നിയമിച്ചതെന്ന ബോധം ഭരണാധികാരികളുടെ മനസ്സിലുണ്ടാകുന്നതിന് ദൈവദത്താവകാശ സിദ്ധാന്തം സഹായിച്ചു.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍